48 വർഷത്തിനിടെ ഇതുപോലൊന്ന് സംഭവിച്ചിട്ടില്ല; കാലാവസ്ഥാ വിദഗ്‌ധരെ അമ്പരപ്പിച്ച് അറബിക്കടലിലെ ചുഴലിക്കാറ്റ്*
കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചനാതീതമായി മാറിയതിന്റെ ദുരന്തമാണ് ലോകം ഇന്ന് നേരിടുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു ഒരു മാസം മുമ്പ് വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത്. ദിവസങ്ങൾ കൊണ്ട് ലഭിക്കേണ്ട മഴ മണിക്കൂറുകൾക്കുള്ളിൽ ലഭിക്കുകയും അത് വലിയൊരു ദുരന്തത്തിന് കാരണമാകുകയും ചെയ്തു.
ഇപ്പോൾ ഒരു ചുഴലിക്കാറ്റിന്റെ ആശങ്കയിലാണ് രാജ്യം. ഗുജറാത്ത് തീരം കടന്നശേഷം അറബിക്കടലിലുണ്ടായ അസാധാരണ ചുഴലിക്കാറ്റ് കാലാവസ്ഥാ വിദഗ്ധരെയടക്കം ആശങ്കയിലാഴ്ത്തി. 1976ന് ശേഷം അറബിക്കടലിൽ ഇതാദ്യമായാണ് കരയിലൂടെ കടന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. ഇതൊരു അപൂർവ പ്രതിഭാസമാണ്. കൂടാതെ മേഖലയിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ രീതികളെ വെല്ലുവിളിക്കുക കൂടിയാണ് ഈ പ്രതിഭാസം.
‘അസ്ന' എന്നാണ് ഈ ചുഴലിക്കാറ്റിന് നൽകിയ പേര്. വടക്കു കിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്ത തീവ്ര ന്യൂനമർദമാണ് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ് അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തുനിന്ന് അകന്നുമാറാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ചുഴലിക്കാറ്റിനെത്തടുർന്ന് ഗുജറാത്തിലുണ്ടായ മഴക്കെടുതിയിൽ 28 പേരാണ് ഇതുവരെ മരിച്ചത്. 24,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. വഡോദരയിൽ മാത്രം 12,000 പേരെ വെള്ളക്കെട്ടിൽനിന്ന് രക്ഷിച്ചു. 11 ജില്ലയിൽ റെഡ് അലർട്ട് തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. അണക്കെട്ടുകളുടെയും നദികളുടെയും സമീപ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
No comments