Breaking News

*അടുത്ത വർഷമെങ്കിലും സന്ദർശനത്തിന് അറുതി വേണം:തീരം കേഴുന്നു, "ടെട്രോപോഡ്'' തീര സംരക്ഷണ പദ്ധതിക്ക് വേണ്ടി.ജില്ലയിൽ ഓരോ വർഷവും കടലിൽ കല്ലിട്ട് കളയുന്നത് കോടികൾ.*

കാസർഗോഡ് : കാസറഗോഡ് ജില്ലയിലെ 87.65 കിലോമീറ്റർ തീരത്തെ രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിൽ ശാസ്ത്രീയമായ തീര സംരക്ഷണ പദ്ധതി അടുത്ത വർഷമെങ്കിലും യാഥാർത്ഥ്യമാകുമോ..? കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഏറ്റവും അധികം കാലവർഷത്തിൽ ദുരിതം നേരിടുന്നത് തീരദേശ മേഖലയാണ്. ഈ കാലയളവിനുള്ളിൽ  ശാസ്ത്രീയമായ ഒരു പദ്ധതികളും ഇതുവരെ തീരം തൊട്ടിട്ടില്ല.പകരം പഠനമില്ലാതെയും, ആസൂത്രണം ഇല്ലാതെയും ഓരോ വർഷവും കരാറുകാരുടെ കീശ വീർപ്പിക്കാൻ മാത്രം കടലിൽ കല്ലിട്ട് കളയുന്നത് കോടികളാണ്.ഈ രണ്ടു പതിറ്റാണ്ടു കൾക്കിടയിൽ തീരദേശത്ത് കൊണ്ടിട്ട കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തികളൊന്നും ഇപ്പോൾ കാണാനേയില്ല. അതുകൊണ്ടാണ് പ്രദേശവാസികൾ ശാസ്ത്രീയമായ പദ്ധതി എന്ന നിലയിൽ ടെട്രോ പോഡ് കൊണ്ടുള്ള   തീര സംരക്ഷണ പദ്ധതിക്ക് മുറവിളി കൂട്ടുന്നത്.

 ഓരോ വർഷവും കടൽക്ഷോഭ പ്രദേശങ്ങൾ അധികൃതർ സന്ദർശിക്കുമ്പോൾ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതം പറഞ്ഞുകൊണ്ടേയിരിക്കുന്നു.രണ്ടു പതിറ്റാണ്ട് കാലമായിട്ടും അതികൃതർ സന്ദർശനം മാത്രം നടത്തുമ്പോൾ ഇപ്പോൾ പ്രദേശവാസികൾ സന്ദർശകരെ നോക്കി  കൈമലർത്തുന്നു, എന്തിനാണ് ഈ ചടങ്ങെന്ന് അവർ ചോദിക്കുന്നു.പതിവ് സന്ദർശനം,അതിൽ കൂടുതലൊന്നും തീരദേശ ജനത ബന്ധപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിക്കുന്നുമില്ല. മാറി മാറി ഭരണം വരുമെന്നല്ലാതെ തീരസംരക്ഷണ പദ്ധതികളിൽ മാറ്റം വരുന്നില്ലെന്ന് തീരദേശവാസികൾ പറയുന്നു.

 കഴിഞ്ഞവർഷം രൂക്ഷമായ കടലാക്രമണം നേരിട്ടത് കാസറഗോഡ് തൃക്കണ്ണാട് കടപ്പുറത്താണ്.നിരവധി വീടുകളാണ് കടലെടുത്തത്.ഒപ്പം തോണികൾ ഉൾപ്പെടെയുള്ള തൊഴിൽ സാമഗ്രികകളും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപ്പെട്ടു.ഈ വർഷം തുടക്കം തന്നെ തൃക്കണ്ണാട് കടൽക്ഷോഭത്തെ പ്രതിരോധിക്കാനെന്ന പേരിൽ  കർണാടകയിൽ നിന്ന് കൊണ്ടുവന്ന് വീണ്ടും കരിങ്കല്ലുകൾ കൊണ്ടിട്ടു.അതും കടലെടുത്തുവെന്നത് അധികൃതരെ ഇനിയും കണ്ണ് തുറപ്പിച്ചില്ലാ എന്ന തിന്റെ നേർക്കാഴ്ചയാണ്. ചെറുകിട ജലസേചന വകുപ്പ് ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള തീരത്ത് നടപ്പിലാക്കേണ്ട  ടെട്രോപോഡ് കടൽഭിത്തിക്കായി   സർക്കാറിന് പ്രൊപ്പോസൽ സമർപ്പിച്ച് രണ്ടുവർഷമായി അനുമതിക്കായി കാത്തിരിക്കുന്നതി നിടയിലാണ് വീണ്ടും 50 ലക്ഷം രൂപ ചെലവിട്ട് തൃക്കണ്ണാട് കരിങ്കല്ല്  ഭിത്തി നിർമ്മിച്ചത് എന്നത് ഉദ്യോഗസ്ഥ അലംഭാവം തുറന്നു കാട്ടുന്നുമുണ്ട്.

 മഞ്ചേശ്വരം താലൂക്കിൽ കോയിപ്പാടി,പെറുവാഡ് കടപ്പുറം,ഷിറിയ, കണ്വാതീർത്ഥ, കാസർഗോഡ് താലൂക്കിൽ ഉദുമ കാപ്പിൽ കൊപ്പൽ തുടങ്ങിയ സ്ഥലങ്ങളിൽ ടെട്രോപോഡ് കടൽ വിത്തിക്കായിട്ടാണ് ചെറുകുട ജലസേചന വകുപ്പ് സർക്കാറിന് പ്രൊപ്പോസൽ സമർപ്പിച്ചത്. അതേസമയം ജില്ലയിലെ മറ്റുള്ള സ്ഥലങ്ങളിൽ സമർപ്പിച്ച പ്രപ്പോസലിൽ കരിങ്കല്ല് കൊണ്ടുള്ള കടൽഭിത്തിക്ക് തന്നെയാണ്  നൽകിയിട്ടുള്ളതും. തീരദേശത്ത് വലിയ കരിങ്കല്ല് കൊണ്ട് നിർമ്മിച്ച സംരക്ഷണഭിത്തിക്ക് പോലും ശക്തമായ കടൽക്ഷോഭത്തിൽ രക്ഷയുണ്ടായിരുന്നില്ല.കോയിപ്പാടി കടപ്പുറത്തെ കടൽക്ഷോഭത്തിന് നിന്ന് അത് മനസ്സിലാക്കുവാനും സാധിക്കും. ഉപ്പളയിലെയും, ചേരങ്കൈ കടപ്പുറത്തെയും മണൽ ചാക്കുകൾ കൊണ്ടുള്ള(ജിയോ ബാഗ്) കടൽ ഭിത്തിക്കും തീര സംരക്ഷണമൊ രുക്കാൻ കഴിഞ്ഞില്ല. എല്ലായിടത്തും ചെറിയൊരു ഭാഗം "അവശിഷ്ടം'' എന്ന നിലയിൽ കരിങ്കല്ലുകളും,ജിയോ ബാഗുകളും അവശേഷിക്കുന്നു.ഈ വർഷം വലിയപറമ്പ്, തൃക്കണ്ണാട്,ഉദുമ, പള്ളിക്കര,സി പി സിആർ ഐ,മൊ ഗ്രാൽപുത്തൂർ കാവ്ഗോളി, കോയിപ്പാടി,ഉപ്പള ശാരദാനഗർ  എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ് നേരിട്ടത്.ഇവിടങ്ങളിൽ ഇപ്പോഴും സർക്കാർ ആലോചിക്കുന്നത് ജിയോ ബാഗ് കൊണ്ടുള്ള സംരക്ഷണഭിത്തി ഒരുക്കാനാണ്.ഇത് തീരദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുമുണ്ട്.


ഫോട്ടോ : ചേരങ്കൈ കടപ്പുറത്ത് അവശേഷിക്കുന്ന ജിയോ ബാഗ് കടൽ ഭിത്തി,കോയിപ്പാടി കടപ്പുറത്ത് കടൽ ഭിത്തിക്കായി കൊണ്ടിരിക്കുന്ന കരിങ്കല്ലുകൾ.


 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments