*മുസ് ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ് ലാം മതം വിലക്കേര്‍പ്പെടുത്തിയിട്ടില്ല: ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്*
ന്യൂഡല്‍ഹി : മുസ് ലിം സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇസ് ലാം മതം വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍, പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണമെന്നോ പുരുഷന്മാരുമായി വേര്‍തിരിക്കുന്ന മറകള്‍ ഒഴിവാക്കണമെന്നോ സ്ത്രീകള്‍ക്ക് ആവശ്യപ്പെടാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധനാ ഹരജികള്‍ പരിഗണിക്കുന്ന ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെയാണ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കുന്ന കാര്യത്തില്‍ മുസ് ലിം വിഭാഗങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ലെന്നും പ്രവാചകന്റെ കാലം മുതല്‍ തന്നെ ഇതിന് അനുമതിയുണ്ടെന്നും ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എം ആര്‍ ഷംഷാദ് പറഞ്ഞു.
എന്നാല്‍, പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ പാരമ്പര്യമായി പിന്തുടരുന്ന ചില അച്ചടക്കങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രധാന വാതിലിലൂടെ തന്നെ പ്രവേശിക്കണം എന്നോ, പള്ളിക്കകത്ത് പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേര്‍തിരിവ് പാടില്ലെന്നോ ഉള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.പുരുഷന്മാര്‍ക്ക് പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നത് നിര്‍ബന്ധമാണെങ്കിലും സ്ത്രീകള്‍ക്ക് അത് നിര്‍ബന്ധമല്ല. വീട്ടിലെ കാര്യങ്ങളും കുട്ടികളെ നോക്കുന്നതും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് ഈ ഇളവ് നല്‍കിയിട്ടുള്ളതെന്ന് ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള നിരീക്ഷിച്ചു. സ്ത്രീകള്‍ വീട്ടില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചാലും പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്ന അതേ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളികള്‍ക്ക് ഗര്‍ഭഗൃഹം എന്ന സങ്കല്‍പ്പം ഇല്ലെന്നും അതിനാല്‍ ഒരു പ്രത്യേക സ്ഥലത്ത് തന്നെ നിന്ന് പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ക്കും വാശിപിടിക്കാനാവില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. വാദം കേള്‍ക്കല്‍ അടുത്താഴ്ചയും തുടരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments