*ലഹരിക്കെതിരെ കേരളത്തിന്റെ പുതിയ കരുത്ത്; സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തുടക്കമായി, .*
ലഹരി മാഫിയകൾക്കെതിരായ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി കേരളത്തിൽ എക്‌സൈസ് വകുപ്പിന് കീഴിൽ സംസ്ഥാന നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നിലവിൽ വന്നു. തിരുവനന്തപുരം എക്‌സൈസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു ബ്യൂറോ ഉദ്ഘാടനം ചെയ്തു.
പൂർണമായും ലഹരി വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പുതിയ സംവിധാനം പ്രവർത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് എന്നിങ്ങനെ നാലു വിഭാഗങ്ങളായി തിരിച്ച് ലഹരി ശൃംഖലകളെ കണ്ടെത്തുന്നതിനുള്ള സമഗ്രമായ സംവിധാനമാണ് ബ്യൂറോയിലുള്ളത്. എല്ലാ ജില്ലകളിലും പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ടീമുകൾ സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ നിയമാധികാരങ്ങളും എസ്എൻസിബി പ്രയോജനപ്പെടുത്തും.
ലഹരി കുറ്റവാളികളുടെ പശ്ചാത്തലവും ഡിജിറ്റൽ ലോകത്തെ അവരുടെ ശൃംഖലകളും വിശദമായി പഠിക്കുന്നതിനും കണ്ടെത്തുന്നതിനും പിന്തുടരുന്നതിനും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഊന്നൽ നൽകും. അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ബ്യൂറോയ്ക്ക് സൈബർ ഇന്റർവെൻഷൻ അധികാരം നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും പൗരാവകാശങ്ങൾ ലംഘിക്കപ്പെടാത്തവിധം ജാഗ്രതയോടെയാകും ഇത്തരം അധികാരങ്ങൾ വിനിയോഗിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
ബ്യൂറോയിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിലും കർശന മാനദണ്ഡങ്ങൾ പാലിക്കും. അഴിമതി പശ്ചാത്തലമോ മോശം പ്രവർത്തനങ്ങളോ ഉള്ളവരെ ഒഴിവാക്കി കാര്യക്ഷമത, സത്യസന്ധത, സുതാര്യത എന്നിവ ഉറപ്പാക്കുന്ന മികച്ച ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. അയ്യായിരത്തോളം ഉദ്യോഗസ്ഥർ മാത്രമുള്ള എക്‌സൈസ് വകുപ്പ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലാണ് നടത്തുന്നതെന്നും അമ്പതിനായിരത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ ആധുനികവൽക്കരണവും പ്രവർത്തനങ്ങളും ശക്തിപ്പെടുത്തി കൂടുതൽ മികച്ച സേവനം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക യൂണിഫോം ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു.
എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിച്ചു. നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ അധ്യക്ഷനായി. എക്‌സൈസ് അഡിഷണൽ കമ്മീഷണർമാരായ ആർ ജയശങ്കർ, ബി കൃഷ്ണകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം വി പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments