*കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; രാത്രി പ്രവേശനത്തിന് രജിസ്റ്റര്‍ നിര്‍ബന്ധം*
മലപ്പുറം കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും ലഹരി മാഫിയയുടെയും ലഹരി ഏജന്റുമാരുടെയും സാന്നിദ്ധ്യം സംബന്ധിച്ച പരാതികള്‍ ഉയർന്ന സാഹചര്യത്തില്‍ ഹോസ്റ്റലുകളിലും ക്യാമ്പസ് പ്രവേശനത്തിലും കർശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ സർവകലാശാലയില്‍ ചേർന്ന ഹോസ്റ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരി വിതരണ ശൃംഖലകള്‍ തടയുന്നതിനുമായി പുതിയ നടപടികള്‍ ഉടൻ പ്രാബല്യത്തില്‍ വരും.
തീരുമാനപ്രകാരം, രാത്രി 9.30ന് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകുന്നവരും ഹോസ്റ്റലിലേക്ക് തിരിച്ചെത്തുന്നവരും മൂവ്‌മെന്റ് രജിസ്റ്ററില്‍ പേര് രേഖപ്പെടുത്തി പുറത്തുപോകുന്ന/വരുന്ന കാരണം വ്യക്തമാക്കണം. ലാബ് പ്രവർത്തനങ്ങള്‍ക്കായി രാത്രി തുടരേണ്ടിവരുന്ന വിദ്യാർത്ഥികള്‍ക്ക് വകുപ്പ് തലവന്റെ അനുമതി ഉണ്ടായിരിക്കണം. രാത്രികാലങ്ങളില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തിറങ്ങുന്നവർ ഐഡന്റിറ്റി കാർഡ് സൂക്ഷിക്കണം. ക്യാമ്പസിലേക്ക് മെയിൻ എൻട്രൻസ് ഒഴികെയുള്ള എല്ലാ റോഡുകളും രാത്രി ഏഴിന് അടയ്ക്കാനും യോഗം തീരുമാനിച്ചു.
മെൻസ് ഹോസ്റ്റലിലേക്കുള്ള പ്രധാന പ്രവേശന കവാടം ഒഴികെയുള്ള മറ്റ് വഴികളും അടയ്ക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് ഹൈവേയില്‍ നിന്ന് പുതുതായി നിർമ്മിച്ച റോഡില്‍ താല്‍ക്കാലിക ഗേറ്റ് സ്ഥാപിച്ച് രാത്രി ഏഴിന് അടയ്ക്കാനും തീരുമാനമായി.
ഫിസിക്കല്‍ എഡ്യുക്കേഷൻ ഹോസ്റ്റലിലും രാത്രി പ്രവേശനത്തിനും ലൈബ്രറിയോട് അനുബന്ധിച്ചുള്ള ലേണിംഗ് സ്‌പേസിലെ പ്രവേശനത്തിനും ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തും. ക്യാമ്പസിനുള്ളിലും പുറത്തും ലഹരി ഏജന്റുമാരുടെ നിരന്തര സാന്നിദ്ധ്യമുണ്ടെന്ന പരാതികളും വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി വിതരണം നടക്കുന്നതായുള്ള ആശങ്കകളും ഉയർന്നതിനെ തുടർന്നാണ് ഈ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത്. ഹോസ്റ്റലുകളില്‍ 24 മണിക്കൂറും പ്രവേശിക്കാനും പുറത്തിറങ്ങാനും ഉള്ള സൗകര്യം ലഹരി മാഫിയ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതിയും യോഗത്തില്‍ ചർച്ചയായി.
വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. പി.കെ.കലീമുദ്ദീൻ, ഡോ. പി.പി.പ്രദ്യുമ്നൻ, ഡോ. പി.റഷീദ് അഹമ്മദ്, ടി.ജെ.മാർട്ടിൻ, അദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികളും ഹോസ്റ്റല്‍ വാർഡൻമാരും പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments