Breaking News

*വാട്സാപ്പ് ഇനി ഫ്രീ അല്ലേ..? വാട്സാപ്പ് പ്ലസ് വരുന്നു...*

നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ വാട്സാപ്പില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു. ഇതുവരെ എല്ലാവർക്കും സൗജന്യമായിരുന്ന ഈ മെസ്സേജിങ് ആപ്പില്‍, പണം നല്‍കി ഉപയോഗിക്കാവുന്ന ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് മെറ്റ അവതരിപ്പിക്കാൻ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്സാപ്പ് പ്ലസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. സാധാരണ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിക്കൊണ്ട് അവരില്‍ നിന്ന് വരുമാനം കണ്ടെത്താനാണ് മെറ്റ ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ഫ്രീ വാട്സാപ്പ് തുടർന്നും ലഭിക്കുമെങ്കിലും, പ്രീമിയം ഫീച്ചറുകള്‍ ആഗ്രഹിക്കുന്നവർക്ക് ഈ പെയ്ഡ് വേർഷൻ തിരഞ്ഞെടുക്കാം. 

*എന്തൊക്കെയാണ് വാട്സാപ്പ് പ്ലസിലെ പ്രത്യേകതകള്‍..?*

വാട്സാപ്പ് പ്ലസ് സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് ആപ്പിന്റെ രൂപഭാവങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താൻ സാധിക്കും. നിലവില്‍ നമുക്ക് മാറ്റാൻ കഴിയാത്ത വാട്സാപ്പ് ഐക്കണുകള്‍ക്ക് പകരം 14 പുതിയ ഡിസൈനിലുള്ള ഐക്കണുകള്‍ തിരഞ്ഞെടുക്കാം. കൂടാതെ ആപ്പിലെ നിറങ്ങള്‍, തീമുകള്‍ എന്നിവ മാറ്റാനും ഇതിലൂടെ സാധിക്കും.

ചാറ്റുകള്‍ പിൻ (Pin) ചെയ്യുന്ന കാര്യത്തിലും വലിയ മാറ്റമാണ് വരുന്നത്. നിലവില്‍ 3 ചാറ്റുകള്‍ മാത്രം പിൻ ചെയ്യാൻ കഴിയുന്ന സ്ഥാനത്ത്, വാട്സാപ്പ് പ്ലസ് ഉപഭോക്താക്കള്‍ക്ക് പ്രധാനപ്പെട്ട 20 ചാറ്റുകള്‍ വരെ മുൻനിരയില്‍ തന്നെ വെക്കാം. തിരക്കുള്ളവർക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി വാട്സാപ്പ് ഉപയോഗിക്കുന്നവർക്കും ഇത് വലിയ ആശ്വാസമാകും.

*പ്രീമിയം ലുക്കും പുത്തൻ അനുഭവവും*

അലങ്കാരങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും പുറമെ, കൂടുതല്‍ വ്യക്തിഗതമായ അനുഭവമാണ് പെയ്ഡ് വേർഷൻ വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി എക്സ്ക്ലൂസീവ് ആയ സ്റ്റിക്കറുകള്‍, റിംഗ് ടോണുകള്‍, മെസ്സേജ് റിയാക്ഷനുകള്‍ എന്നിവയും ലഭിക്കും. മെറ്റ ഇതിനോടകം തന്നെ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ‘മെറ്റ വെരിഫൈഡ്’ എന്ന പേരില്‍ ഒരു പെയ്ഡ് സേവനം നല്‍കുന്നുണ്ടെങ്കിലും, വാട്സാപ്പ് പ്ലസ് പൂർണ്ണമായും സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. വാട്സാപ്പ് ആദ്യമായി തുടങ്ങിയ കാലത്ത് ഒരു നിശ്ചിത തുക വാങ്ങിയിരുന്ന ചരിത്രമുണ്ട്. എന്നാല്‍ 2014-ല്‍ ഫേസ്ബുക്ക് ഏറ്റെടുത്തതോടെ ഇത് സൗജന്യമാവുകയായിരുന്നു. വർഷങ്ങള്‍ക്കിപ്പുറം പഴയ രീതിയിലേക്ക് വാട്സാപ്പ് ഭാഗികമായി മടങ്ങുന്നത് ടെക് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

*പണം നല്‍കേണ്ടി വരുമോ..?*

വാട്സാപ്പ് പ്ലസ് ഒരു നിർബന്ധിത സേവനമല്ല എന്നതാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്ന കാര്യം. നിങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വേണമെങ്കില്‍ മാത്രം സബ്സ്ക്രിപ്ഷൻ എടുത്താല്‍ മതിയാകും. ഇതിന്റെ കൃത്യമായ നിരക്കുകള്‍ മെറ്റ ഉടൻ തന്നെ പുറത്തുവിടുമെന്നാണ് സൂചന. വാട്സാപ്പ് സെറ്റിങ്സില്‍ ഇതിനായി ഒരു ‘വെയിറ്റ്‌ലിസ്റ്റ്’ വരാൻ സാധ്യതയുണ്ട്. ഈ മാറ്റം വരുന്നതോടെ വാട്സാപ്പില്‍ പരസ്യങ്ങള്‍ ഒഴിവാക്കിക്കൊണ്ട് തന്നെ കമ്പനിക്ക് വലിയ വരുമാനം കണ്ടെത്താൻ സാധിക്കും. വാട്സാപ്പ് പ്ലസ് ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതോടെ നിലവിലെ സൗജന്യ ഫീച്ചറുകളില്‍ മാറ്റം വരുമോ എന്നത് വരും ദിവസങ്ങളില്‍ മാത്രമേ വ്യക്തമാകൂ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments