*"ഓൺലൈൻ ഓർഡറിൽ ചതി; പുതിയ ഷർട്ടിന് പകരം അലക്കാത്ത പഴയ വസ്ത്രം; പ്രമുഖ വസ്ത്രക്കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി..!"*
ഓൺലൈൻ വഴി വാങ്ങിയ പുത്തൻ ഷർട്ടിന് പകരം അലക്കാത്ത പഴയ വസ്ത്രം നൽകി ഉപഭോക്താവിനെ വഞ്ചിച്ച കേസിൽ പ്രമുഖ വസ്ത്രക്കമ്പനിക്ക് കനത്ത പിഴ. പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധിച്ചു.
മഞ്ചേരി കോടതിയിലെ അഭിഭാഷകനും കുണ്ടൂർ സ്വദേശിയുമായ മുനീറാണ് ഉപഭോക്തൃ കോടതിയെ സമീപിച്ച് നീതി നേടിയത്. കഴിഞ്ഞ മാർച്ച് മാസത്തിൽ കോഴിക്കോട് ഹൈലൈറ്റ് മാളിലെ വാൻ ഹ്യൂസൻ ഷോറൂമിൽ നിന്നാണ് മുനീർ തനിക്ക് ഇഷ്ടപ്പെട്ട ഷർട്ട് ഓൺലൈനായി ബുക്ക് ചെയ്തത്.
ആദ്യത്തെ ഓർഡർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം വീണ്ടും ഓർഡർ നൽകുകയായിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം ഡെലിവറിയായി ലഭിച്ച പാർസൽ തുറന്നുനോക്കിയപ്പോഴാണ് ഓർഡർ ചെയ്ത നിറത്തിനോ ഡിസൈനിനോ പകരം അലക്കാത്തതും ഉപയോഗിച്ചതുമായ പഴയ ഷർട്ടാണ് പാക്കറ്റിലുള്ളതെന്ന് കണ്ടെത്തിയത്.
ഉടൻ തന്നെ വസ്ത്രം കമ്പനിക്ക് മടക്കി നൽകാൻ ശ്രമിച്ചെങ്കിലും, വസ്ത്രത്തിൽ ടാഗ് ഇല്ലെന്ന നിസ്സാര കാരണം പറഞ്ഞ് കമ്പനി അധികൃതർ അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല. തുടർന്നാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ അഭിഭാഷകൻ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്.
കേസ് വിശദമായി പരിഗണിച്ച കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു. ഷർട്ടിന്റെ വിലയായ 2,159 രൂപ, കേസ് നടത്തുന്നതിനായി ചെലവായ 3,000 രൂപ, ഉപഭോക്താവിനുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 രൂപ ഉൾപ്പെടെ ആകെ 15,159 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകാനാണ് ഉപഭോക്തൃ കോടതി ഉത്തരവിട്ടത്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments