*കവളപ്പാറ ദുരന്തം: കുടുംബത്തെ നഷ്ടപ്പെട്ട ഹമീദ് കോഴിക്കോട് ബീച്ചിലെ നൃത്തത്തിലൂടെ സങ്കടം തീർക്കുന്നു*
കോഴിക്കോട് : ഏഴ് വർഷം മുൻപുള്ള കവളപ്പാറയിലെ ആ ദുരന്ത രാത്രി. ഒഴുകിയെത്തിയ ഉരുൾ വെള്ളം അന്ന് മുല്ലശ്ശേരി ഹമീദിന്റെ ഭാര്യയും മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ട പത്തു പേരെയാണ് മണ്ണിനടിയിലാക്കിയത്. വീടെന്ന അടയാളം പോലും ബാക്കിയില്ലാതായി.
ദുരന്തം നടന്ന് ഏഴ് വർഷം പിന്നിടുമ്പോഴും ചിന്നിച്ചിതറി ഒന്നുമല്ലാതായിപ്പോയവരുടെ പട്ടികയിലാണ് ഇന്നും ഹമീദ്. ഇക്കാലമത്രയായിട്ടും പത്ത് രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇന്ന് കോഴിക്കോട് ബീച്ചിൽ ഡാൻസ് കളിച്ചും പലയിടങ്ങളിലായി വീട്ടുജോലിയും സെക്യൂരിറ്റി ജോലിയുമെടുത്തും ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആധാർ രേഖകൾ പോലും ഈ 86 കാരന്റെ കയ്യിലില്ല. പക്ഷെ പരിഭവമില്ലാതെ എല്ലാ ദിവസവും കോഴിക്കോട്ടെ ബീച്ചിലെത്തും. അവിടെയുള്ള പാട്ടുകാർക്കൊപ്പം നൃത്തം ചെയ്യും. തനിക്കിനി സർക്കാർ സംവിധാനങ്ങളുടെ പുറകെപ്പോവാനുള്ള ബാല്യമില്ലെന്ന് ചോദിക്കുന്നവരോടെല്ലാം പറയും.
സങ്കടങ്ങളെ മറികടക്കാനുള്ള മറുമരുന്നാണ് അബ്ദുൾ ഹമീദിന് നൃത്തച്ചുവടുകൾ. കഴിഞ്ഞ കുറച്ചുകാലമായി ബീച്ചിലെത്തുന്ന കലാസ്‌നേഹികൾക്ക് എന്നും സുപരിചിതമാണ് അബ്ദുൽ ഹമീദിനെ. കറുത്ത കൂളിംഗ് ഗ്ലാസും പാന്റും ഷൂവും ഇട്ട് സൗത്ത് ബീച്ചിലെ പാട്ട് കോർണറിൽ പ്രൊഫഷണൽ നൃത്തക്കാരനെ പോലെ പാട്ടിനൊപ്പം അബ്ദുൽ ഹമീദും ചുവടുവെക്കുമ്പോൾ കളമൊഴിഞ്ഞ ഏതോ നൃത്തക്കാരൻ ആണെന്നേ തോന്നൂ. പക്ഷേ കടലോളമുള്ള സങ്കടങ്ങളെയും നഷ്ടങ്ങളെയും ഒറ്റപ്പെടലിനെയും ഈ കുഞ്ഞ് സന്തോഷത്തിലൂടെ മറക്കാൻ ശ്രമിക്കുകയാണ് ഹമീദ്.
കോഴിക്കോട്ടുകാരാണ് എനിക്ക് പുതുജീവൻ നൽകിയത്. ബീച്ചിലെ കുട്ടികളാണ് എന്റെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ മറക്കാനുള്ള മറുമരുന്നാവുന്നത്. കോഴിക്കോട്ടുകാർ എനിക്ക് ഭക്ഷണവും മരുന്നും ജീവിതവും തന്നു. അവർക്ക് വേണ്ടിയാണ് ഞാൻ എന്നും ബീച്ചിലെത്തുന്നത്. വയസ്സ് 86 ആയി. എങ്കിലും ഒരിറ്റ് ശ്വാസമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇനിയുള്ള കാലവും ബീച്ചിലെത്തും. അവിടെ തുള്ളി തുള്ളി മരിക്കണം. അതു മാത്രമാണ് ഇനി എന്റെ ആഗ്രഹം-ഹമീദ് പറയുന്നു.
ചാലക്കുടിയിൽ നിന്നും വർഷങ്ങൾക്കു മുമ്പ് കവളപ്പാറയിൽ എത്തിയതായിരുന്നു ഇദ്ദേഹം. 2019-ൽ കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കുടുംബത്തിലെ പത്ത് പേരും കുഞ്ഞുവീടും പറമ്പും എല്ലാം നഷ്ടപ്പെട്ടു. അന്ന് ബോധം നഷ്ടപ്പെട്ട് എങ്ങോട്ടോ തെറിച്ചുപോയത് ഹമീദിന്റെ ശരീരം മാത്രമായിരുന്നില്ല. ജീവനും ജീവിതവുമായിരുന്നു. നഷ്ടപ്പെട്ട കുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങൾ പോലും പിന്നീട് ഹമീദിന് കാണാനായിട്ടില്ല.
ആരോ എടുത്ത് ഹമീദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ജീവൻ തിരിച്ചുകിട്ടി. ഇതിനുശേഷം പലയിടങ്ങളിൽ മനസ്സ് സുഖമില്ലാത്തവനെ പോലെ അലഞ്ഞ് തിരിഞ്ഞ് നടന്നു. കണ്ണൂരും കാസർകോടും തെരുവുകളിലൂടെ അലഞ്ഞു. അങ്ങനെയിരിക്കെയാണ് ആരോ ഒരാൾ ബസ്സിന് പണവും നൽകി കോഴിക്കോട്ടേക്ക് വണ്ടി കയറ്റിവിട്ടത്. പിന്നീട് കോഴിക്കോട്ടെ തെരുവോരങ്ങളിലായി അബ്ദുൽ ഹമീദിന്റെ ജീവിതം.
ഉരുൾപൊട്ടലിൽ പെട്ടവർക്കെല്ലാം ധനസഹായം പ്രഖ്യാപിച്ചപ്പോൾ അബ്ദുൽ ഹമീദിന് ഒന്നും കിട്ടിയില്ല. ചെറുപ്പത്തിലെ രക്ഷിതാക്കളെ നഷ്ടപ്പെട്ട ഹമീദിന് തണലായ കുടുംബവും നഷ്ടപ്പെട്ടതോടെ അക്ഷരാർഥത്തിൽ എല്ലാത്തിനും സാക്ഷിയാകാൻ മാത്രമായി തന്നെ ദൈവം ബാക്കിവെക്കുകയായിരുന്നുവെന്ന് ഹമീദ് പറയുന്നു.
താൻ ഒറ്റത്തടിയായതിനാൽ സഹായങ്ങൾക്കും വീടിനുമൊന്നും കയറി ഇറങ്ങാൻ സാധിച്ചില്ല, അതിനുള്ള ആരോഗ്യവും ഇല്ല. ഇനിയുള്ള കാലം എങ്ങനെയെങ്കിലും ജീവിക്കാം എന്ന് കരുതി കോഴിക്കോട്ടെ തെരുവിലേക്ക് ഇറങ്ങി. ഇതിനിടെ ബീച്ചിൽ ഇട്ടാപ്പൊട്ടി കച്ചവടം നടത്തി അപ്പോഴും കൂട്ടിനുണ്ടായിരുന്നത് ഏത് ഉറക്കത്തിലും തന്നെ വിട്ടു പിരിയാത്ത നൃത്ത ചുവടുകൾ ആയിരുന്നുവെന്നും ഹമീദ് പറയുന്നു.
ചെറുപ്പത്തിലേ സിനിമ കാണാൻ ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് ഡാൻസിനെ ഇഷ്ടപ്പെട്ടത്. ആരും പഠിപ്പിക്കാനുണ്ടായിരുന്നില്ല. പണ്ട് ജോലി തേടി മദ്രാസിലും ചെന്നൈയിലുമെല്ലാം സിനിമാക്കാർക്കൊപ്പം സഹായിയായി പോയിരുന്നു. പ്രഭുദേവയ്‌ക്കൊപ്പവും ഡേവിഡിനൊപ്പമെല്ലാം പുറകിൽ നിന്ന് ഡാൻസ് കളിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ആ ഓർമ മാത്രമാണ് ഇപ്പോഴും സന്തേഷം തരുന്നതെന്നും ഹമീദ് പറയുന്നു.
പ്രഭുദേവയും ഡേവിഡുമൊക്കെ തന്നെയാണ് ഏറെ ഇഷ്ടം. അങ്ങനെ നൃത്തവും അബ്ദുൽ ഹമീദും പിരിയാത്ത കൂട്ടുകാരായി. ഈ 88-ാം വയസ്സിലും ഏത് പാട്ടിനും പ്രൊഫഷണലുകളെ വെല്ലുന്ന ചുവടുകൾ അബ്ദുൽ ഹമീദ് എടുത്തിടും. കാണികൾ മതിമറന്ന് ആഘോഷിക്കും.
കോഴിക്കോട് ബീച്ചിൽ എത്തുന്നവർ പലരും നൽകുന്ന സംഭാവനയാണ് അബ്ദുൽ ഹമീദിന് ഇപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രധാന വഴി. ഇതിനിടെ നഗരത്തിലെ ഒരു സ്കൂളിൽ രാവിലെ എട്ടു മുതൽ 10 വരെ വാച്ച്മാൻ ജോലിക്കെത്തും. ശേഷം വൈകുന്നേരം മൂന്നുമണി മുതൽ അഞ്ചുമണി വരെയും ഇവിടെയെത്തും.
കുട്ടികളെല്ലാം വീട്ടിലേക്ക് പോയ ശേഷമേ തിരിച്ച് പോകൂ. ഇതും കഴിഞ്ഞാണ് വൈകുന്നേരം ഏഴിന് മിക്ക ദിവസങ്ങളിലും ബീച്ചിലെത്തുക. ഇവിടെ പാട്ട് പരിപാടിയുണ്ടെങ്കിൽ അബ്ദുൽ ഹമീദിന്റെ ഡാൻസ് അതിന് മാറ്റുകൂട്ടും. ബീച്ച് ആസ്വദകർക്ക് മനോഹരമായ ഒരു സായാഹ്നം സമ്മാനിച്ച് തിരിച്ചുപോകും.
No comments