*ആരോഗ്യമുള്ള വായ, സന്തോഷമുള്ള ഹൃദയം!*
* ആരോഗ്യം *
നല്ല വായ ശുചിത്വം പാലിക്കുന്നത് പല്ലുകൾക്ക് മാത്രമല്ല, ഹൃദയത്തിനും ഗുണകരമാണെന്ന് നിങ്ങൾക്കറിയാമോ?
നമ്മുടെ വായയും ഹൃദയവും രക്തയോട്ടത്തിലൂടെയും പ്രതിരോധ സംവിധാനത്തിലൂടെയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. മോണയിൽ അണുബാധയുണ്ടായാൽ അത് അവിടെ മാത്രം ഒതുങ്ങിനിൽക്കില്ല; അത് നമ്മുടെ ശരീരത്തെയാകെ ബാധിക്കും.
*മോണരോഗം എങ്ങനെ ഹൃദയത്തെ ബാധിക്കുന്നു?*
മോണരോഗം (പെരിയോഡോണ്ടൈറ്റിസ്) വരുമ്പോൾ രക്തസ്രാവവും വീക്കവും ഉണ്ടാകും. _പോർഫിറോമോണസ് ജിംഗിവാലിസ്_, _ഫ്യൂസോബാക്ടീരിയം ന്യൂക്ലിയേറ്റം_ തുടങ്ങിയ ദോഷകരമായ ബാക്ടീരിയകൾ രക്തത്തിൽ കടന്ന് ഹൃദയത്തിന്റെ വാൽവിലും രക്തക്കുഴലുകളുടെ ഭിത്തിയിലും പറ്റിപ്പിടിക്കും.
ഇത് മൂലം സി-റിയാക്ടീവ് പ്രോട്ടീൻ (CRP), ഇന്റർല്യൂക്കിനുകൾ (IL-1, IL-6), ട്യൂമർ നെക്രോസിസ് ഫാക്ടർ-ആൽഫ (TNF-α) തുടങ്ങിയ വീക്കം ഉണ്ടാക്കുന്ന ഘടകങ്ങൾ വർധിക്കുന്നു. ഇവ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും, എൻഡോതെലിയൽ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും, ധമനികളിൽ പ്ലാക്ക് രൂപീകരണം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് ഇസ്കെമിക് ഹൃദയ രോഗങ്ങൾക്കും സ്ട്രോക്കിനും സാധ്യത കൂട്ടുന്നു.
പഠനങ്ങൾ പറയുന്നത്, ആരോഗ്യമുള്ള മോണകളുള്ളവരെ അപേക്ഷിച്ച് മോണരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത *15% മുതൽ 28% വരെ കൂടുതലാണ്* എന്നാണ്.
പുകവലി, പ്രമേഹം, ജങ്ക് ഫുഡ്, സമ്മർദ്ദം എന്നിവ മോണരോഗത്തിനും ഹൃദ്രോഗത്തിനും പൊതുവായുള്ള അപകട ഘടകങ്ങളാണ്.
*നല്ല വായയും ആരോഗ്യമുള്ള ഹൃദയവും നിലനിർത്താൻ എന്തുചെയ്യണം?*
*1. ദിവസവും ബ്രഷ്, ഫ്ലോസ്:* ദിവസവും 2 നേരം, 2 മിനിറ്റ് ഫ്ലൂറൈഡ് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്യുക. പല്ലുകൾക്കിടയിൽ ഫ്ലോസ് ചെയ്യാൻ മറക്കരുത് - അവിടെയാണ് രോഗം തുടങ്ങുന്നത്.
*2. ബ്ലീഡിംഗ് അവഗണിക്കരുത്:* പല്ല് തേക്കുമ്പോൾ രക്തം വരുന്നത് സാധാരണമല്ല. അത് അണുബാധയുടെ ആദ്യ ലക്ഷണമാണ്. കൂടുതൽ അമർത്തി തേക്കരുത്, ദന്തരോഗവിദഗ്ധനെ കാണുക.
*3. പതിവായി പല്ല് വൃത്തിയാക്കൽ:* 6 മാസം കൂടുമ്പോൾ പ്രൊഫഷണൽ ക്ലീനിംഗ് ചെയ്യുക. പ്രമേഹം, ഹൃദ്രോഗം, പഴയ മോണരോഗ ചരിത്രം ഉള്ളവർ 3-4 മാസം കൂടുമ്പോൾ തന്നെ ചെയ്യണം.
*4. ജീവിതശൈലി മാറ്റുക:* പുകവലി നിർത്തുക, ബ്ലഡ് ഷുഗർ നിയന്ത്രിക്കുക, അൾട്രാ പ്രോസസ്ഡ് ഫുഡ് കുറയ്ക്കുക, സ്ട്രെസ് മാനേജ് ചെയ്യുക.
*5. ഡോക്ടറോട് പറയുക:* ഹൃദയ വാൽവ് പ്രശ്നം, രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ, എൻഡോകാർഡിറ്റിസ് ചരിത്രമുള്ളവർ എന്നിവർ ഡെന്റൽ ക്ലീനിംഗിന് മുന്നേ ഡെന്റിസ്റ്റിനോട് തുറന്നു പറയണം.
> പെരിയോഡോണ്ടൽ ചികിത്സ എൻഡോതെലിയൽ പ്രവർത്തനം മെച്ചപ്പെടുത്താനും വീക്കത്തിന്റെ സൂചകങ്ങൾ കുറയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. അതായത്, വായുടെ ആരോഗ്യം ഹൃദയ സംരക്ഷണത്തിന്റെ ഭാഗമാണ്.
ഇനി മുതൽ പല്ല് ക്ലീൻ ചെയ്യുന്നതും ഡെന്റിസ്റ്റിനെ കാണുന്നതും മനോഹരമായ പുഞ്ചിരിക്ക് വേണ്ടി മാത്രമല്ല, ആരോഗ്യമുള്ള ഹൃദയത്തിനും സന്തോഷമുള്ള ജീവിതത്തിനും കൂടിയാണ്
ഫോട്ടോ : ഡോ. ഫൗസിയ ഷാനഹാസ് കെ
ബി.ഡി.എസ്., എം.ഡി.എസ്.,
കൃത്രിമപ്പല്ല് വിദഗ്ധൻ &
ഇംപ്ലാൻ്റോളജിസ്റ്റ് ,
പരിയാപുരം, തിരൂർ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments