*പി വി അന്‍വറിനെ തിരഞ്ഞെടുപ്പില്‍ കാലുവാരിയിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്ന് കരാട്ട് റസാഖ്*
കോഴിക്കോട് : ബേപ്പൂരിലെ തോല്‍വിക്ക് കാരണം പി വി അന്‍വര്‍ സ്ഥാനാര്‍ഥി ആയതാണെന്ന കെ പ്രവീണ്‍ കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ്. ബേപ്പൂരില്‍ കാലുവാരിയെങ്കില്‍ അംഗീകരിക്കാന്‍ ആകാത്ത പ്രവര്‍ത്തിയാണെന്നും പി വി അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ യുഡിഎഫ് വിജയത്തിന് കാരണമായെന്നും കാരാട്ട് റസാഖ് പറഞ്ഞു. സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചതാണ് തോല്‍വിക്ക് കാരണം എന്നത് ശരിയല്ല. തളിപ്പറമ്പിലും, പയ്യന്നൂരും, അമ്പലപ്പുഴയിലും സ്വാതന്ത്ര ചിഹ്നത്തില്‍ അല്ലേ ജയിച്ചത്. പ്രവീണ്‍ കുമാറിന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതാണെന്നും കരാട്ട് റസാഖ് പറഞ്ഞു.
സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചത് കൊണ്ടാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിക്കാത്തതെന്ന യുഡിഎഫിന്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിന്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയെന്ന് കാരാട്ട് റസാഖ് പറഞ്ഞു. അന്‍വര്‍ അധികാരത്തിന്റെ സുഖ സൗകര്യം വലിച്ചെറിഞ്ഞയാളാണ്. ഉപാധി ഇല്ലാതെയാണ് യുഡിഎഫിനെ പിന്തുണച്ചത്. പ്രവീണിന്റെ പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണെന്നും കരാട്ട് റസാഖ് ഫേസ്ബുക്കിലൂടെ പറഞ്ഞു.
കരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചത്
പി.വി. അന്‍വര്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവുന്നതാണ്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ചത് കൊണ്ടാണ് ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫിന് വിജയിക്കാന്‍ സാധിക്കാത്തതെന്ന യു ഡി എഫിന്റെ ഉത്തരവാദിത്വപ്പെട്ട ഒരു നേതാവിന്റെ ഭാഗത്ത് നിന്നും വന്ന പ്രസ്താവന അനവസരത്തിലായിപ്പോയി. സ്വതന്ത്ര ചിഹ്നമാണ് പ്രശ്‌നമെങ്കില്‍ തളിപറമ്പും, പയ്യന്നൂരും, അമ്പലപ്പുഴയുമെല്ലാം അദ്ധേഹം പറയുന്നത് പോലെ സംഭവിക്കേണ്ടതായിരുന്നുവല്ലോ. അധികാരത്തിന്റെ സുഖ സൗകര്യങ്ങള്‍ വലിച്ചെറിഞ്ഞ് കൊണ്ട് നിലവില്‍ പ്രവര്‍ത്തിച്ച മുന്നെണിക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിനു വേണ്ടി ഉപാധികളില്ലാതെയുഡിഎഫ് മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറായ പി.വി അന്‍വറിനെ തിരഞ്ഞെടുപ്പില്‍ കാലുവാരിയിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണ്.കൂടാതെ അത് പരസ്യമായി വെളിപ്പെടുത്തിയത് അദ്ധേഹത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്. ഇത്തരം പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് കാലം തെളിയിക്കും...
കാരാട്ട് റസാഖ്.
*ബേപ്പൂരിലെ തോല്‍വിക്ക് കാരണം അന്‍വറാണെന്ന് പറഞ്ഞിട്ടില്ല; വിശദീകരണവുമായി പ്രവീണ്‍കുമാര്‍ എംഎല്‍എ*
കോഴിക്കോട്: ബേപ്പൂരിലെ തോല്‍വിക്ക് കാരണം അന്‍വര്‍ സ്ഥാനാര്‍ഥി ആയതാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എംഎല്‍എ. പി വി അന്‍വറിനെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും പാര്‍ട്ടി ചിഹ്നത്തില്‍ ആയിരുന്നു സ്ഥാനാര്‍ഥി എങ്കില്‍ ജയിച്ചേനെ എന്നാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൈപ്പത്തിയിലോ കോണി ചിഹ്നത്തിലോ മല്‍സരിക്കാത്തതാണ് തിരിച്ചടിയായതെന്ന പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയാണ് ചെയ്തത്. ജയിച്ചാല്‍ തനിക്ക് മന്ത്രി സ്ഥാനം നല്‍കേണ്ടിവരുമെന്ന ചിലരുടെ പേടിയാണ് തോല്‍വിക്ക് പിന്നിലെന്ന അന്‍വറിന്റെ ആരോപണത്തിന് മറുപടിയില്ലെന്നും പ്രവീണ്‍ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചത്. അന്‍വറുമായി അടുത്ത ബന്ധമാണുള്ളത്. തെറ്റിദ്ധാരണയില്ലെന്നും യുഡിഎഫിന്റെ ഭാഗമാകുന്നിടത്തോളം അന്‍വറുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പേരാമ്പ്രയില്‍ എംഎല്‍എമാര്‍ക്ക് ഒരുക്കിയ സ്വീകരണത്തിലായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് പറഞ്ഞത്. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിഹ്നത്തിലോ സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെങ്കില്‍ ജില്ലയിലെ മുഴുവന്‍ സീറ്റിലും ജയിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments