*സർക്കാർ ഭൂമി കൈയേറുന്ന ബി.ജെ.പിക്ക് അഴിമതിക്കെതിരെ സംസാരിക്കാൻ എന്ത് ധാർമികത ? യു.കെ. സൈഫുള്ള തങ്ങൾ*
മഞ്ചേശ്വരം : മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മതത്തിന്റെ പേരിൽ സർക്കാർ ഭൂമി ആസൂത്രിതമായി കൈയേറുന്ന ബി.ജെ.പിക്ക് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് ക്ലർക്കിന്റെ സാമ്പത്തിക ക്രമക്കേടിനെക്കുറിച്ച് സംസാരിക്കാൻ എന്ത് ധാർമികതയാണുള്ളതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ ചോദിച്ചു.സർക്കാർ ഭൂമി കൈയേറാൻ സംഘപരിവാർ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്നും ഇതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നത് ഖേദകരമാണെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഭൂമി കണ്ടെത്തി ആദ്യം കുടിൽ കെട്ടുകയും പിന്നീട്മതാചാരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി ഭൂമി കൈവശപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇതിലൂടെ ഏക്കർ കണക്കിന് സർക്കാർ ഭൂമിയാണ് നഷ്ടമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.മംഗൽപാടി പഞ്ചായത്തിലെ ജോഡ്ക്കല്ലിൽ പൊതുമരാമത്ത് വകുപ്പിന്റെ ഭൂമി കൈയേറിയ സംഭവം ഒടുവിലത്തെ ഉദാഹരണം.കയ്യേറ്റശ്രമം ശ്രദ്ധയിൽപ്പെട്ട ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല.പിന്നീട് ഇവിടെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷീറ്റ് മേൽക്കൂര നിർമിച്ചു. വിവാദമായതോടെ മതപരമായ പരിപാടികൾ നടത്താനുള്ള സ്ഥലമാണെന്ന പ്രചാരണമാണ് നടക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിൽ സ്വകാര്യ കയ്യേറ്റം അനുവദിക്കാനാവില്ല. കയ്യേറ്റത്തിനെതിരെ പൊതുപ്രവർത്തകൻ കോടതിയെ സമീപിച്ചതിനെത്തുടർന്ന് നിർമാണം പൊളിച്ചുനീക്കാനും ഭൂമി ഒഴിപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടും പൊലിസ്, പൊതുമരാമത്ത് വകുപ്പ് അധികൃതർ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.ഇത്തരത്തിൽ സർക്കാർ ഭൂമി കൈയേറുന്ന ബി.ജെ.പി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നത് വിരോധാഭാസമാണെന്നും സൈഫുള്ള തങ്ങൾ പറഞ്ഞു.പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുടെ ഫണ്ട് കേന്ദ്രസർക്കാർ മാത്രമാണ് നൽകുന്നതെന്ന ബി.ജെ.പിയുടെ പ്രചാരണം വസ്തുതാവിരുദ്ധമാണ്. നാല് ലക്ഷം രൂപയുടെ ഭവനനിർമാണ സഹായത്തിൽ 72,000 രൂപ മാത്രമാണ് കേന്ദ്രവിഹിതം. 48,000 രൂപ സംസ്ഥാന സർക്കാരും 1,12,000 രൂപ ബ്ലോക്ക് പഞ്ചായത്തും നൽകുന്നു. ശേഷിക്കുന്ന തുക ജില്ലാ, ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായാണ് ലഭിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന്റെ 112,000 രൂപയുടെ വിഹിതത്തിലാണ് സാമ്പത്തിക ക്രമക്കേട് നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ബന്ധപ്പെട്ട ജീവനക്കാരനെ പിടികൂടുകയും തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി അദ്ദേഹം സമ്മതിച്ച് എഴുതി നൽകുകയും ചെയ്തു. തുടർന്ന് പൊലിസിൽ പരാതി നൽകി കേസെടുത്ത് എഫ്.ഐ.ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ സംഭവത്തിൽ ചെയ്യേണ്ട എല്ലാ നടപടികളും കൃത്യമായി സ്വീകരിച്ചിട്ടുണ്ട്.ഓഫീസ് ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഭരണസമിതിക്ക് നേരിട്ട് ഇടപെടാനാവില്ല. സർക്കാർ സ്വത്തുക്കൾ കൈയേറുന്ന ബി.ജെ.പി-സംഘപരിവാർ പ്രവർത്തകർ സ്വന്തം മനസ്സാക്ഷിയോടാണ് ആദ്യം ചോദ്യം ചോദിക്കേണ്ടതെന്നും യു.കെ. സൈഫുള്ള തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments