Breaking News

*കോടതി പരിസരത്തുനിന്നും ഇനി അറസ്‌റ്റ്‌ ചെയ്യാം: ഹൈക്കോടതി മാർഗ നിർദേശം ഭേദഗതി ചെയ്‌ത് സുപ്രീംകോടതി*

കോടതികളുടെ പരിസരത്തുനിന്ന്‌ ആളുകളെ അറസ്റ്റ് ചെയ്യുന്നതിന്‌ ഹൈക്കോടതി കൊണ്ടുവന്ന മാർഗ നിർദേശത്തിൽ സുപ്രീംകോടതിയുടെ ഭേദഗതി. കോടതി പരിസരത്ത് ഒരു തിരിച്ചറിയാവുന്ന (cognizable offence) കുറ്റകൃത്യം കണ്ടാൽ ഇനി പൊലീസിന്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യാം. ഒരു കുറ്റം ചെയ്ത ഉടൻ തന്നെ പ്രതിയെയോ പ്രതിയെന്ന് സംശയിക്കുന്നയാളെയോ സ്ഥലത്ത് വച്ചു തന്നെ പിടികൂടേണ്ട സാഹചര്യത്തിലും പ്രതിയോ സംശയകരമായി കാണുന്ന ആളോ കോടതി പരിസരത്ത് ഒളിച്ചിരിക്കാനുള്ള സാധ്യത ഉള്ളപ്പോഴും പൊലീസിന്‌ ഇടപെടാം. കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ അപ്പീലിലാണ്‌ സുപ്രീംകോടതിയുടെ ശ്രദ്ധേയമായ വിധി.

പൊലീസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിന് രൂപീകരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന പെർമനന്റ് കമ്മിറ്റിയിൽ ഒരു പൊലീസ്‌ ഓഫീസറെ ഉൾപ്പെടുത്താനും സുപ്രീംകോടതി നിർദേശിച്ചു.പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് പെരുമാറ്റ ചട്ടമുണ്ടാക്കണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക സംഘടന നൽകിയ കത്തിൽ 2025 ഓഗസ്റ്റ് 19നാണ്‌ ഹൈക്കോടതി പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചത്‌. കോടതി പരിസരത്ത് പൊലീസ് അറസ്റ്റ് നടത്താൻ പാടില്ല എന്ന്‌ മാർഗ നിർദേശത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്‌ പൊലീസ് പ്രവർത്തനങ്ങൾക്ക്‌ ബുദ്ധിമുട്ടാകും എന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ കക്ഷി ചേർന്നത്‌.

കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ കോടതി പരിസരത്ത് പൊലീസ് അറസ്റ്റ് ചെയ്യാനുള്ള അധികാരം ചില പ്രത്യേക സാഹചര്യങ്ങളിലേക്കു മാത്രം പരിമിതപ്പെടുത്തുന്നുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത് ക്രമസമാധാന പരിപാലന രംഗത്ത് പൊലീസ് ഉദ്യോഗസ്ഥന്മാർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് മുൻകൂർ അനുമതി ഇല്ലാതെ തന്നെ ഗൗരവതരമായ സാഹചര്യങ്ങളിൽ പൊലീസിന് അറസ്റ്റ് ചെയ്യാം എന്ന ഭേദഗതി സുപ്രീംകോടതി കൊണ്ടുവന്നു.

പൊലീസും അഭിഭാഷകരും തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനാണ്‌ പെർമനന്റ് കമ്മിറ്റി രൂപീകരിക്കുന്നത്‌. അഭിഭാഷക പ്രതിനിധികൾ മാത്രമുള്ള ഈ സമിതിയിൽ നിന്ന് നീതിപൂർവമായ നിലപാടുകൾ ഉണ്ടാകില്ലെന്നും വ്യവസ്ഥാപിതമായ നിയമങ്ങൾ പ്രകാരം എടുത്തിരിക്കുന്ന കേസുകൾ അവയുടെ അന്വേഷണങ്ങൾ എന്നിവയ്ക്ക് ഈ കമ്മിറ്റിയുടെ പ്രവർത്തനംകൊണ്ട് ഒരു തടസ്സവും ഉണ്ടാകാൻ പാടില്ലെന്നും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.‍

ഈ വാദം അംഗീകരിച്ചാണ്‌ പെർമനന്റ് കമ്മിറ്റിയിൽ ഒരു പൊലീസ് ഓഫീസർ കൂടി അധികമായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിൽ പറഞ്ഞത്‌. ഈ കമ്മിറ്റികൾ ക്രമസമാധാന പരിപാലന പ്രവർത്തനങ്ങളിൽ നിയമപരമായി പൊലീസിന് നൽകിയ അധികാരങ്ങളിലോ, അന്വേഷണ നടപടികളിലോ ഇടപെടാൻ പാടില്ലെന്നും ഉത്തരവിലുണ്ട്‌. കേരള പൊലീസ് ഓഫീസർ അസോസിയേഷന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ ബസന്തും അഡ്വ. അമിത് കൃഷ്ണനും ഹാജരായി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments