*ചന്ദ്രഗിരിക്കോട്ട സ്വകാര്യ ഇവന്റ് കേന്ദ്രമാക്കരുത്;പൈതൃക സ്മാരകത്തെ വാണിജ്യവൽക്കരിക്കുന്ന നീക്കത്തിനെതിരെ ജനകീയ വികസന സമിതി*
കാസർകോട് : ജില്ലയിലെ പ്രധാന ചരിത്ര-പൈതൃക സ്മാരകങ്ങളിലൊന്നായ ചന്ദ്രഗിരിക്കോട്ട സ്വകാര്യ കമ്പനിക്ക് കരാർ അടിസ്ഥാനത്തിൽ പാട്ടത്തിന് നൽകിയെന്ന വിവരം ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് ഇക്കാര്യം നാട്ടുകാർ അറിയുന്നതെന്ന് ജില്ലാ ജനകീയ വികസന സമിതി ആരോപിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസ്മാരകമായ ചന്ദ്രഗിരിക്കോട്ട അതിന്റെ തനിമയും പൈതൃക സ്വഭാവവും സംരക്ഷിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് പകരം വിവാഹങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ പരിപാടികൾക്കും ടെന്റുകൾ സ്ഥാപിച്ച് താമസ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് സമിതി വ്യക്തമാക്കി.
ചരിത്രസ്മാരകങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ട പൊതുസ്വത്താണെന്നും അവയെ സ്വകാര്യ വാണിജ്യ ആവശ്യങ്ങൾക്കുള്ള വേദികളാക്കി മാറ്റുന്നത് പൈതൃക സംരക്ഷണത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്നും സമിതി ചൂണ്ടിക്കാട്ടി.
കോട്ടയിൽ വലിയ തോതിലുള്ള സ്വകാര്യ പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഉണ്ടാകാനിടയുള്ള മാലിന്യപ്രശ്നം, ശബ്ദമലിനീകരണം, വാഹനത്തിരക്ക്, പാർക്കിംഗ് പ്രതിസന്ധി, പരിസ്ഥിതി ആഘാതം തുടങ്ങിയ വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ആവശ്യമായ പാർക്കിംഗ് സൗകര്യം പോലും പരിമിതമായ പ്രദേശത്ത് വലിയ ജനക്കൂട്ടത്തെ ആകർഷിക്കുന്ന പരിപാടികൾ അനുവദിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം സമീപവാസികളുടെ ജീവിതത്തെയും ഗതാഗത സംവിധാനത്തെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പുകൾക്കുണ്ട്. മാലിന്യങ്ങൾ എങ്ങനെ ശേഖരിക്കുകയും സംസ്കരിക്കുകയും നീക്കം ചെയ്യുകയും ചെയ്യും എന്ന കാര്യത്തിലും വ്യക്തമായ പദ്ധതി വേണമെന്നും സമിതി ആവശ്യപ്പെട്ടു.
ചന്ദ്രഗിരിക്കോട്ട പോലുള്ള പുരാവസ്തു പ്രാധാന്യമുള്ള സ്മാരകത്തിൽ ഇത്തരം വാണിജ്യപരമായ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും, എന്തെല്ലാം നിബന്ധനകളോടെയാണ് അനുമതി നൽകിയതെന്നും പുരാവസ്തു വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
കരാറിന്റെ കാലാവധി, വ്യവസ്ഥകൾ, അനുവദിച്ച പ്രവർത്തനങ്ങൾ, പരിപാലന ചുമതല, മാലിന്യസംസ്കരണ സംവിധാനം, പാർക്കിംഗ് ക്രമീകരണം, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
ചന്ദ്രഗിരിക്കോട്ടയുടെ ചരിത്രപരവും പാരിസ്ഥിതികവുമായ പ്രാധാന്യം കണക്കിലെടുക്കാതെ ഏതെങ്കിലും സ്വകാര്യ താൽപര്യങ്ങൾക്ക് കോട്ടയെ വിട്ടുകൊടുക്കാനുള്ള ശ്രമം ഉണ്ടായാൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ ജനകീയ വികസന സമിതി മുന്നറിയിപ്പ് നൽകി.
കോട്ടയുടെ പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമായ രീതിയിൽ ചന്ദ്രഗിരിക്കോട്ടയെ വികസിപ്പിക്കുകയാണ് വേണ്ടതെന്നും, സ്വകാര്യ വാണിജ്യ താൽപര്യങ്ങൾക്ക് ചരിത്രസ്മാരകങ്ങളെ വിട്ടുകൊടുക്കുന്ന നയം സർക്കാർ പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വിഷയം സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി വിശദീകരണം നൽകണമെന്നും, ആവശ്യമായ രേഖകൾ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ ജനകീയ വികസന സമിതി ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments