*ക്ഷേത്രത്തില്‍ കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു; പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി പിടിയില്‍*
ഭണ്ഡാരം കുത്തിതുറന്ന് പണം മോഷ്ടിച്ച പ്രതി ബി.ജെ.പി സ്ഥാനാർത്ഥി പിടിയില്‍. നെന്മാറ പഞ്ചായത്തിലെ 17 ആം വാർഡ് ബി.ജെ.പി.സ്ഥാനാർത്ഥി ആയിരുന്ന പ്രഭാവതിയെ ആണ് പൊലീസ് പിടികൂടിയത്. കണിമംഗലം പുഴക്കല്‍ തറ മാരിയമ്മൻ ക്ഷേത്രത്തില്‍ മോഷണം നടത്തിയതിനാണ് ഇവരെ നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തത്.
കണിമംഗലം പുഴക്കല്‍ത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് ഭണ്ഡാരം തുറന്നനിലയില്‍ കണ്ടെത്തിയത്. തുടർന്ന്, നെന്മാറ പോലീസില്‍ പരാതി നല്‍കി.
നിരീക്ഷണക്യാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രഭാവതിയെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2020-ല്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നെന്മാറ ഗ്രാമപ്പഞ്ചായത്തിലേക്ക് 17-ാം വാർഡില്‍നിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി മുക്കുപണ്ടം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.


No comments