Breaking News

*മുംബൈയിലെ കനത്ത മഴ: പാൽഘറിൽ ഭിത്തി തകർന്നു വീണ് കോഴിക്കോട് സ്വദേശിനി റാബിയ (47) മരിച്ചു; മാൻഹോളിൽ വീണ് മറ്റൊരാളും ഒഴുക്കിൽപ്പെട്ടു*

മുംബൈ : മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വൻ അപകടങ്ങളിൽ കോഴിക്കോട് സ്വദേശിനിയായ മലയാളി വനിത ഉൾപ്പെടെ രണ്ടുപേർ മരിച്ചു. പാൽഘറിൽ വീടിന്റെ ഭിത്തി തകർന്നുവീണ് കോഴിക്കോട് ചങ്ങരോത്ത് കടിയങ്ങാട് തോട്ടത്തിൽ ഷബീർ സഈദിന്റെ ഭാര്യ റാബിയ (47) ആണ് മരിച്ച മലയാളി.

പാൽഘർ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള അഗ്രിപാഡ ചാളിലായിരുന്നു റാബിയയും കുടുംബവും താമസിച്ചിരുന്നത്. മഴയ്ക്കിടെ ഭിത്തിക്ക് അരികിൽ നിൽക്കുകയായിരുന്ന റാബിയയുടെ മേലേക്ക് ഭിത്തി തകർന്നു വീഴുകയായിരുന്നു. മക്കൾ: അൽഫിയ, ഇർഫാൻ. മൃതദേഹം ഇന്ന് പനയങ്ങാട് ജുമ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.

മുംബൈയിലെ പെരുമഴയ്ക്കിടെ തുറന്നു കിടന്ന ആൾനൂഴിയിൽ (മാൻഹോൾ) വീണ് അസ്‌ലം ഷെയ്ഖ് (55) എന്ന കാൽനടയാത്രക്കാരനും മരണപ്പെട്ടു. മൊബൈൽ ഫോണിൽ സംസാരിച്ചു നടന്നുപോകുന്നതിനിടെ ഇയാൾ കാൽ വഴുതി മാൻഹോളിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ഉടൻ തന്നെ ഗോവണി ഇറക്കി രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അസ്‌ലമിന്റെ ചെരിപ്പും കുടയും മാത്രമാണ് കണ്ടെത്താനായത്.

അപകടത്തിന് കാരണം മുംബൈ മുനിസിപ്പൽ കോർപറേഷന്റെ ഗുരുതരമായ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങൾക്കിടയിൽ നിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. മഴ ശക്തമായിട്ടും തുറന്നുകിടന്ന മാൻഹോളുകൾ മൂടാൻ അധികൃതർ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം.

എന്നാൽ, അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി മൂടി തുറന്നതായിരുന്നു എന്നാണ് കോർപറേഷൻ നൽകുന്ന വിശദീകരണം. സംഭവത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ കേസെടുത്തിട്ടുണ്ടെന്നും, ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡപ്യൂട്ടി മേയർ സഞ്ജയ് ശങ്കർ ഘാഡി അറിയിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments