* ജനനത്തിലും മരണത്തിലും ഒന്നിച്ച്;* *ഫുജൈറ അപകടത്തിൽ മരിച്ച ഇരട്ടകളെ ഒരുമിച്ച് ഖബറടക്കും;**മകനും സഹോദരങ്ങളും മരിച്ചത് അറിയാതെ ഫർസാന*
ഫുജൈറ : ഒരേ ദിവസം ജനിച്ചു, ഒരേ വിദ്യാലയങ്ങളിൽ പഠിച്ചു, ഒരേ സ്വപ്നങ്ങൾ പങ്കിട്ടു. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന ഇരട്ട സഹോദരങ്ങൾ മരണത്തിലും വേർപിരിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി ഇരട്ട സഹോദരങ്ങളായ മുഹമ്മദ് അസ്മിൽ സിദ്ദീഖ് (21), മിസ്ന ജുബിൻ സിദ്ദീഖ് (21) എന്നിവരെയും ഇവരുടെ സഹോദര പുത്രൻ മൂന്ന് വയസ്സുകാരൻ മുഹമ്മദ് ഫായിസിനെയും യു.എ.ഇയിൽ ഒരുമിച്ച് ഖബറടക്കും.കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നുപേരും മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നമസ്കാരത്തിനു ശേഷം ഫുജൈറയിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടത്തി ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.*സന്തോഷയാത്ര ദുരന്തത്തിലേക്ക്*കുടുംബത്തോടൊപ്പം ഷാർജയിലേക്ക് പോയി മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബുധനാഴ്ച രാത്രിബന്ധുവിനെ ഷാർജയിൽ ഇറക്കിയ ശേഷം ഫുജൈറയിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. രാത്രി 11 മണിയോടെ ഫുജൈറ കോടതി സമുച്ചയത്തിന് സമീപം ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇരട്ടകളുടെ മാതാവ് ആരിഫ അപകടത്തിന് ദൃക്സാക്ഷിയായി. പരിക്കേറ്റ നിലയിലും മൂത്ത മകൻ അജ്മൽ സിദ്ദീഖിനെ വിളിച്ച് വിവരം അറിയിച്ചത് ആരിഫയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ അസ്മിലും മിസ്നയും കുഞ്ഞ് ഫായിസും കാറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണതായി ബന്ധുക്കൾ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.ആരിഫ, മകൾ ഫർസാന, ഫർസാനയുടെ മറ്റു രണ്ടു മക്കൾ എന്നിവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. ചികിത്സയ്ക്കും തുടർപരിശോധനകൾക്കുമായിആശുപത്രിയിലായിരുന്നു. അപകടത്തിൽ മകൾക്ക് സ്വന്തം കുഞ്ഞിനെയും സഹോദരങ്ങളെയും നഷ്ടപ്പെട്ട വിവരം വ്യാഴാഴ്ച രാത്രി വരെയും ഫർസാനയെ അറിയിച്ചിരുന്നില്ല. പിന്നീട് ആണ് അറിയിച്ചത്.*എല്ലാത്തിലും ഒരുമിച്ച്*കേരളത്തിൽ ജനിച്ചുവളർന്ന ഇരട്ടകൾ പത്താം ക്ലാസ് വരെ നാട്ടിലാണ് പഠിച്ചത്. പിന്നീട് ഫുജൈറയിലെത്തി പ്ലസ് ടു പൂർത്തിയാക്കി. ഓൺലൈനായി ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ബി.സി.എ) ബിരുദപഠനം നടത്തിവരികയായിരുന്നു. പഠനത്തിനൊപ്പം പിതാവിന്റെ ബിസിനസിലും സഹായിച്ചിരുന്നു. നാലു മക്കളിൽ ഏറ്റവും ഇളയവരായിരുന്നു അസ്മിലും മിസ്നയും.ഇരുവരും തമ്മിൽ അത്രമേൽ ആഴത്തിലുള്ള ആത്മബന്ധമായിരുന്നുവെന്ന് ബന്ധുക്കൾ ഓർക്കുന്നു. താൽപര്യങ്ങളിലും സ്വഭാവത്തിലും ഏറെ സാമ്യമുണ്ടായിരുന്നു ഇരുവർക്കും.ഇരട്ടകളുടെ വിയോഗം കുടുംബത്തിന് താങ്ങാനാകാത്ത ആഘാതമാണെന്ന് സഹോദരന്റെ ഭാര്യ മുംതാസ് പറഞ്ഞു.*ഫുജൈറയ്ക്ക് സുപരിചിതമായ കുടുംബം*പിതാവ് സിദ്ദീഖ് പതിറ്റാണ്ടുകളായി യു.എ.ഇയിൽ കഴിയുന്നയാളാണ്. ഫുജൈറയിലെ മലയാളികൾക്കും സ്വദേശികൾക്കുമിടയിൽ ഏറെ പരിചിതമായ മുഖം. 1978ൽ ആരംഭിച്ച ഇവാ കഫറ്റീരിയ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അദ്ദേഹം. പ്രദേശവാസികൾക്കും സ്വദേശികൾക്കുമിടയിൽ ഏറെ ജനപ്രിയമായ സ്ഥാപനമാണിത്. ഫുജൈറയിലെ പിതാവിന്റെ സ്ഥാപനത്തിൽ അസ്മിലും പതിവായി എത്താറുണ്ടായിരുന്നു.മലപ്പുറം ജില്ലയിലെ കുന്നുംപുറത്തെ അൽ ജസീറ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും അസ്മിലിന്റെ വിയോഗത്തിൽ അനുശോചിച്ചു. നാട്ടിൽ കലാ-കായിക പ്രവർത്തനങ്ങളിൽസജീവമായിരുന്ന അസ്മിലിനെ എപ്പോഴും പുഞ്ചിരിയോടെ സംസാരിക്കുകയും സുഹൃത്തുക്കൾക്കൊപ്പം നിലകൊള്ളുകയും ചെയ്ത പ്രിയപ്പെട്ട കൂട്ടുകാരനായാണ് ക്ലബ്ബ് ഓർത്തത്.വെള്ളിയാഴ്ച മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനും തുടർനടപടികൾക്കുമായി സാമൂഹിക പ്രവർത്തകരും മലയാളി കൂട്ടായ്മകളും കുടുംബത്തിന് സഹായവുമായി രംഗത്തുണ്ട്. അപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ മരിച്ച സംഭവത്തിൽ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രാദേശിക അധികൃതരുമായി സഹകരിച്ച് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും അറിയിച്ചു.ഫുജൈറയിലെ ശൈഖ് ഖലീഫ ബിൻ സായിദ് റോഡിൽ നിയന്ത്രണംവിട്ട ട്രക്ക് നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 14 പേരാണ് മരിച്ചത്. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.23 വാഹനങ്ങളാണ് ഈ അപകടത്തിൽ പെട്ടത്. ബുധനാഴ്ച അർധരാത്രിക്ക് തൊട്ടുമുമ്പുണ്ടായ അപകടത്തെ തുടർന്ന്വൻ തീപിടിത്തവുമുണ്ടായതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments