*എസ്ഐആറില്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത, 14 തവണ എതിര്‍പ്പ്; രണ്ട് കമ്മിഷണര്‍മാര്‍ രേഖപ്പെടുത്തിയ എതിര്‍പ്പുകള്‍ പുറത്ത്**30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലേറെ പേരുകള്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.*
ന്യൂഡല്‍ഹി : വോട്ടര്‍പട്ടികകളുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആര്‍ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുള്ളില്‍ തന്നെ ഗുരുതരമായ ഭിന്നത നിലനിന്നിരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്ത് മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും കമ്മിഷന്റെ വിവിധ നടപടികള്‍ക്കെതിരെ ഔദ്യോഗികമായി കുറഞ്ഞത് 14 തവണ എതിര്‍പ്പ് രേഖപ്പെടുത്തിയതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
https://chat.whatsapp.com/Dm7vXyQY8dn8s25SCncOaL
ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ജ്ഞാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷനിലാണ് സന്ധുവും ജോഷിയും അംഗങ്ങളായുള്ളത്. കമ്മിഷന്റെ അറിവോ അംഗീകാരമോ ഇല്ലാതെ സുപ്രധാന തീരുമാനങ്ങളും ഉത്തരവുകളും കൈക്കൊണ്ടുവെന്നാണ് ഇരുവരും രേഖാമൂലം ഉന്നയിച്ച പ്രധാന പരാതി.
പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍, വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യല്‍, നീക്കം ചെയ്ത പേരുകള്‍ പുനഃസ്ഥാപിക്കല്‍, എസ്ഐആറുമായി ബന്ധപ്പെട്ട അപ്പീലുകള്‍, വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ ഡാറ്റാബേസിന്റെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിലാണ് എതിര്‍പ്പുകള്‍ ഉയര്‍ന്നത്. ചില ഘട്ടങ്ങളില്‍ ഒരേ ദിവസം തന്നെ നാല് എതിര്‍പ്പുകള്‍ വരെ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
16.10 ലക്ഷം പേരെ ഉള്‍പ്പെടുത്തിയതിനെതിരേ നല്‍കിയ അപ്പീലുകള്‍ ആര് സമര്‍പ്പിച്ചു?
പശ്ചിമ ബംഗാളിലെ എസ്ഐആര്‍ നടപടികളുമായി ബന്ധപ്പെട്ട് 16.10 ലക്ഷം അപ്പീലുകള്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ പേരുകള്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഈ അപ്പീലുകളുടെ പിന്നില്‍ ആരാണെന്നും അവ സമര്‍പ്പിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും സംബന്ധിച്ച് ഓഗസ്റ്റില്‍ സുഖ്ബീര്‍ സിങ് സന്ധു സ്വന്തം ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി റിപ്പോര്‍ട്ട്.
'ഇത്തരം അപ്പീലുകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്ന് ആരെയാണ് അധികാരപ്പെടുത്തിയിരുന്നത്? ആരാണ് അതിന് അനുമതി നല്‍കിയത്?'' എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സന്ധു ഉന്നയിച്ചത്.
അപ്പീലുകള്‍ യഥാര്‍ഥത്തില്‍ ആരാണ് സമര്‍പ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യത്തില്‍ തനിക്കും മറ്റൊരു തിരഞ്ഞെടുപ്പ് കമ്മിഷണറായ വിവേക് ജോഷിക്കും പശ്ചിമ ബംഗാളിലെ നിലവിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും സന്ധു രേഖപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പശ്ചിമ ബംഗാളില്‍ എസ്ഐആറിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട 27.16 ലക്ഷം പേരില്‍ 22.21 ലക്ഷം പേര്‍ പേരുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തിടെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ പേരുകള്‍ക്കെതിരെ 16.10 ലക്ഷം അപ്പീലുകളും സമര്‍പ്പിക്കപ്പെട്ടു. ആകെ അപ്പീലുകളുടെ എണ്ണം 38.31 ലക്ഷമാണ്.
പുതിയ വോട്ടര്‍മാരുടെ ഫോമിലും എതിര്‍പ്പ്
പുതിയ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോം 6 മാറ്റിയതിലും വിവേക് ജോഷി എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
മെയ് മാസത്തില്‍ ജോഷി ചൂണ്ടിക്കാട്ടിയത്, പുതിയ വോട്ടര്‍മാരോട് അവരുടെ മാതാപിതാക്കളുടെയോ, അവരുടെ പൂര്‍വികരുടെയോ പേരുകള്‍ കഴിഞ്ഞ എസ്ഐആര്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നോ എന്ന് നിര്‍ബന്ധമായി ചോദിക്കുന്ന തരത്തില്‍ ഫോം 6 മാറ്റാന്‍ നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്താതെ സാധിക്കില്ലെന്നായിരുന്നു.
സുഖ്ബീര്‍ സിങ് സന്ധുവും ഇതേ നിലപാട് രേഖപ്പെടുത്തി. എന്നാല്‍ പിന്നീട് ഫോം 6-ല്‍ മാറ്റം വരുത്തിയതായാണ് റിപ്പോര്‍ട്ട്.
ഓഗസ്റ്റ് 13-ന് സന്ധു ഈ മാറ്റത്തെ ''അനുമതിയില്ലാത്തതും നിയമവിരുദ്ധവുമാണ്'' എന്ന് രേഖപ്പെടുത്തുകയും അത് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും ആ ചോദ്യം ഫോം 6-ല്‍ തുടരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വോട്ടര്‍ ഡാറ്റാബേസ് കേന്ദ്രീകരിക്കുന്നതിലും ആശങ്ക
വോട്ടര്‍പട്ടികയുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ക്രമേണ കേന്ദ്രതലത്തില്‍ കേന്ദ്രീകരിക്കുന്നതിനെതിരെയും വിവേക് ജോഷി മെയ് മാസത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വോട്ടര്‍ ഡാറ്റാബേസില്‍ മാറ്റം വരുത്താനുള്ള അധികാരം ബന്ധപ്പെട്ട നിയമപരമായ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്ന് ഉറപ്പാക്കാന്‍ സംവിധാനത്തിന്റെ സമഗ്രമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നീട് സന്ധുവും ഇതേ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനതല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ERONet സംവിധാനത്തില്‍ ''ശരിയായതും പൂര്‍ണവുമായ പ്രവേശനം'' ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് നിയമപ്രകാരം അധികാരമുള്ള ഉദ്യോഗസ്ഥരുടെ പ്രവേശനവും പ്രവര്‍ത്തനസ്വാതന്ത്ര്യവും നിയന്ത്രിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐടി വിഭാഗം ഡയറക്ടര്‍ ജനറലിന് നിയമപരമായ അധികാരമില്ലെന്നും ജോഷി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കാബിനറ്റ് സെക്രട്ടറിയെ സമീപിച്ച് രണ്ട് കമ്മിഷണര്‍മാര്‍
വോട്ടര്‍പട്ടികയുടെ സോഫ്റ്റ്വെയറും ഐടി സംവിധാനവും സംബന്ധിച്ച തര്‍ക്കം പിന്നീട് മറ്റൊരു തലത്തിലേക്കും നീങ്ങി.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണവിഭാഗത്തിലെ ചുമതലകളില്‍ വരുത്തിയ മാറ്റം വോട്ടര്‍പട്ടികയുടെ ഐടി സംവിധാനത്തിനുമേലുള്ള മേല്‍നോട്ടത്തിന്റെ ഒരു തലം ഇല്ലാതാക്കുന്ന രീതിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്ധുവും ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് പ്രത്യേകം കത്തുകള്‍ അയച്ചതായി റിപ്പോര്‍ട്ട്.
ഇത്തരം മാറ്റങ്ങള്‍ തങ്ങളുടെ അറിവില്ലാതെയാണ് വരുത്തിയതെന്നും ഇരുവരും വ്യക്തമാക്കി. തുടര്‍ന്ന് ഈ മാറ്റങ്ങള്‍ പിന്‍വലിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്മിഷന്റെ പേരിലുള്ള ആശയവിനിമയങ്ങളിലും എതിര്‍പ്പ്
ഏപ്രില്‍ 16-ന് സുഖ്ബീര്‍ സിങ് സന്ധു തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് മറ്റൊരു വിഷയവും ഉന്നയിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പേരില്‍ നിരവധി ആശയവിനിമയങ്ങള്‍ പുറത്തേക്ക് പോകുന്നുണ്ടെങ്കിലും അവയില്‍ ചിലതിന് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. 2023ലെ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇനി മുതല്‍ എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും കമ്മിഷന്റെ അംഗീകാരം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എട്ട് ദിവസത്തിന് ശേഷം വിവേക് ജോഷിയും സമാനമായ ആശങ്ക രേഖപ്പെടുത്തി. കമ്മിഷന്റെ ആവശ്യമായ അംഗീകാരമില്ലാതെ നിരവധി ആശയവിനിമയങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പേരില്‍ പുറത്തുവിടുന്നുണ്ടെന്നും ഭാവിയില്‍ ഇത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടനയുടെ 324-ാം അനുച്ഛേദവും 2023ലെ നിയമവും അദ്ദേഹം ചൂണ്ടിക്കാട്ടി.
13 കോടിയിലേറെ പേരുടെ വോട്ടര്‍പട്ടിക പരിശോധന
2025 ജൂണില്‍ ബിഹാറില്‍ ആരംഭിച്ച എസ്ഐആര്‍ പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടന്ന ഈ പ്രക്രിയയില്‍ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലേറെ പേരുകള്‍ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ വോട്ടര്‍പട്ടികയുടെ ശുദ്ധീകരണത്തിനപ്പുറം ആരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണം, ആരുടെ പേര് ഒഴിവാക്കണം എന്നതുമായി ബന്ധപ്പെട്ട വലിയ പൊതുചര്‍ച്ചയ്ക്കും എസ്ഐആര്‍ വഴിവച്ചു.
പശ്ചിമ ബംഗാളില്‍ എസ്ഐആറുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള അപ്പീലുകളും നിലവിലുണ്ട്. സെപ്റ്റംബര്‍ 16 വരെയുള്ള കണക്കനുസരിച്ച് 37.05 ലക്ഷത്തിലേറെ അപ്പീലുകള്‍ തീര്‍പ്പാകാതെ കിടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. നിലവിലുള്ള തീര്‍പ്പാക്കല്‍ വേഗതയില്‍ ഈ കേസുകള്‍ തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന കണക്കും കമ്മിഷന്‍ കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കമ്മിഷനുള്ളിലെ ഭിന്നത ചര്‍ച്ചയാകുന്നു
തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് നേരത്തെ തന്നെ പ്രതിപക്ഷ പാര്‍ട്ടികളും വിവിധ അവകാശ സംഘടനകളും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. എസ്ഐആര്‍ നടപടികള്‍ വഴി വോട്ടര്‍മാരുടെ അവകാശം നഷ്ടപ്പെടുന്നുവെന്ന ആരോപണങ്ങളും അവര്‍ ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ഈ ആരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ പുറത്തുവന്ന രേഖകള്‍ ചൂണ്ടിക്കാണിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അകത്തുതന്നെ രണ്ട് കമ്മിഷണര്‍മാര്‍ വിവിധ നടപടികളെക്കുറിച്ച് തുടര്‍ച്ചയായി ഔദ്യോഗിക എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു എന്നതാണ്.
ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണത്തിന് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നോ സുഖ്ബീര്‍ സിങ് സന്ധുവില്‍ നിന്നോ വിവേക് ജോഷിയില്‍ നിന്നോ പ്രതികരണം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകനായ സുഹാസ് പല്‍ഷികര്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട ഇത്തരം തീരുമാനങ്ങളില്‍ രണ്ട് കമ്മിഷണര്‍മാര്‍ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നടപടികളുടെ നിയമപരവും ഭരണഘടനാപരവുമായ സാധുത പരിശോധിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
എസ്ഐആര്‍ നടപടിക്കെതിരെ സുപ്രിം കോടതിയില്‍ ഹരജിക്കാരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും വിഷയത്തില്‍ സുപ്രിം കോടതി സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments