*എംവിഡിക്കെതിരെ പോസ്റ്റിട്ട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും*
മലപ്പുറം : മലപ്പുറം കിഴിശ്ശേരിയിൽ എംവിഡിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് പോസ്റ്റിട്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ഗതാഗതമന്ത്രി സി.പി ജോൺ. വിഷയത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു. സംഭവത്തിൽ രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
'മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വാഹന പരിശോധനാ വേളയിലോ തുടർനടപടികളിലോ എന്തെങ്കിലും വീഴ്ചയോ മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. സമൂഹമാധ്യമങ്ങളിൽ ഷൗക്കത്ത് പങ്കുവെച്ച ദൃശ്യങ്ങളും കുറിപ്പും അന്വേഷണ വിധേയമാക്കും. ലഭിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ കർശന നടപടി സ്വീകരിക്കുന്നതാണ്.' മന്ത്രി പ്രസ്താവിച്ചു.
'തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സമീപനവും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നത് സർക്കാരിന്റെ കർശന നിർദേശമാണ്. ഉദ്യോഗസ്ഥർ ജനങ്ങളോട് കൂടുതൽ സൗഹാർദപരമായി ഇടപെടേണ്ടതുണ്ട്. ഇത്തരം ദാരുണമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ഷൗക്കത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.' മന്ത്രി കൂട്ടിച്ചേർത്തു.
കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷൗക്കത്ത് ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്‍റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നതടക്കം വിശദമായ കുറിപ്പ് പങ്കുവെച്ച ശേഷമാണ് ഷൗക്കത്ത് ജീവനൊടുക്കിയത്.
തന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പ് മാത്രമാണെന്നാണ് ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. വാഹനത്തിന്റെ ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തു മാസത്തോളമായി ഏജന്റുമാരുടെയും, എംവിഡി ഓഫീസുകളുടെയും പിന്നാലെ നടക്കുകയായിരുന്നുവെന്നും, കൈക്കൂലി നൽകാത്തതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഫിറ്റ്നസ് നിഷേധിക്കുകയായിരുന്നുവെന്നും ഇദ്ദേഹം ആരോപിക്കുന്നു. വാഹനം നിരത്തിലിറക്കാൻ സാധിക്കാത്ത തായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്നും കുറിപ്പിലുണ്ട്.
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കൊണ്ടോട്ടി എംഎൽഎ ടി.പി അഷ്റഫലി അറിയിച്ചു. തികച്ചും നിർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്നെന്നും കുടുംബത്തിന്‍റെ സങ്കടത്തിൽ ഒപ്പം ചേരുന്നുവെന്നും എംഎൽഎ പറഞ്ഞു. വാഹനത്തിന്‍റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് എവിടെയാണ് കാലതാമസം ഉണ്ടായതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വീഴ്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോയെന്ന് ഉന്നതതലത്തിൽ ഉടനടി സമഗ്രമായി പരിശോധിക്കുമെന്നും എംഎൽഎ കൂട്ടിചേർത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments