*സർക്കാർ ജീവനക്കാർക്ക് ഉത്തരവാദിത്വമില്ലേ? സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന*
ന്യൂഡൽഹി : സർക്കാർ ജീവനക്കാരുടെ ജോലിയുടെ ഉത്തരവാദിത്വവും കാര്യക്ഷമതയും ചോദ്യം ചെയ്ത് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. സർക്കാർ ജീവനക്കാരെ ഇനി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതാണ് ഉചിതമെന്നും അങ്ങനെ ചെയ്താൽ മാത്രമേ ജോലിയോട് കൂടുതൽ ഉത്തരവാദിത്വം കാണിക്കുകയുള്ളൂവെന്നും ജസ്റ്റിസ് നിരീക്ഷിച്ചു. പഞ്ചാബ് സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത (ഡിഎ) നൽകാത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം.സർക്കാർ ജീവനക്കാർ ഒരു ദിവസം വെറും മൂന്ന് പേജുകൾ മാത്രമാണ് ടൈപ്പ് ചെയ്യുന്നതെന്നും ജുഡീഷ്യൽ വകുപ്പിൽ ജോലി ചെയ്യാൻ പലർക്കും താൽപ്പര്യമില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലോ ജില്ലാ കോടതിയിലോ നിയമനം ലഭിച്ചാൽ പോലും സെക്രട്ടേറിയറ്റിലേക്ക് മാറാനാണ് പലരുടെയും ആഗ്രഹം. അവിടെ ഒരു ദിവസം ചെയ്യേണ്ടി വരുന്നത് മൂന്ന് പേജുകൾ ടൈപ്പ് ചെയ്യുക മാത്രമാണെന്നും കോടതി വിമർശിച്ചു.ജസ്റ്റിസ് ബി.വി. നാഗരത്നയും ജസ്റ്റിസ് ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ചാണ് പഞ്ചാബ് സർക്കാർ ജീവനക്കാർ നൽകിയ കേസ് പരിഗണിച്ചത്. ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങൾ അനുവദിക്കാൻ ആവശ്യമായ സാമ്പത്തികശേഷി സർക്കാരിനില്ലെന്നായിരുന്നു നേരത്തെ ഹൈക്കോടതിയിൽ പഞ്ചാബ് സർക്കാർ സ്വീകരിച്ച നിലപാട്. എന്നാൽ സൗജന്യ പദ്ധതികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി സർക്കാർ പണം ചെലവഴിക്കുന്നുണ്ടെന്ന് ഹൈക്കോടതി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.സുപ്രീംകോടതിയിൽ ജീവനക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകർ ഈ വാദം വീണ്ടും ഉന്നയിച്ചു. പഞ്ചാബ് സർക്കാർ നടപ്പാക്കുന്ന വിവിധ സൗജന്യ പദ്ധതികളും ആനുകൂല്യങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വാദം. ഇതോടെയാണ് സൗജന്യ പദ്ധതികളുടെ ഗുണഭോക്താക്കളും സർക്കാർ ജീവനക്കാരും തമ്മിലുള്ള വ്യത്യാസം ജസ്റ്റിസ് നാഗരത്ന വിശദീകരിച്ചത്.സൗജന്യ പദ്ധതികൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെ സഹായിക്കാനുദ്ദേശിച്ചുള്ളതാണ്. എന്നാൽ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്ന വിഭാഗമാണ് സർക്കാർ ജീവനക്കാരെന്നും ജസ്റ്റിസ് നിരീക്ഷിച്ചു.അതേസമയം, എല്ലാ സർക്കാർ ജീവനക്കാരെയും ഒരേ രീതിയിൽ വിലയിരുത്തരുതെന്ന് ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. ആത്മാർഥമായി കഠിനാധ്വാനം ചെയ്യുന്ന നിരവധി ജീവനക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ സർക്കാർ ജീവനക്കാർ അത്രത്തോളം ആത്മാർഥതയോടെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ രാജ്യത്തെ കേസുകളുടെ എണ്ണം കുറയേണ്ടതല്ലേയെന്നായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ മറുചോദ്യം. സർക്കാർ മാതൃകാപരമായ തൊഴിലുടമയായി പ്രവർത്തിക്കണമെന്നായിരുന്നു കാമത്തിന്റെ മറുപടി.ഇതോടെയാണ് സർക്കാർ ജീവനക്കാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കോടതി കൂടുതൽ വിമർശനമുന്നയിച്ചത്. സർക്കാർ സംവിധാനങ്ങളിൽ എല്ലായിടത്തും ചുവപ്പുനാടയും മറ്റ് നടപടിക്രമങ്ങളുമാണ് കാണുന്നതെന്നും ജീവനക്കാരുടെ ഉത്തരവാദിത്വം എവിടെയാണെന്നും ജസ്റ്റിസ് ചോദിച്ചു. ഇതിനിടെ പഞ്ചാബ് ചീഫ് സെക്രട്ടറിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments