*നെന്മാറ ചാത്തമംഗലത്ത് പൂവൻകോഴി മുട്ടയിട്ടു; ഉള്ളകം ശൂന്യമായ മുട്ടകൾ നാട്ടുകാരിൽ കൗതുകമുണർത്തുന്നു*
നെന്മാറ : പൂവൻകോഴി മുട്ടയിട്ടെന്ന അപൂർവ്വ സംഭവം നെന്മാറ ചാത്തമംഗലം കൊല്ലയങ്കാട്ടിൽ കൗതുകമാകുന്നു. പ്രവാസി മലയാളിയായ ജോഷി കെ. പോളിന്റെ വീട്ടിലാണ് ഈ അത്ഭുത പ്രതിഭാസം അരങ്ങേറിയത്. കാഴ്ചയിൽ പൂർണ്ണമായും പൂവൻകോഴിയാണെങ്കിലും ഇതിന്റെ മുട്ടയ്ക്കുള്ളിൽ മഞ്ഞയോ വെള്ളയോ ഇല്ലാതെ തികച്ചും ശൂന്യമാണെന്നതാണ് മറ്റൊരു പ്രത്യേകത.
14 വർഷമായി ഗൾഫിലായിരുന്ന ജോഷി രണ്ടാഴ്ചത്തെ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഈ കൗതുകത്തിന് സാക്ഷിയായത്. തൃശ്ശൂരിലുള്ള ഭാര്യ ലീനയുടെ വീട്ടിൽ പോയി മടങ്ങുമ്പോൾ, കറിവെക്കുന്നതിനായി ഭാര്യവീട്ടുകാർ നൽകിയ രണ്ട് പൂവൻകോഴികളിൽ ഒന്നാണിത്. ഇവ പരസ്പരം കൊത്തുകൂടാതിരിക്കാൻ പ്രത്യേകം കൂട്ടിലാക്കിയിരുന്നു. പിറ്റേന്ന് രാവിലെ കൂട് തുറന്നപ്പോഴാണ് അതിനുള്ളിൽ ഒരു മുട്ട കണ്ടെത്തിയത്. ആദ്യം ആരും കാര്യമാക്കിയില്ലെങ്കിലും, മുട്ട പൊട്ടിച്ച് നോക്കിയപ്പോൾ അകം പൂർണ്ണമായും ശൂന്യമാണെന്ന് കണ്ടെത്തി. തുടർന്ന് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലും കോഴി മുട്ടയിടുന്നത് ആവർത്തിച്ചു. ഉള്ളിൽ ഭാരമില്ലാത്തതിനാൽ ഈ മുട്ടകൾ കുത്തനെ നിൽക്കുന്നതായും വീട്ടുകാർ പറയുന്നു.
കാഴ്ചയ്ക്ക് പൂവൻകോഴിയാണെങ്കിലും പൂവൻ്റേതായ സാധാരണ സ്വഭാവസവിശേഷതകളൊന്നും ഇത് പ്രകടിപ്പിക്കുന്നില്ല. തൃശ്ശൂരിലെ വീട്ടിലായിരുന്നപ്പോൾ പിടക്കോഴികൾക്കൊപ്പം പോയി ഈ കോഴി അടയിരിക്കുന്നത് കണ്ടിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു. അന്ന് ഇടയ്ക്കിടെ അകം ശൂന്യമായ മുട്ടകൾ ലഭിച്ചിരുന്നെങ്കിലും അവ പിടക്കോഴിയുടേതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഒറ്റയ്ക്കൊരു കൂട്ടിലാക്കിയപ്പോഴാണ് മുട്ടയിടുന്നത് ഈ പൂവൻകോഴി തന്നെയാണെന്ന് ഉറപ്പായത്.
വാർത്തയറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ജോഷിയുടെ വീട്ടിലേക്ക് ഈ കാഴ്ച കാണാൻ എത്തുന്നത്. ഇതൊരു അപൂർവ്വ പ്രകൃതി പ്രതിഭാസമാണോ അതോ മറ്റ് ജനിതക കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് അറിയാൻ കണ്ണിമംഗലം മൃഗാശുപത്രിയിലെ ഡോക്ടറെ വീട്ടുകാർ വിവരമറിയിച്ചിട്ടുണ്ട്. ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ഇതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും നാട്ടുകാരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments