*കല്യാണത്തിനെന്ന് പറഞ്ഞ് ഇറങ്ങി, നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്; മൂന്നംഗ കുടുംബത്തെ കാണാനില്ല; വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയേറുന്നു.*
വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, ഭാര്യ രമാദേവി, മകൻ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
വാഹനം കണ്ടെത്തിയ സാഹചര്യത്തിൽ വഴിക്കടവ് പോലീസിന്റെയും ഷൊർണൂർ പോലീസിന്റെയും നേതൃത്വത്തിൽ ചുരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വ്യാഴാഴ്ച വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ പിന്നീട് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ ബന്ധുക്കൾ ഷൊർണൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ഷൊർണൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കാട്ടുപ്രദേശത്തോട് ചേർന്ന വഴിക്കടവ് ചുരത്തിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ തുടർച്ചയായി വിളിച്ചിട്ടും കിട്ടാതെ വന്നതോടെയാണ് അയൽക്കാരെ വിവരമറിയിച്ചതും തുടർന്ന് അന്വേഷണം നടത്തിയതും.
വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ വാഹനത്തിൽ തന്നെയാണ് മൂന്നുപേരും യാത്ര തിരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കാണാതായ ഇവരുടെ കൈവശമുള്ള എല്ലാ മൊബൈൽ ഫോണുകളും നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പനയൂർ തന്നെയാണ് അവസാനമായി കാണിക്കുന്നത്. ഫോൺ അവിടെ വെച്ച് തന്നെ സ്വിച്ച് ഓഫ് ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു.
നിലവിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും വഴിക്കടവ് ചുരം മേഖലയിലെ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments