*കരുവാറ്റയിലെ 65 കാരന്‍റെ കൊലപാതകം; 13 കാരിയെ ഏറ്റെടുക്കില്ലെന്ന് അമ്മ, നിയമസഹായവും നൽകില്ല* *കുട്ടിയുമായി ഇനി യാതൊരു ബന്ധവുമില്ലെന്നാണ് അമ്മയും മുത്തശ്ശിയും പൊലീസിന് നൽകിയ മൊഴി*
ഹരിപ്പാട് : കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് കുടുംബം. കുട്ടിയെ ഏറ്റെടുക്കാനോ കേസുമായി ബന്ധപ്പെട്ട് നിയമസഹായം നൽകാനോ താത്പര്യവുമില്ലെന്നാണ് അമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചത്.
മൊഴിയെടുക്കുന്നതിനായി പെൺകുട്ടിയുടെ അമ്മയെയും മുത്തശിയെയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയപ്പോഴാണ് ഇരുവരും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. കുട്ടിയുമായി ഇനി യാതൊരു ബന്ധവും തുടരാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഇവരുടെ നിലപാട്.
കുടുംബാംഗങ്ങൾ നൽകിയ മൊഴി അന്വേഷണ സംഘം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ സമർപ്പിക്കും. കുടുംബം നിയമസഹായം നൽകാത്ത പക്ഷം സർക്കാർ അഭിഭാഷകനെ നിയമിക്കും. നിലവിൽ കോഴിക്കോട്ടെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്പതിമൂന്നുകാരി കഴിയുന്നത്.
13 കാരിക്ക് പുറമേ പ്രായപൂർത്തിയാവാത്ത മറ്റ് 2 ആൺകുട്ടികൾ കൂടിയാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇവർക്കും സർക്കാർ അഭിഭാഷകനെ അനുവദിച്ചിട്ടുണ്ട്.
കേസിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ അന്വേഷണ സംഘം ഉറച്ചുനിൽക്കുകയാണ്. നേരത്തെ പോലീസ് ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളിയിരുന്നു. വീണ്ടും അപേക്ഷ നൽകാനാണ് പൊലീസ് നീക്കം.
കരുവാറ്റയിൽ 65 വയസുകാരനായ ശിവൻകുട്ടിയാണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. കൊച്ചുമകളായ 13 കാരിയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16 വയസുകാരായ 2 സുഹൃത്തുക്കളും ചേർന്നാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്.
കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈയും കാലും പിന്നിലേക്ക് വലിച്ചുകെട്ടിയായിരുന്നു കൊലപാതകം. 13 കാരിയുടെ പദ്ധതി സുഹൃത്തുകൾ നടപ്പിലാക്കുകയായിരുന്നു. മോഷണമായിരുന്നു പ്രധാന ലക്ഷ്യം. 13 കാരിക്ക് ഐഫോൺ വാങ്ങാനും സുഹൃത്തുക്കൾക്ക് ബൈക്ക് വാങ്ങുകയുമായിരുന്നു ലക്ഷ്യം.
കൊലപാതക സമയം പേരക്കുട്ടി വീട്ടിലുണ്ടായിരുന്നില്ല. പകരം കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വീഡിയോ കോളിലൂടെ കാണിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയിലായിരുന്നു. മുത്തശ്ശിയും അമ്മയ്ക്കൊപ്പം പോയിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാത്തതിനാൽ പെൺകുട്ടി സുഹൃത്തിന്‍റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
കൊലപാതക ശേഷം പെൺകുട്ടി വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണെന്ന് അമ്മയെ വിളിച്ചു പറഞ്ഞു. അമ്മ കുട്ടിയോട് കൂട്ടുകാരിയുടെ വീട്ടിൽ പോവാൻ നിർദേശിച്ചു. പിറ്റേദിവസം കുട്ടി വന്നപ്പോഴും വാതിൽ തുറന്നിട്ടില്ലെന്ന് പറഞ്ഞ് അയൽക്കാരെ വിളിച്ച് വരുത്തുകയായിരുന്നു. അവർ വന്ന് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments