*സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം: രണ്ട് മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കാൻ ആരോഗ്യമന്ത്രി നിർദേശം*
സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. താലൂക്ക് ആശുപത്രി മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ ഡോക്ടർമാർ ഒഴികെയുള്ള ജീവനക്കാർക്കാണ് പരിശീലനം നൽകുക. ഇതു സംബന്ധിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ആശുപത്രികളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മോശം പെരുമാറ്റം, ആശയവിനിമയത്തിലെ പാളിച്ചകൾ, ജനങ്ങളോടുള്ള ഇടപെടൽ എന്നിവ സംബന്ധിച്ച് രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പരിശീലനം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുക. മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ ഓരോ ജില്ലയിലെയും സർക്കാർ മെഡിക്കൽ കോളജിൽ നിന്നും നാല് ഉദ്യോഗസ്ഥരെ വീതം കണ്ടെത്തി പ്രത്യേക പരിശീലനം നൽകും. അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്റർ മുഖേനയാണ് ഇവർക്കുള്ള പരിശീലനം നൽകുക.
പരിശീലനം പൂർത്തിയാക്കുന്ന മാസ്റ്റർ ട്രെയിനർമാർ അതത് മെഡിക്കൽ കോളജുകളിൽ സ്ഥാപനതല പരിശീലനം നൽകണം. ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ, മോഡൽ ആശുപത്രികൾ, താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ മുഖേന നടത്തും. മാസ്റ്റർ ട്രെയിനർമാർ ജില്ലാതലത്തിലും സ്ഥാപനതലത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും. ആശുപത്രികളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം 10 പേരടങ്ങുന്ന ബാച്ചുകളായാണ് 10 ദിവസത്തെ പരിശീലനം നൽകുക.
അർഹരായ എല്ലാ ജീവനക്കാരും രണ്ട് മാസത്തിനുള്ളിൽ പരിശീലനം പൂർത്തിയാക്കാനാണ് മന്ത്രി കെ. മുരളീധരന്റെ നിർദേശം. രോഗികളുമായും സന്ദർശകരുമായും ആദ്യം ഇടപഴകുന്ന സുരക്ഷാ ജീവനക്കാർക്ക് പരിശീലനത്തിൽ പ്രത്യേക പ്രാധാന്യം നൽകും. അതിനാൽ താൽക്കാലിക, കരാർ, ഔട്ട്സോഴ്സിങ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ എല്ലാ സുരക്ഷാ ജീവനക്കാരും നിർബന്ധമായും പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിർബന്ധിത പരിശീലനം പൂർത്തിയാക്കാത്ത ഒരു സുരക്ഷാ ജീവനക്കാരനും ജോലിയിൽ പ്രവേശിക്കാനോ തുടരാനോ അനുവദിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments