Breaking News

*ഗ്യാനേഷിന്‍റെ രാജിക്കായി ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം, മൂന്നാം നാളിലും പ്രതിഷേധം, ഗാന്ധി സമാധിയിൽ പ്രാർത്ഥന; രാജിവയ്ക്കാതെ പിന്മാറില്ലെന്ന് രാഹുൽ*

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നലെയും കടുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധത്തിന്‍റെ ഭാഗമായി ഗാന്ധി സമാധിയിലെത്തി ഇന്ത്യാ സഖ്യം എം പിമാർ പ്രാർത്ഥന നടത്തി. കൊണാട്ട് പ്ലേസിലെ മോട്സ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം മൂന്ന് ബസുകളിലായാണ് എം പിമാർ രാജ്ഘട്ടിലേക്ക് നീങ്ങിയത്. നൂറുകണക്കിന് പ്രവർത്തകർ ഇന്നലെയും എം പിമാരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. രാജ്യദ്രോഹം നടത്തിയ എല്ലാവർക്കും എതിരെ നടപടി ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

തുടർച്ചയായ മൂന്നാം ദിനവും ഇന്ത്യാ സഖ്യം എംപിമാരുടെ യോജിച്ച നീക്കത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത്. ബുധനാഴ്ചത്തേ പോലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എം പിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. കൊണാട്ട് പ്ലേസിലെ ഇന്നർ സർക്കിളിലുള്ള മോഡ്സ് ഹോട്ടലിൽ ആയിരുന്നു ഉച്ചഭക്ഷണം. അഭിഷേക് ബാനർജി അടക്കമുള്ള എം പിമാർ ഉച്ചഭക്ഷണത്തിനെത്തി. ബുധനാഴ്ച വിട്ടു നിന്ന സമാജ് വാദി പാർട്ടിയും ഇന്നലെ പ്രതിഷേധത്തിൽ പങ്കു ചേർന്നു. നൂറുകണക്കിന് പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് എത്തിച്ചേർന്നതോടെ ഡൽഹി പോലീസും അർദ്ധസൈനികരും ഹോട്ടലിന് ചുറ്റും സുരക്ഷാവലയം തീർത്തു. മൂന്ന് മണിയോടെ മൂന്ന് ബസ്സുകളിലായി എം പിമാർ കൊണാട്ട് പ്ലേസിൽ നിന്ന് രാജ്ഘട്ടിലേക്ക് തിരിച്ചു. രാജ്ഘട്ടിൽ പ്രവേശനം അനുവദിക്കാൻ ആവില്ല എന്നാണ് പോലീസ് ആദ്യം അറിയിച്ചത്. എന്നാൽ സമാധാനപരമായി പ്രാർത്ഥന നടത്തും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ എം പിമാരെ പോലീസ് തടഞ്ഞില്ല. പോലീസ് അനുവാദം നൽകിയില്ലെങ്കിൽ ബസ്സുകളിൽ തന്നെ ഇരുന്ന് പ്രതിഷേധിക്കാനായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആലോചന. മിന്റോ റോഡ് വഴി രണ്ട് മണിക്കൂർ എടുത്ത് എം പിമാരുടെ ബസുകൾ രാജ്ഘട്ടിൽ എത്തി. എം പിമാരെ അഞ്ചരയോടെ അകത്തേക്ക് പോകാൻ പോലീസ് അനുവദിച്ചു. മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ എം പിമാർ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയതിനേ് ശേഷം ഗാന്ധി സമാധിക്ക് അടുത്തിരുന്ന് കുറച്ചു നേരം പ്രാർത്ഥിച്ചു. രാജ്ഘട്ടിൽ സന്ദർശക സമയം അവസാനിക്കുന്ന ആറ് മണിക്ക് തൊട്ടുമുമ്പ് നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ ഇതിനകത്തേക്ക് നീങ്ങി എം പിമാരോട് മടങ്ങാൻ നിർദ്ദേശിച്ചു. നേതാക്കൾക്കൊപ്പമുള്ള പ്രവർത്തകർ സമാധിയിലേക്ക് പോകുന്നത് സുരക്ഷാ സേന തടഞ്ഞു. ആറു മണിയോടെ എം പിമാർ രാജ്ഘട്ടിൽ നിന്ന് മടങ്ങാൻ തയ്യാറായത് പോലീസിന് ആശ്വാസമായി. കഴിഞ്ഞ രണ്ട് ദിവസവും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ബലംപ്രയോഗിച്ചാണ് പൊലീസ് നീക്കിയത്. വരും ദിവസങ്ങളിലും ഈ സമരം തുടരുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments