*റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിന് പുതുമുഖം; നവീകരണ പ്രവൃത്തികൾ പൂർത്തിയായി* *ഉദ്ഘാടനം നവംബർ 10-ന് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും* *ചെലവഴിച്ചത് 1.93 കോടി രൂപ*
കാസർഗോഡ് : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ സംസ്ഥാന ടൂറിസം വകുപ്പ് 1.93 കോടി രൂപ ചെലവിൽ നടപ്പാക്കിയ സൗന്ദര്യവൽക്കരണ, നവീകരണ പ്രവൃത്തികൾ പൂർത്തിയായി. നവീകരിച്ച ടൂറിസ്റ്റ് കോംപ്ലക്സിന്റെ ഉദ്ഘാടനം നവംബർ 10-ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും.
വിനോദസഞ്ചാരികൾക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും താമസസൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ആകെ 1,93,20,986 രൂപയുടെ രണ്ട് പദ്ധതികളാണ് റാണിപുരത്ത് നടപ്പാക്കിയത്. സിൽക്ക് (SILK) മുഖേന 96,67,129 രൂപ ചെലവിലാണ് സൗന്ദര്യവൽക്കരണ പദ്ധതി പൂർത്തിയാക്കിയത്. ഇതിന്റെ ഭാഗമായി ആംഫി തിയേറ്റർ, നീന്തൽക്കുളം, സ്റ്റീൽ പാലം, സംരക്ഷണ ഭിത്തി, ശുചിമുറി ബ്ലോക്ക്, കുഴൽക്കിണർ എന്നിവയുടെ നിർമാണവും പ്രവേശന കവാടം, ലൈബ്രറി കെട്ടിടം എന്നിവയുടെ സൗന്ദര്യവൽക്കരണവും പൂർത്തീകരിച്ചു. കൂടാതെ ലാൻഡ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, കുട്ടികൾക്കായുള്ള കളിയുപകരണങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
കെൽ (KEL) മുഖേന 96,53,857 രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. കോട്ടേജുകൾ, ഗസ്റ്റ് ഹൗസ്, മീറ്റിംഗ് ഹാൾ, പവലിയൻ എന്നിവ ഇതിന്റെ ഭാഗമായി നവീകരിച്ചു. പുതിയ നടത്തിപ്പുകാരന്റെ നേതൃത്വത്തിൽ നാല് കോട്ടേജുകൾ ആവശ്യമായ ഫർണിച്ചറുകൾ ഉൾപ്പെടെ സജ്ജീകരിക്കുകയും എട്ട് മുറികൾ കൂടി സന്ദർശകർക്കായി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. റിസോർട്ടിലെ റസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പ്രകൃതിരമണീയമായ മലനിരകളും പുൽമേടുകളും വനസമ്പത്തും നിറഞ്ഞ റാണിപുരത്തേക്ക് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും പ്രദേശത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിയിലൂടെ സാധിക്കും. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ടൂറിസം മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
റിസോർട്ട് ബുക്കിംഗിനായി 9446233653, 0467 2227755, 9847092928 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.
*റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സ് നവീകരണ ഉദ്ഘാടനം: സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു*
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിലെ നവീകരണ, സൗന്ദര്യവൽക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു. റാണിപുരം ടൂറിസ്റ്റ് കോംപ്ലക്സിൽ ചേർന്ന യോഗം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.പനത്തടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ. ജെയിംസ് അധ്യക്ഷത വഹിച്ചു.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ച നവീകരണ, സൗന്ദര്യവൽക്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നവംബർ 10-ന് ഉച്ചയ്ക്ക് രണ്ടിന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. സംസ്ഥാന ടൂറിസം വകുപ്പ്, കാസർകോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി), പനത്തടി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ വിജയകരമായ നടത്തിപ്പിനായുള്ള മുന്നൊരുക്കങ്ങൾ, വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും ഏകോപനം, മറ്റ് ക്രമീകരണങ്ങൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്തു. പരിസ്ഥിതി സൗഹാർദമായ വികസന പ്രവർത്തനങ്ങളിലൂടെ റാണിപുരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്നും യോഗം വിലയിരുത്തി.
യോഗത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുപ്രിയ അജിത്, കെ.ബി. രതീഷ്, സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ സ്വാഗതവും ടൂറിസം വകുപ്പ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അഞ്ജു മോഹനൻ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments