Breaking News

വർദ്ധിച്ചുവരുന്ന കലാലയങ്ങളിലെ റാഗിങ്ങിന്റെ പേരിലുള്ള ക്രൂരതകൾക്കെതിരെ ജില്ലാതല ബോധവൽക്കരണത്തിന് മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ : റാഗിംങ്ങിന്റെ പേരിലുള്ള ക്രൂരതകൾ ജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ സീമകളും ലംഘിച്ച് അരങ്ങേറുകയാണ്.  പലപ്പോഴും വിദ്യാർഥികളുടെ ഈ പൈശാചികമായ ക്രൂരതകളിൽ ജില്ല ലജ്ജിച്ചു തലതാഴ്ത്തിയിട്ടുണ്ട്. ജില്ലയിലെ പല സ്കൂളുകളിലും റാഗിംഗ് എന്ന പേരിൽ ക്രൂരതകൾ അഭംഗുരം തുടരുകയാണ്.

ശാരീരികവും, മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികൾ പിന്നീട് പഠനത്തിൽ താൽപര്യമില്ലാതെ മാനസികമായി തളർന്ന് പകുതി വഴിയിൽ പഠനം ഉപേക്ഷിക്കുന്നത് ഇന്ന് നിത്യ സംഭവമാണ്.
കേരളത്തിൽ ഈയടുത്ത കാലത്തായി ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുമുണ്ട്. പലപ്പോഴും ആദ്യവർഷത്തെ വിദ്യാർത്ഥികളാണ് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. ഇപ്പോൾ എസ്എസ്എൽസി തലം തൊട്ട് തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സംസ്ഥാന സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് തടയുന്നതിന് കർശന നിയമങ്ങൾ കൊണ്ടുവരാനുള്ള തീരുമാനത്തിലാണ്. റാഗിങ്ങിന് ഇരയായി 2024 ഫെബ്രുവരി 18ന് ആത്മഹത്യ ചെയ്യേണ്ടി വന്ന വയനാട് പൂക്കോട്ട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന ജെ എസ് സിദ്ധാർത്ഥന്റെ പേരിലാണ് റാഗിംഗ് വിരുദ്ധനിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ആൾക്കൂട്ട വിചാരണ നടത്തിയും,മനുഷ്യത്വം മറന്നും,മർദ്ദിച്ചും അങ്ങേയറ്റം അപമാനിച്ചാണ് ആ യുവാവിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ മരണത്തിലേക്ക് തള്ളിയിട്ടത്. ഇത്തരത്തിലുള്ള ക്രൂരതകൾ ക്യാമ്പസുകളിൽ ആവർത്തിക്കരുതെന്ന  നിശ്ചയദാർഢ്യത്തോടെയുള്ള ജില്ലാതല ബോധവൽക്കരണ പരിപാടിക്കാണ് മൊഗ്രാൽ ദേശീയവേദി ഒരുങ്ങുന്നത്. 

ജില്ലയിൽ ഈ വർഷം തുടക്കത്തിൽ തന്നെ റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സ്കൂളുകളിലാണ് തുടക്കം എന്ന നിലയിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 2026 ജൂലൈ 31ന് വെള്ളിയാഴ്ച 10.30 ന് മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. കാസർഗോഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് ആർ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വിദഗ്ധർ,സാമൂഹ്യ സാംസ്കാരിക നേതാക്കൾ, അധ്യാപകർ, വിദ്യാർത്ഥികൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ, ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്,ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് എന്നിവർ അറിയിച്ചു.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി  സംഘടിപ്പിക്കുന്ന റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടകൻ കാസറഗോഡ്  അഡീഷണൽ പോലീസ് സൂപ്രണ്ട് ആർ സന്തോഷ് കുമാർ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments