Breaking News

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമോയെന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ തീരുമാനമെടുക്കും.


കൊച്ചി : സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമോയെന്ന കാര്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടൻ തീരുമാനമെടുക്കും. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായ ഘടകമായി മാറിയിരിക്കുന്നത്. വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും, പണം കൈമാറിയിട്ടും കരാറിൽ പറഞ്ഞ സേവനങ്ങൾ കമ്പനി നൽകിയില്ലെന്നുമാണ് ശശിധരൻ കർത്തയുടെ മൊഴിയെന്ന് റിപ്പോർട്ടിൽ പറയുന്നു.


വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടുന്നതിനായുള്ള നടപടികളുടെ ഭാഗമായി അന്വേഷണസംഘം ഇഡി ജോയിന്റ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് 2024 ഏപ്രിൽ 17-ന് രേഖപ്പെടുത്തിയ ഈ മൊഴി ഉൾപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപയാണ് സിഎംആർഎൽ എക്സാലോജിക്കിന് നൽകിയതെന്നും, കരാറിൽ പരാമർശിച്ച സേവനങ്ങൾ പിന്നീട് കുറഞ്ഞ തുകയ്ക്ക് മറ്റൊരു ഐടി സ്ഥാപനത്തിലൂടെ പൂർത്തിയാക്കിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.


അതേസമയം, വീണാ വിജയനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായും ഇഡി വിലയിരുത്തുന്നു. ഇൻവോയ്സ് ഇല്ലാതെ സിഎംആർഎലിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായും, 2017-ൽ പത്ത് മാസത്തിനിടെ 45 ലക്ഷം രൂപ ലഭിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. വീണയ്ക്ക് പങ്കാളിത്തമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷനിലേക്കും അന്വേഷണം വ്യാപിപ്പിച്ച ഇഡി, കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 15.5 ലക്ഷം രൂപ നേരത്തെ മരവിപ്പിച്ചിരുന്നു.

കരിമണൽ ഖനന കമ്പനിയുമായി ബന്ധപ്പെട്ട് ശശിധരൻ കർത്ത 182 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്നുള്ള സ്വത്ത് കണ്ടുകെട്ടൽ നടപടികളുടെ റിപ്പോർട്ടിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും കുറിച്ചുള്ള പരാമർശങ്ങളുള്ളത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments