Breaking News

*സേൽറ്റി തിരൂരിന് 78-ാം പിറന്നാൾ,ജീവിതം പുസ്തകമാകുന്നു*

തിരൂർ : തിരൂരിന്റെ കലാ-സാംസ്കാരിക ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങൾക്ക് സാക്ഷിയായ സേൽറ്റിക്ക് 78-ാം പിറന്നാൾ.സംഗീതം, നാടകം, കാൽപന്തുകളി, പ്രഭാഷണം തുടങ്ങി വിവിധ മേഖലകളിൽ സജീവമായിരുന്ന സേൽറ്റിയുടെ ജീവിതവും അനുഭവങ്ങളും മകൻ കബീർ റിഫാഹി പുസ്തകരൂപത്തിൽ ഒരുക്കിയിരിക്കുകയാണ്.

'സേൽറ്റി – ജീവിതാവരോഹണം' എന്ന പേരിലുള്ള പുസ്തകം ഞായറാഴ്ച വൈകിട്ട് നാലരക്ക് തുഞ്ചൻ പറമ്പിൽ നടക്കുന്ന ചടങ്ങിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ  പ്രകാശനം ചെയ്യും.തുടർന്ന് തിരൂർ ആർട്സ് ലവേഴ്സ് അസോസിയേഷൻ ഗാനവിരുന്ന് ഒരുക്കും.

ഹാർമോണിയവും തബലയും വായിച്ചും പാടിയും കലാരംഗത്തേക്ക് എത്തിയ സേൽറ്റി തിരൂരിലെ ക്ലബ്ബുകളിലും കൂടിയിരിപ്പുകേന്ദ്രങ്ങളിലും മെഹ്ഫിൽ വേദികളിലും സജീവ സാന്നിധ്യമായിരുന്നു. സംഗീതത്തോടൊപ്പം കാൽപന്തുകളിയിലും മികവ് തെളിയിച്ച അദ്ദേഹം കളിക്കളത്തിലെ പോരാട്ടവീര്യത്തിലൂടെയും ശ്രദ്ധ നേടി.

നാടകവേദിയിൽ നടനായും എഴുത്തുകാരനായും സംവിധായകനായും പ്രവർത്തിച്ച സേൽറ്റി നിരവധി നാടകങ്ങളുടെ ഭാഗമായി.പ്രശസ്ത ഗായകരായ
ബാബുക്ക, മെഹ്ബൂബ് ബായി, ഷാ ബായി, വിൻസന്റ് മാഷ്, പൊട്ടച്ചോല അബ്ദുറഹിമാൻ തുടങ്ങിയ കലാകാരന്മാർക്കൊപ്പമുള്ള പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ കലാജീവിതത്തിലെ പ്രധാന അധ്യായങ്ങളാണ്.

തിരൂർ വിജയൻ, കുതിരവട്ടം പപ്പു, ബാലൻ കെ. നായർ, മണ്ണിശ്ശേരി, അബ്ദുള്ളക്കുട്ടി തുടങ്ങിയ പ്രമുഖ നാടകപ്രതിഭകൾക്കൊപ്പവും വേദി പങ്കിട്ടു. തിരൂരിന്റെ കലാരംഗത്ത് പ്രവർത്തിച്ച നിരവധി കലാകാരന്മാർക്ക് സംസ്ഥാന പുരസ്കാരങ്ങളടക്കമുള്ള അംഗീകാരങ്ങൾ ലഭിച്ച കാലഘട്ടത്തിന്റെയും സാക്ഷിയാണ് സേൽറ്റി.

തിരൂരിന്റെ സാംസ്കാരിക ചരിത്രത്തിലെ പല മറഞ്ഞുപോയ വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും പ്രഭാഷണങ്ങളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിലും സേൽറ്റി ശ്രദ്ധേയനായി. ഓർമകളിൽനിന്ന് മാഞ്ഞുപോയ കലാമഹാരഥന്മാരെ വാക്കുകളിലൂടെ വീണ്ടും ജനമനസ്സുകളിലെത്തിച്ച പ്രഭാഷകനെന്ന നിലയിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.

സേൽറ്റിയുടെ 78-ാം പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങുന്ന 'സേൽറ്റി – ജീവിതാവരോഹണം' തിരൂരിന്റെ കലാ-സാംസ്കാരിക ചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ ഓർമകളും അനുഭവങ്ങളും രേഖപ്പെടുത്തുന്ന കൃതിയാകും.

ഫോട്ടോ -1

സേൽറ്റി തിരൂരും ഭാര്യയും ജീവിതകഥ എഴുതിയ മകൻ കബീർ റിഫാഹിയും.

ഫോട്ടോ -2
സേൽറ്റി തിരൂർ


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments