Breaking News

വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം അറിയാത്ത ധനമന്ത്രിയുമാണ് കേരളത്തിൽ- വി മുരളീധരൻ

 

ആറ്റിങ്ങല്‍: ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാന്‍ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. നികുതിദായകരുടെ പണംകൊണ്ട് എ.കെ. ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും വി. മുരളീധരന്‍ ആറ്റിങ്ങലില്‍ പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയപ്പ് നല്‍കാന്‍ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്.

മോദിവിരുദ്ധ സമരത്തിന് കേരള-കര്‍ണാടക വനംമന്ത്രിമാര്‍ ഒരേസമയം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോദിക്കെതിരെ സമരംചെയ്യുന്ന സമയത്ത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാന്‍ എന്ത് നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കര്‍ണാടക ഭരിക്കുന്നവരുടെ നേതാവ് കൂടിയായ വയനാട് എം.പി രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.

ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ.കെ.ശശീന്ദ്രന്‍ ഉന്നയിക്കുന്നത്. മന്ത്രിയുടെ ജോലി മാധ്യമങ്ങളെ കണ്ട് ആന എങ്ങോട്ട് പോകുന്നു എന്ന വിവരം കൊടുക്കല്ലല്ലെന്നും വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്.

No comments