*വേൾഡ് കപ്പ് ആവേശം മലപ്പുറത്ത്; 3000 ബാലസഭ കുട്ടികൾക്ക് ജഴ്സിയും ഫുട്ബോളും വിതരണം*
മലപ്പുറം : ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തെ വരവേൽക്കാൻ വ്യത്യസ്ത പരിപാടിയുമായി മലപ്പുറം നഗരസഭ. നഗരസഭയിലെ ബാലസഭ അംഗങ്ങളായ 3000 കുട്ടികൾക്ക് ജഴ്സിയും വിവിധ ബാലസഭ ക്ലബ്ബുകൾക്ക് ഫുട്ബോളുകളും വിതരണം ചെയ്ത് സംഘടിപ്പിച്ച ‘മിനി ബ്ലാസ്റ്റേഴ്സ് മലപ്പുറം മുനിസിപ്പാലിറ്റി’ പരിപാടി ശ്രദ്ധേയമായി.
കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി നിർവഹിച്ചു. ഫുട്ബോൾ ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ പിങ്ക് ജഴ്സി അണിഞ്ഞെത്തിയ ബാലസഭ കുരുന്നുകളെ കൊണ്ട് ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വലിയ പങ്കാളിത്തം പരിപാടിക്ക് ഉത്സവച്ചായ പകർന്നു.
കായിക സംസ്കാരവും ആരോഗ്യകരമായ ജീവിതശൈലിയും കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് ഇത്തരം പദ്ധതികൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഫുട്ബോളിനോടുള്ള കുട്ടികളുടെ താൽപര്യം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മയും കായിക മനോഭാവവും വളർത്തുന്നതിനുമുള്ള നഗരസഭയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ വി അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് ചെയർപേഴ്സൺ വിമല വിജയ് ഭാസ്കർ മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൽ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ എന്നിവർ സംസാരിച്ചു.
സിഡിഎസ് ചെയർപേഴ്സൺമാരായ ജുമൈല തണ്ടുതുലാൻ, ഫാത്തിമ, കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ ഹർകേശ്വർ പ്രസാദ്, വാർഡ് കൗൺസിലർമാർ, എ.ഡി.എസ് അംഗങ്ങൾ, രക്ഷിതാക്കൾ, ബാലസഭ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ആവേശം കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും എത്തിക്കുന്നതിനൊപ്പം കായിക മേഖലയോട് കൂടുതൽ താൽപര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ‘മിനി ബ്ലാസ്റ്റേഴ്സ് മലപ്പുറം മുനിസിപ്പാലിറ്റി’ പദ്ധതി നഗരസഭ നടപ്പാക്കുന്നതെന്ന് മലപ്പുറം നഗരസഭ അറിയിച്ചു.


No comments