Breaking News

*പാസ്‌പോര്‍ട്ട് പൗരത്വത്തിന്തെളിവല്ലെങ്കില്‍ പിന്നെന്താണ്..?*

ഇന്ത്യൻ പാസ്‌പോർട്ട് കേവലം യാത്രാ രേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവായി കണക്കാക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാസ്‌പോർട്ട് സേവാ ദിവസില്‍ നടത്തിയ ഈ പ്രസ്താവന വ്യാപകമായ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. ഭൂരിഭാഗം ഇന്ത്യക്കാരെ സംബന്ധിച്ചും, പാസ്‌പോർട്ട് എന്നത് ഭരണകൂടം നല്‍കുന്ന ഏറ്റവും ആധികാരികമായ രേഖയും റിപ്പബ്ലിക്കിന്റെ പേര് വഹിക്കുന്ന ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും, സർക്കാർ അധികാരികളുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം അനുവദിക്കുന്നതുമായ രേഖയുമാണ്. എന്നാല്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ദീർഘകാലമായി നിലവില്‍ക്കുന്ന നിയമപരമായ നിലപാടനെയാണ് പ്രതിഫലിപ്പിക്കുന്നത്. ഒരു വ്യക്തി ഇന്ത്യൻ പൗരനാണെന്ന് സർക്കാരിന് ബോധ്യപ്പെടുന്നതിനാലാണ് പാസ്‌പോർട്ട് അനുവദിക്കുന്നത്, എന്നാല്‍ പാസ്‌പോർട്ട് സ്വയം പൗരത്വം സൃഷ്ടിക്കുന്നില്ല, കൂടാതെ പൗരത്വ പദവി നിയമപരമായി ചോദ്യം ചെയ്യപ്പെട്ടാല്‍ അത് അന്തിമമായ തെളിവുമാകില്ല. അതേസമയം, സംഭവം പതിറ്റാണ്ടുകളായി ഇന്ത്യ അഭിമുഖീകരിക്കുന്ന ഒരു ചോദ്യത്തെയാണ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. 

*പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെങ്കില്‍ പിന്നെന്ത്..?*

പാസ്‌പോർട്ട് പൗരത്വത്തിന്റെ തെളിവല്ലെങ്കില്‍ പിന്നെ എന്താണ്..? ഇതിനുള്ള ഉത്തരം ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഘടനയിലാണ് ഉള്ളത്. ഭരണഘടനയുടെ 5 മുതല്‍ 11 വരെയുള്ള അനുച്ഛേദങ്ങളും, 1955-ലെ പൗരത്വ നിയമവുമാണ് ആരാണ് ഇന്ത്യൻ പൗരൻ എന്ന് നിർവ്വചിക്കുന്നത്. ശ്രദ്ധേയമായ കാര്യം, ഇവയൊന്നും തന്നെ പൗരത്വത്തിന്റെ തെളിവായി ഒരു രേഖയെയും ചൂണ്ടിക്കാണിക്കുന്നില്ല. പകരമായി ജനനം, പാരമ്പര്യം, രക്ഷാകർതൃത്വം, താമസം അല്ലെങ്കില്‍ സ്വാഭാവിക പൗരത്വം തുടങ്ങിയ വസ്തുതകളില്‍ നിന്നുള്ള നിയമപരമായ പദവിയായാണ് പൗരത്വത്തെ കണക്കാക്കുന്നത്. രേഖകള്‍ ഈ വസ്തുതകളുടെ തെളിവുകളായാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയില്‍ ജനിച്ച ഒരാളെ സംബന്ധിച്ചിടത്തോളം, പൗരത്വം എന്നത് അവർ എപ്പോള്‍ ജനിച്ചു എന്നതിനെയും ചില സന്ദർഭങ്ങളില്‍ അവരുടെ മാതാപിതാക്കളുടെ പൗരത്വ പദവിയെയും ആശ്രയിച്ചിരിക്കുന്നു. സ്വാഭാവിക പൗരത്വം ലഭിച്ച ഒരാളെ സംബന്ധിച്ചിടത്തോളം, അത് നിയമപരമായ നിബന്ധനകള്‍ പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഈ വ്യത്യാസം 2020 ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയം പാർലമെന്റില്‍ നല്‍കിയ, ഒരു മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. ആധാർ, പാസ്‌പോർട്ട്, വോട്ടർ ഐഡി, പാൻ കാർഡ് അല്ലെങ്കില്‍ ജനന സർട്ടിഫിക്കറ്റ് എന്നിവ പൗരത്വത്തിന്റെ സാധുവായ തെളിവുകളാണോ എന്ന് ചോദ്യത്തിനായിരുന്നു സർക്കാരിന്റെ മറുപടി. ഇന്ത്യൻ പൗരത്വം നേടുന്നത് 1955-ലെ പൗരത്വ നിയമവും അതിനു കീഴിലുള്ള ചട്ടങ്ങളും അനുസരിച്ചാണ്. ജനനം, പാരമ്പര്യം, രജിസ്ട്രേഷൻ, സ്വാഭാവിക പൗരത്വം അല്ലെങ്കില്‍ ഒരു പ്രദേശം കൂട്ടിച്ചേർക്കല്‍ എന്നിവയിലൂടെ ഇന്ത്യൻ പൗരത്വം നേടാം. പൗരത്വം നേടുന്നതിനും നിർണ്ണയിക്കുന്നതിനുമുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ 1955-ലെ പൗരത്വ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ശ്രദ്ധേയമായി, ഈ രേഖകളൊന്നും തന്നെ പൗരത്വ രേഖകളായി സർക്കാർ ചൂണ്ടിക്കാണിച്ചില്ല. എന്നിരുന്നാലും, 2003-ലെ പൗരത്വ ചട്ടങ്ങള്‍ പ്രകാരം, ചില വ്യവസ്ഥകള്‍ക്ക് കീഴില്‍ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർ തങ്ങളുടെ മാതാപിതാക്കള്‍ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കാൻ അവരുടെ പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കേണ്ടതുണ്ട്.  പാസ്‌പോർട്ട് ഇന്ത്യൻ പൗരന്മാർക്ക് മാത്രം നല്‍കുന്നതും വിദേശത്ത് അംഗീകരിക്കപ്പെടുന്നതുമായ ഒന്നായതിനാല്‍, പ്രായോഗിക തലത്തില്‍, ഒരാള്‍ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന ഏറ്റവും ശക്തമായ തെളിവുകളില്‍ ഒന്നാണിത്. എന്നാല്‍, നിയമപരമായി നോക്കുമ്പോള്‍, പാസ്‌പോർട്ട് നിയമം തന്നെ അതിന്റെ പൗരത്വ രേഖയെന്ന പദവിയെ സങ്കീർണ്ണമാക്കുന്നുണ്ട്. ഈ നിയമത്തിലെ സെക്ഷൻ 20 പ്രകാരം, പൊതുതാത്പര്യം മുൻനിർത്തി ആവശ്യമെന്ന് തോന്നിയാല്‍ ഇന്ത്യൻ പൗരനല്ലാത്ത ഒരു വ്യക്തിക്കും പാസ്‌പോർട്ടോ യാത്രാ രേഖയോ നല്‍കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. പ്രത്യേക സാഹചര്യങ്ങളില്‍ പാസ്‌പോർട്ട് നല്‍കാൻ ഈ വ്യവസ്ഥ ഉപയോഗിക്കാറുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. "പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യൻ വംശജനായ ഒരാള്‍ പൗരത്വമില്ലാത്തവനായി മാറുകയോ അല്ലെങ്കില്‍ ഒരാള്‍ ഇന്ത്യയിലുണ്ടാവുകയും എന്നാല്‍ പൗരത്വമില്ലാത്ത അവസ്ഥയിലാവുകയും ചെയ്താല്‍ അവർക്ക് വിദേശത്തേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഇത് ഉപയോഗിക്കുന്നു, എന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments