കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന പ്രതിഷേധാർഹം – പിസിഎഫ് കുവൈറ്റ്
കുവൈറ്റ് : കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പുതിയ കേന്ദ്ര ബജറ്റ് കേരളത്തോട് കേന്ദ്ര സർക്കാർ തുടരുന്ന കടുത്ത വിവേചനവും അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്തുണയുമായി പ്യൂപ്പിൾസ് കൾച്ചറൽ ഫോറം (പിസിഎഫ്) കുവൈറ്റ് രംഗത്തെത്തി. ഇന്ത്യയുടെ ഭൂപടത്തിൽ കേരളവും ഉൾപ്പെടുന്നുവെന്ന വസ്തുത പോലും കേന്ദ്ര ധനമന്ത്രി ബോധപൂർവ്വം വിസ്മരിച്ച നിലപാടാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് പിസിഎഫ് കുവൈറ്റ് കുറ്റപ്പെടുത്തി.
സംസ്ഥാനം ദീർഘകാലമായി ഉന്നയിച്ചു വരുന്ന എയിംസ് സ്ഥാപനം, റെയിൽവേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികൾ, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് തുടങ്ങിയ നിർണായക ആവശ്യങ്ങളെല്ലാം ബജറ്റിൽ പൂർണമായും തഴയപ്പെട്ടിരിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ ഗുരുതര അവഗണനയ്ക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്നും പിസിഎഫ് കുവൈറ്റ് ആവശ്യപ്പെട്ടു.
കേരള നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കുമ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു എയിംസ്. എന്നാൽ ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ എയിംസ് ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച എല്ലാ നിബന്ധനകളും കേരളം പാലിച്ചിട്ടും സംസ്ഥാനത്തിന് ഒന്നും അനുവദിക്കാത്തത് കടുത്ത അനീതിയാണെന്ന് പിസിഎഫ് കുവൈറ്റ് പ്രതികരിച്ചു. എയിംസ് സ്ഥാപിക്കുന്നതിനായി കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ ഭൂമി വിട്ടുനൽകുകയും ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കുകയും ചെയ്തിട്ടും ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ഒരു രീതിയിലും നീതീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.
കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ഈ അവഗണനാപരമായ സമീപനം കേരളത്തിന്റെ വികസനത്തെ മനഃപൂർവ്വം തടയുന്നതിന്റെ ഭാഗമാണെന്നും, ഇതിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നും പിസിഎഫ് കുവൈറ്റ് അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ നടന്ന യോഗത്തിൽ ഹുമയൂൺ അറക്കൽ അധ്യക്ഷത വഹിച്ചു. ഷുക്കൂർ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദ്ദീഖ് പൊന്നാനി, ഫസലുദീൻ പുനലൂർ, സജ്ജാദ് തോന്നയ്ക്കൽ, റഫീഖ് സൽവ, സഫറുല്ലാഹ് കൊല്ലം, നവാസ് പന്തളം എന്നിവര്‍ സംസാരിച്ചു. റഹീം ആരിക്കാടി സ്വാഗതവും സലിം താനാളൂർ നന്ദിയും പറഞ്ഞു.
റഹിം ആരിക്കാടി
കുവൈറ്റ്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments