Breaking News

*കൈക്കൂലി പിരിവിന് ‘ഗൂഗിൾ ഫോം’!ആലത്തൂർ ജോ.ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് കേസ്; ജോ.ആർ.ടി.ഒ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്*

ആലത്തൂർ : പൊതുജനങ്ങൾക്ക് നൽകേണ്ട ആർ.ടി.ഒ സേവനങ്ങൾക്ക് ഏജന്റുമാർ മുഖേന കൈക്കൂലി പിരിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ആലത്തൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് നടപടി. ജോയിന്റ് ആർ.ടി.ഒ കെ.ആർ. രാജു, ഓഫീസ് അറ്റൻഡന്റ് എസ്. ഗീതു, ആർ.ടി.ഒ ഏജന്റ് കെ. ഗിരീഷ് കുമാർ എന്നിവർക്കെതിരെയാണ് വിജിലൻസ് പാലക്കാട് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.

കൈക്കൂലി പിരിവിനായി ഗൂഗിൾ ഫോമിൽ തയ്യാറാക്കിയ ഡിജിറ്റൽ ലിസ്റ്റ് വരെ ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. വാഹന നമ്പർ, വാഹനം, ആവശ്യപ്പെട്ട സേവനം, നൽകേണ്ട തുക, ഏജന്റിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ ലിസ്റ്റിന്റെ ഡിജിറ്റൽ തെളിവുകളും വിജിലൻസ് സംഘം ശേഖരിച്ചു.

ഓഗസ്റ്റ് ആറിന് നടത്തിയ മിന്നൽ പരിശോധനയിലാണ് കൈക്കൂലി പിരിവിന്റെ നിർണായക തെളിവുകൾ വിജിലൻസിന് ലഭിച്ചത്. കോട്ടായി സ്വദേശി ആർ.ടി.ഒ ഏജന്റ് ഗിരീഷിന്റെ കൈയിൽ നിന്ന് 59,910 രൂപയും പണം പിരിച്ചവരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും പിടിച്ചെടുത്തു. വിവിധ ഏജന്റുമാരിൽ നിന്ന് ജീവനക്കാർക്ക് വീതംവെക്കുന്നതിനായി രണ്ടാഴ്ചയിലൊരിക്കൽ ശേഖരിച്ച തുകയായിരുന്നു ഇതെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ആരിൽനിന്ന് എത്ര രൂപ വാങ്ങണം, തുകയിൽ ആർക്കെല്ലാം എത്ര വീതം നൽകണം തുടങ്ങിയ വിവരങ്ങൾ ലിസ്റ്റിൽ രേഖപ്പെടുത്തിയിരുന്നതായും പരിശോധനയിൽ കണ്ടെത്തി. ഓഫീസിലെ കമ്പ്യൂട്ടറിൽനിന്ന് ലഭിച്ച ഗൂഗിൾ ഫോം ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ സംഭവത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.

ഗിരീഷ് നേരത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സബ് ആർ.ടി.ഒ ഓഫീസിൽ താൽക്കാലിക ഡ്രൈവറായി നിയമനത്തിന് എത്തിയിരുന്നെങ്കിലും 15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രനിയമത്തിന്റെ പശ്ചാത്തലത്തിൽ നിയമനം നടന്നില്ല. തുടർന്ന് ആർ.ടി.ഒ ഏജന്റായി പ്രവർത്തിക്കുകയായിരുന്നു.

ചൊവ്വാഴ്ച സബ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് സംഘം തെളിവെടുപ്പും നടത്തി. പാലക്കാട് വിജിലൻസ് യൂണിറ്റ് സി.ഐമാരായ എസ്. അനീഷ്, പി.കെ. രാജേഷ്, എസ്.ഐ ബൈജു, സൈബർ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഗൂഗിൾ ഫോമിലെയും മറ്റ് ഡിജിറ്റൽ രേഖകളിലെയും വിവരങ്ങൾ സംഘം ശേഖരിച്ചു.

ജോയിന്റ് ആർ.ടി.ഒ കെ.ആർ. രാജുവിനെതിരെ സമാനമായ ആരോപണത്തിൽ 2024ൽ തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലും വിജിലൻസ് കേസുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്നത്തെ സംഭവത്തിൽ ആറുപേർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ശുപാർശ ഇപ്പോഴും ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിൽ തുടരുകയാണെന്നാണ് വിവരം.

ഉന്നത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നടപടി വൈകിപ്പിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ആലത്തൂർ ഓഫീസിലെ കൈക്കൂലി പിരിവിൽ കൂടുതൽ ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ടിട്ടുണ്ടോയെന്നതിലും അന്വേഷണം തുടരുകയാണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇവർക്കെതിരെയും കേസെടുക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി.

 


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments