*മിനിമം നിരക്ക് 15 രൂപയാക്കണം, പ്രിയദർശിനി കാരണം നഷ്ടം 800 കോടി; നവംബർ 3 മുതൽ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ*
കൊച്ചി : സംസ്ഥാനത്ത് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് മുടക്കം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകൾ. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസ് ആരംഭിച്ചതിനുശേഷം സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ. പദ്ധതി കാരണം നാലുമാസത്തിനിടെ സ്വകാര്യ ബസുകൾക്ക് 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംയുക്ത സമരസമിതി വ്യക്തമാക്കി. മിനിമം ചാർജ് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്കും കൺസഷനും വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിവിധ ആവശ്യങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നെങ്കിലും ഇതുവരെ ചർച്ചയ്ക്ക് തയാറായിട്ടില്ലെന്ന് സമരസമിതി വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കേരള ബസ് ഓപ്പറേറ്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി, കേരള പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളത്ത് ചേർന്ന സംയുക്ത സമിതി യോഗമാണ് നവംബർ 3 മുതൽ അനിശ്ചിതകാല സർവീസ് നിർത്തിവയ്ക്കൽ സമരം പ്രഖ്യാപിച്ചത്.
സ്ത്രീ സൗജന്യ യാത്ര സ്വകാര്യ ബസുകളിലും നടപ്പിലാക്കി തത്തുല്യമായ തുക ഉടമകൾക്ക് സർക്കാർ നൽകുക, രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, മിനിമം ബസ് യാത്രാ നിരക്ക് 15 രൂപയായി ഉയർത്തുക, ഡീസൽ വിലയിലെ നികുതി സ്വകാര്യ ബസുകൾക്ക് ഒഴിവാക്കി കൊടുക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കൂടാതെ ഓൺലൈൻ ടൈമിങ് കോൺഫറൻസ് ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക, ഗ്രാമ വണ്ടികൾ സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിലേക്ക് മാത്രമാക്കുക, ബസുകളുടെ കാലാവധി വർധിപ്പിക്കുക, ഇൻഷുറൻസ് സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളിലും അടിയന്തരമായി തീരുമാനമുണ്ടാകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments