മലപ്പുറത്തിൻ്റെ ജനകീയ ഡോക്ടർ അബ്ദുറഹിമാൻ വിട വാങ്ങി
ഏതാനും മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മയ്യിത്ത് കാവുങ്ങലിലെ വസതിയിലാണുള്ളത്.മയ്യിത്ത് നമസ്കാരം തിങ്കൾ ഉച്ചക്ക് 1.30ന് കുന്നുമ്മൽ ജുമാ മസ്ജിദിൽ നടന്നു . ഖബറടക്കം സ്വദേശമായ പുലാമന്തോളിലാണ്.മലപ്പുറത്തുകാർക്ക് ഒരിക്കലും മറക്കാനാവാത്ത അബ്ദുറഹിമാൻ ഡോക്ടറുടെ മരണം ഈ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ്.
മലപ്പുറത്തെ ജനകീയ ഡോക്ടർ
മലപ്പുറത്തെ അബ്ദുറഹിമാൻ ഡോക്ടറെ പോലൊരു വ്യത്യസ്തനായ ഭിഷഗ്വരനെ നിങ്ങൾ കാണുകയോ കേൾക്കുക ചെയ്തിട്ടുണ്ടാവില്ല !
ജില്ലാ ആസ്ഥാനത്ത് കുന്നുമ്മലിൽ, പെരിന്തൽമണ്ണ റോഡിൽ
ഷാഫി മെഡിക്കൽസിന് സമീപം (ഇന്നത്തെ ആശ്വാസ് മെഡിക്കൽസ്)
പലചരക്ക് - പച്ചക്കറിക്കടകൾക്കിടയിലെ ഇടുങ്ങിയ ഇടവഴിയിലൂടെ അബ്ദുറഹിമാൻ ഡോക്ടറുടെ വസതി(ക്ലിനിക്)യിലേക്ക് കയറിച്ചെല്ലുമ്പോൾ നാം കേട്ടും കണ്ടും പരിചയിച്ച ക്ലിനിക്കോ ഡോക്ടറയോ അല്ല, അവിടെ കാണാൻ കഴിയുക.
ഒരു ക്ലിനിക്കിന്റെ പകിട്ടും പത്രാസും
ഡോക്ടറുടെ ആ വീടിന് തികച്ചും അന്യം. ഡോക്ടർക്കാണെങ്കിൽ അടച്ചിടുന്ന ചികിത്സാ മുറി പോലും ഇല്ല .ഒരു ഇടുങ്ങിയ മുറിയിൽ ആണിനും പെണ്ണിനും വയസ്സനും വയസ്സത്തിക്കും ചെറുപ്പക്കാർക്കും കുട്ടികൾക്കുമിടയിൽ ജനകീയ ഡോക്ടറായി അദ്ദേഹം രോഗികളെ പരിശോധിക്കുന്നു; കുറിപ്പടി എഴുതുന്നു.
രോഗികൾക്ക് മുന്നിൽ ഫീസ് വിവരം മത്തങ്ങ വലുപ്പത്തിൽ എഴുതി വെക്കുന്ന ഡോക്ടർമാർ വാഴുന്ന ഈ കാലത്ത് ആ ശീലവും അബ്ദുറഹിമാൻ ഡോക്ടർക്ക് അന്യം. ഇഷ്ട്ടപ്പെട്ടൊരു സംഖ്യ രോഗി തന്നെ ഡോക്ടറുടെ കീശയിലിടുകയാണ് ഇവിടുത്തെ രീതി.നൽകുന്ന ഫീസ് രോഗിക്ക് മാത്രമേ അറിയു. അതെത്രയെന്ന് നോട്ടം കൊണ്ടു പോലും ഡോക്ടർ വീക്ഷിക്കാറില്ല. ഇനി ഫീസ് നൽകിയില്ലെങ്കിൽ ഡോക്ടർക്ക് പരാതിയോ പരിഭവമോ ഇല്ല. അപ്പോഴും സ്നേഹത്തിനോ പരിലാളനകൾക്കോ യാതൊരു കുറവുമില്ല.
ഏറെ 'കൈപ്പുണ്യ'മുള്ള ഡോക്ടറെന്ന് ഖ്യാതി നേടിയ അബ്ദുറഹിമാൻ
ഡോക്ടറുടെ ചികിത്സാ വൈദഗ്ധ്യം മലപ്പുറത്തും പരിസരങ്ങളിലും പ്രസിദ്ധമാണ്. നാട്ടുകാർക്ക് മാത്രമല്ല, തമിഴർക്കും ബംഗാളികൾക്കും ഏറെ പ്രിയങ്കരനാണ് ഈ ഡോക്ടർ.പരിശോധനക്കെത്തുന്ന രോഗികളുടെ തല തടവി, പുറത്ത് തട്ടി തമാശ പറയുന്നത് ഡോക്ടറുടെ ശീലമാണ്. പരിശോധന വേളയിൽ അദ്ദേഹത്തിന്റെ തമാശ കേട്ട് അവിടെ കൂടിയവരെല്ലാം ചിരി നിറുത്താൻ പാടുപെടാറുണ്ട്.ഒരു ഡോക്ടറുടെ ജാഡയോ പൊങ്ങച്ചമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ മനുഷ്യൻ, കുന്നുമ്മലിലെ അറഫ മെഡിക്കൽസിലെ കോയയുടെ ചുമലിൽ കയ്യിട്ട് സാധാരണക്കാരനെ പോലെ നടന്നു പോകുന്നത് കുന്നുമ്മലിലെ സ്ഥിരം കാഴ്ച്ചയാണ്.
വല്ല അസുഖവും വന്നാൽ അബ്ദുറഹിമാൻ ഡോക്ടറെ കാണണമെങ്കിൽ ഫോൺ വിളിച്ചോ ടോക്കനെടുത്തോ ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ ചികിത്സാ മുറിയിൽ തിങ്ങി കൂടിയവരുടെ ഇടയിൽ ഒരാളാകുക, അത്രയേ വേണ്ടൂ. രോഗംമൂലം അവശതയനുഭവിക്കുന്നവർക്ക് എല്ലാ അർത്ഥത്തിലും താങ്ങും തണലുമായിരുന്ന ഈ മനുഷ്യൻ മലപ്പുറത്തിൻ്റെ പുണ്യമാണന്നതിൽ സംശയമില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments