*ആരോഗ്യരംഗത്ത്മുന്നിലായത് കേരളത്തിന്റെഅയോഗ്യതയോ?: എയിംസ്വൈകുന്നതിൽ കേന്ദ്രത്തോട് ഹൈക്കോടതി*
കൊച്ചി : ‘‘കേരളത്തിന് എയിംസിന് അർഹതയില്ലേ? എന്തുകൊണ്ടാണ് കേരളത്തിനുള്ള എയിംസ് ഇത്ര വൈകുന്നത്? ഞങ്ങൾക്ക് പോസിറ്റീവായ ഒരു മറുപടി കിട്ടണം’’, സംസ്ഥാനത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അനുവദിക്കുന്നതിലുള്ള കടുത്ത കാലതാമസത്തിൽ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ചോദിച്ചത് ഇങ്ങനെ. കേരളം ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്നതിനാലാണ് എയിംസ് അനുമതി വൈകുന്നതെന്നും ആരോഗ്യരംഗത്ത് പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന കൊടുക്കുന്നതാണ് നയമെന്നും കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ അറിയിച്ചു. കേരളത്തിന്റെ കാര്യത്തിൽ അത് ഒരു അയോഗ്യതയായാണോ കേന്ദ്രം കാണുന്നതെന്നാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് തിരികെ ചോദിച്ചത്.
കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ കോടതി നേരത്തെ കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച അധിക സത്യവാങ്മൂലം പരിശോധിക്കുന്നതിനിടെയാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുമെന്നത് കേന്ദ്ര നയമായിരിക്കെ, കേരളത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കേന്ദ്ര സർക്കാരിന്റെ മുൻഗണനാ മാനദണ്ഡങ്ങൾ, സംസ്ഥാന സർക്കാരിന്റെ കത്തുകൾ, കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന്റെ നിലവിലെ സ്ഥിതി എന്നിവ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിക്കുന്നതിനും നിലവിലുള്ളവയുടെ തുടർച്ചയ്ക്കുമായി 11,307 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും എന്നാൽ പുതിയ പദ്ധതിയുടെ പ്രൊപ്പോസൽ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. 2026 ജൂലൈ 24ന് ലോക്‌സഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടി പ്രകാരം കേരളത്തിന് എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടില്ല. കോഴിക്കോട് കിനാലൂർ ഉൾപ്പെടെ നാല് സ്ഥലങ്ങളാണ് സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നത്. ഇതിൽ അന്തിമമായി കിനാലൂരിന്റെ പേരാണ് സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാൽ, ഹർജിക്കാർ ആവശ്യപ്പെടുന്ന കാസർകോട്ടെയോ വെള്ളൂരെയോ ഭൂമി ഈ നിർദേശങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലെന്ന് കേസിൽ വാദം നടന്നു. എയിംസ് കാസർകോഡ് ജനകീയ കൂട്ടായ്മ എന്ന സംഘടനയാണ് ജില്ലയിൽ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
എയിംസ് എവിടെ സ്ഥാപിക്കണം എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും ഹർജിക്കാർ നിർദേശിക്കുന്ന സ്ഥലത്ത് തന്നെ വേണമെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടോയെന്ന് ആരായുകയും ചെയ്തു. ഭൂമി സംസ്ഥാന സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ കാബിനറ്റ് തത്വത്തിൽ അംഗീകാരം നൽകിയാൽ മാത്രമേ തുടർ നടപടികളും ഫണ്ട് വിഹിതവും സാധ്യമാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ആരോഗ്യ മേഖല മികച്ച നിലയിലായതിനാലാണ് ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയതെന്നും ഇതാണ് വൈകാൻ കാരണമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, കേരളം ആരോഗ്യമേഖലയിൽ മുന്നിലാണെന്നത് ഒരു അയോഗ്യതയാണോ എന്ന് കോടതി ചോദിച്ചു. ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളമെന്നും സാധാരണക്കാരായ ജനങ്ങൾക്ക് വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകില്ലെന്നും എയിംസ് പോലുള്ള സ്ഥാപനം അനിവാര്യമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി പോലെ വലിയ സാമ്പത്തികശേഷിയുള്ള നഗരങ്ങളിൽ എയിംസ് ഉള്ളപ്പോഴും ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം എയിംസുകൾ അനുവദിച്ചപ്പോഴും കേരളത്തിന് എന്ത് അർഹതയില്ലാത്തതിനാലാണ് നിഷേധിക്കുന്നതെന്ന് കോടതി ചോദിച്ചു.
എയിംസിനായി ഭൂമി കണ്ടെത്തി അത് കഴിഞ്ഞ 6 വർഷമായി വെറുതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേവലം മാനദണ്ഡങ്ങളുടെ പേരുപറഞ്ഞ് കേരളത്തിന് എയിംസ് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. പദ്ധതിക്കാവശ്യമായ തത്വത്തിലുള്ള അംഗീകാരം കേന്ദ്ര കാബിനറ്റ് വൈകിപ്പിക്കുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ (പിഎംഎസ്‍സ്‍വൈ) ഘട്ടം-5 അനുമതി ലഭിച്ച 2016 മുതൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടങ്ങിയതാണ്. 2025 ഒക്ടോബറിൽ കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ അനുമതി തേടി കേന്ദ്ര ആരോഗ്യ മന്ത്രിക്കു നിവേദനം നൽകിയിട്ടുമുണ്ട്. കഴിഞ്ഞ 10-11 വർഷമായി വിഷയം കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടായിട്ടും എഴുത്തുകുത്തുകൾക്കപ്പുറം പ്രയോഗികമായി യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ജനസാന്ദ്രതയും സാധാരണക്കാരായ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കേരളത്തേയും കേന്ദ്ര സർക്കാർ നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിണിക്കണമെന്നാണ് തങ്ങൾ നിരീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ബോധപൂർവമായ ഒരു തീരുമാനം എടുക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും എല്ലാ കാര്യങ്ങളും കണക്കിലെടുത്ത് സർക്കാർ ഒരു അനുകൂല തീരുമാനം എടുക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. തുടർന്ന്, കേന്ദ്ര സർക്കാരിന് മറുപടി നൽകാൻ കോടതി 6 ആഴ്ചത്തെ സമയം അനുവദിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments