*ശല്യക്കാരായ കോളുകള്‍ക്ക് കടിഞ്ഞാണിടാന്‍ ട്രായ്*
പരസ്യങ്ങളുടെയും പ്രചാരണങ്ങളുടെയും പേരില്‍ ഉപഭോക്താക്കളെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന ടെലികോം കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ട്രായ്) നേരിട്ട് അധികാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അനാവശ്യ കോളുകളും (പെസ്‌കി കോളുകള്‍) എസ്.എം.എസുകളും തടയുന്നതില്‍ ചട്ടലംഘനം നടത്തുന്ന ടെലികോം സേവനദാതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള അധികാരമാണ് ട്രായ്ക്ക് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടെലികോം മന്ത്രാലയം. അനാവശ്യ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമെതിരെ ഉപഭോക്താക്കളുടെ പരാതികള്‍ വര്‍ദ്ധിച്ചിട്ടും ടെലികോം കമ്പനികള്‍ക്കെതിരെ ഫലപ്രദമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. നിലവില്‍ ചട്ടലംഘനം ട്രായ് കണ്ടെത്തിയാല്‍ പിഴയോ സാമ്പത്തിക പിഴശിക്ഷയോ ചുമത്താന്‍ ടെലികോം വകുപ്പിന് (ഡിഒടി) ശുപാര്‍ശ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ കാരണം ട്രായ് നല്‍കുന്ന ശുപാര്‍ശകളിന്മേല്‍ ഡിഒടിക്ക് നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ട്രായിയുടെ പിഴയിടല്‍ ഉത്തരവുകള്‍ ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ ടെലികോം തര്‍ക്കപരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിനെ (ടിഡിഎസ്എടി) സമീപിച്ച് സ്റ്റേ നേടുന്നതും നടപടികള്‍ക്ക് തടസമാകുന്നുണ്ട്. ഉപഭോക്താക്കളുടെ പരാതികളുടെ കണക്കുകള്‍ സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസത്തിനിടെ മാത്രം 20.75 ലക്ഷം പരാതികളാണ് അനാവശ്യ കോളുകള്‍ക്കെതിരെ ലഭിച്ചത്. 2025-ല്‍ ആകെ ലഭിച്ച 31.09 ലക്ഷം പരാതികളുടെ 66 ശതമാനത്തോളം വരുമിത്. ഈ പരാതികളില്‍ 82 ശതമാനത്തിലേറെയും രജിസ്റ്റര്‍ ചെയ്യാത്ത ടെലി മാര്‍ക്കറ്റര്‍മാര്‍ക്കെതിരെയാണ്. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളും വ്യക്തികളും വഴിയുള്ള വാണിജ്യ കോളുകളും സന്ദേശങ്ങളുമാണ് ഉപഭോക്താക്കള്‍ക്ക് പ്രധാന തലവേദനയാകുന്നത്. പരാതികളുടെ എണ്ണം വര്‍ഷംതോറും കുതിച്ചുയരുന്നതായാണ് കണക്കുകള്‍. 2021-ല്‍ 12.84 ലക്ഷം പരാതികളാണ് ലഭിച്ചത്. 2022-ല്‍ ഇത് 10.83 ലക്ഷമായി കുറഞ്ഞു. 2023-ല്‍ 13.62 ലക്ഷമായും 2024-ല്‍ 19.38 ലക്ഷമായും ഉയര്‍ന്നു. 2025-ല്‍ പരാതികള്‍ 31.09 ലക്ഷത്തിലെത്തി. 2024-നെ അപേക്ഷിച്ച് 2025-ല്‍ 60 ശതമാനത്തോളം വര്‍ദ്ധനയുണ്ടായി. പരാതികള്‍ കൂടുമ്പോഴും ശല്യക്കാരുടെ ടെലികോം കണക്ഷനുകള്‍ വിച്ഛേദിക്കുന്ന നടപടികളില്‍ സമാനമായ വര്‍ദ്ധനയുണ്ടായിട്ടില്ല. 2024 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ 19.21 ലക്ഷം കണക്ഷനുകള്‍ വിച്ഛേദിച്ചപ്പോള്‍ 2025-ല്‍ ഇത് 1.94 ലക്ഷമായി കുറഞ്ഞു. 2026-ലെ ആദ്യ ആറുമാസത്തിനിടെ വിച്ഛേദിച്ചത് 79,000 കണക്ഷനുകള്‍ മാത്രമാണ്. അതേസമയം, ഇത്തരം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കിയിട്ടുണ്ട്. വാണിജ്യ സന്ദേശങ്ങള്‍ക്കു പിന്നിലുള്ള രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ 2024 ഓഗസ്റ്റ്-ഡിസംബര്‍ കാലയളവില്‍ 155 എണ്ണത്തെ കരിമ്പട്ടികയില്‍പ്പെടുത്തിയപ്പോള്‍ 2025-ല്‍ ഇത് 995 ആയി. 2026 ജൂണ്‍ വരെ 1,406 സ്ഥാപനങ്ങളെയും കരിമ്പട്ടികയില്‍പ്പെടുത്തി. അനാവശ്യ കോളുകള്‍ നിയന്ത്രിക്കാന്‍ ട്രായ് നേരത്തെ സ്വീകരിച്ച നടപടികള്‍ക്കപ്പുറം ടെലികോം സേവനദാതാക്കളെ നേരിട്ട് ഉത്തരവാദികളാക്കുന്ന സംവിധാനമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പിഴ ചുമത്താനുള്ള അധികാരം നേരിട്ട് ലഭിച്ചാല്‍ ചട്ടലംഘനങ്ങള്‍ക്കെതിരെ വേഗത്തില്‍ നടപടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
No comments