*7 വയസ്സുകാരിക്ക് മദ്യം നൽകി പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വർഷം കഠിനതടവും വിധിച്ചു.*
കാസറഗോഡ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും കൂടാതെ 20 വർഷം കഠിനതടവും ശിക്ഷ വിധിച്ചു. കാസർഗോഡ് പാപ്പിനിവീട്ടിൽ അതിരുമാവ്, മാലോം ഗ്രാമം സ്വദേശിയായ അനീഷ് P. D (35, S/o ദാമോദരൻ) എന്നയാളെയാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. ശിക്ഷകൾക്ക് പുറമെ 80,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക ഒടുക്കിയില്ലെങ്കിൽ പ്രതി രണ്ട് വർഷം കൂടി അധിക തടവ് അനുഭവിക്കണം.
ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ 2021-ലാണ് സംഭവം നടന്നത്. ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിക്ക് മദ്യം നൽകി ക്രൂരമായ രീതിയിൽ ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.
ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീ. സുരേഷ് P.M ആണ് കേസിൽ ശിക്ഷാവിധി പ്രസ്താവിച്ചത്.
കോടതി വിധിച്ച ശിക്ഷാവിവരങ്ങൾ:
*പോക്സോ ആക്ട് ജീവപര്യന്തം തടവും 50,000 രൂപ പിഴയും* (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്).
*IPC 449 (വീട്ടിൽ അതിക്രമിച്ചു കയറൽ):* 10 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്).
*IPC 328 (ലഹരിവസ്തു നൽകി അപായപ്പെടുത്തൽ): 5 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്).
* Juvenile Justice Act (Sec 77):* 5 വർഷം കഠിനതടവും 10,000 രൂപ പിഴയും (പിഴയടച്ചില്ലെങ്കിൽ 6 മാസം അധിക തടവ്).
ചിറ്റാരിക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന രഞ്ജിത്ത് രവീന്ദ്രൻ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ A. ഹാജരായി.
No comments