Breaking News

*അക്കൗണ്ടിൽ മിനിമം ബാലൻസില്ലേ? മുന്നറിയിപ്പില്ലാതെ പണം പിടിച്ചാൽ തിരിച്ചുപിടിക്കാം; അറിയേണ്ടതെല്ലാം...*

ആറ്റുനോറ്റ് സമ്പാദിച്ചുവെച്ച പണം മറ്റാരെങ്കിലും അനുവാദമില്ലാതെ കൊണ്ടുപോയാല്‍ എങ്ങനെയുണ്ടാകും? അത് സ്വന്തം ബാങ്ക് തന്നെയാണെങ്കിലോ? ഇന്ന് ഒട്ടുമിക്ക സാധാരണക്കാരും നേരിടുന്ന പ്രധാന തലവേദനകളിലൊന്നാണ് അക്കൗണ്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ പണം പിടിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുമ്പോഴായിരിക്കും മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പണം നഷ്ടപ്പെട്ട വിവരം പലരും അറിയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ നഷ്ടപ്പെട്ട പൈസ തിരികെ പിടിക്കാന്‍ കസ്റ്റമര്‍മാര്‍ക്ക് കൃത്യമായ അവകാശങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം.  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മാത്രമേ ബാങ്കുകള്‍ക്ക് ഇത്തരം പിഴകള്‍ ഈടാക്കാനാകൂ. ഉപയോഗിക്കുന്ന അക്കൗണ്ട് ടൈപ്പ് അനുസരിച്ച് മിനിമം ബാലന്‍സ് നിയമങ്ങള്‍ വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട മിനിമം ബാലന്‍സ് 10,000 രൂപയാണെന്നും പ്രതിമാസ ബാലന്‍സ് 7,000 രൂപ മാത്രമാണെന്നും കരുതുക. ഇവിടെ 3,000 രൂപയുടെ കുറവാണ് വരുന്നത്. ഇത്തരം വീഴ്ചകളില്‍ 150 രൂപയാണ് പിഴയെന്ന് ബാങ്ക് തീരുമാനിച്ചാല്‍ ആ തുക നിങ്ങള്‍ക്ക് നഷ്ടമാകും.എന്നാല്‍, ഏകപക്ഷീയമായി ബാങ്കിന് നിങ്ങളുടെ പണം പിടിച്ചെടുക്കാനാകില്ല. മിനിമം ബാലന്‍സില്‍ വീഴ്ച വരുത്തിയതില്‍ നിന്ന് ആനുപാതികമായി മാത്രമേ പണം പിടിച്ചെടുക്കാന്‍ പാടുള്ളൂവെന്നാണ് ആര്‍ബിഐ നിര്‍ദേശം. നിശ്ചയിച്ച മിനിമം ബാലന്‍സിന് താഴേക്ക് അക്കൗണ്ട് പോകുന്ന ഘട്ടങ്ങളില്‍ എസ്എംഎസ്, ഇമെയില്‍ എന്നിവയിലൂടെ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നല്‍കണം. അക്കൗണ്ട് ഉടമയ്ക്ക് കുറഞ്ഞത് ഒരു മാസത്തെ നോട്ടീസ് പിരിയഡ് നല്‍കണമെന്നാണ് ആര്‍ബിഐ പക്ഷം. ഈ സമയത്തിന് ശേഷവും മിനിമം ബാലന്‍സ് നിലനിര്‍ത്താനായില്ലെങ്കില്‍ മാത്രമേ പെനാല്‍റ്റി ഈടാക്കാനാകൂ. കൂടാതെ, സേവിങ്‌സ് അക്കൗണ്ടുകള്‍ മിനിമം ബാലന്‍സ് കാരണത്താല്‍ ഒരിക്കലും നെഗറ്റീവാകാനും പാടില്ല.  മുന്നറിയിപ്പുകളോ നോട്ടീസോ ഇല്ലാതെ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കിയാല്‍ ഉപയോക്താക്കള്‍ക്ക് ശക്തമായി പ്രതികരിക്കാം. ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് പണം പിടിച്ചെടുത്തതെന്നും, അക്കൗണ്ട് ഉടമയെ എന്തുകൊണ്ട് മുന്നറിയിപ്പ് നല്‍കി അറിയിച്ചില്ലെന്നും ബാങ്കില്‍ നിന്ന് എഴുതിവാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. പണം പിടിച്ചതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനായി 'ഷെഡ്യൂള്‍ ഓഫ് ചാര്‍ജ്' ആവശ്യപ്പെടുകയും ചെയ്യാം.   അന്യായമായി ബാങ്ക് പിടിച്ചെടുത്ത പണം പോട്ടെന്ന് വെക്കാതെ ബാങ്കില്‍ ഔദ്യോഗികമായി പരാതി നല്‍കണം. ആപ്പ്, വെബ്‌സൈറ്റ്, ഇമെയില്‍ മുഖാന്തരമോ നേരിട്ട് ചെന്നോ പരാതി സമര്‍പ്പിക്കാം. ബാങ്ക് പിടിച്ചെടുത്ത തുക, തീയതി, ചാര്‍ജിന്റെ വിശദാംശങ്ങള്‍ എന്നിവ പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ, അറിയിപ്പോ സമ്മതമോ കൂടാതെ പണം പിടിച്ചെടുത്തതില്‍ ബാങ്കിനോട് വിശദീകരണവും നഷ്ടപരിഹാരവും തേടാം. ബാങ്ക് അര്‍ഹതപ്പെട്ടതിലും കൂടുതല്‍ തുക ഈടാക്കിയിട്ടുണ്ടെങ്കിൽ ആ തുക തിരികെ ആവശ്യപ്പെടാനും ഉപഭോക്താവിന് പൂര്‍ണ്ണ അവകാശമുണ്ട്.  ബാങ്കില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെങ്കില്‍ ആര്‍ബിഐ ഓംബുഡ്‌സ്മാനെ സമീപിക്കാനും മടിക്കരുത്.  പണം വീണ്ടെടുക്കാൻ എന്തുചെയ്യാം?1. സ്വന്തം ബാങ്കില്‍ പരാതി നല്‍കുകയാണ് ആദ്യം വേണ്ടത്. ബാങ്കിന്റെ ആപ്പ്, വെബ്‌സൈറ്റ്, ഇമെയില്‍ വഴിയോ ബ്രാഞ്ച് നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യാം.  എത്ര രൂപയാണ് ബാങ്ക് പിടിച്ചത്, തീയതി, മറ്റ് വിശദാംശങ്ങള്‍ നിര്‍ബന്ധമായും പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. നിങ്ങള്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ക്ക് പരിഹാരം വേണമെന്നും ആവശ്യപ്പെടാം.  2. ബാങ്കില്‍ പരാതി നല്‍കി 30 ദിവസം കഴിഞ്ഞിട്ടും പരിഹാരമില്ലെങ്കിലോ, നിങ്ങള്‍ സംതൃപ്തനല്ലെങ്കിലോ റിസര്‍വ് ബാങ്കിlനെയും സമീപിക്കാവുന്നതാണ്. നേരത്തെ ബാങ്കിന് നല്‍കിയ പരാതിയുടെ റഫറന്‍സ് നമ്പര്‍, അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, ബാങ്കിന്റെ പ്രതികരണം എന്നിവ ചേര്‍ത്ത് പരാതി നല്‍കിയാല്‍ റിസര്‍വ് ബാങ്ക് ഒരു പരിഹാരം കണ്ടെത്തി നല്‍കിയേക്കും.

No comments