Breaking News

*ഇന്ത്യയെ നയിക്കുന്നത് വംശീയ ശുദ്ധിവാദ കേന്ദ്രിതമായ മനുവാദ പ്രത്യയശാസ്ത്രം: പ്രൊഫ. പി.കെ.പോക്കര്‍*


തിരുനാവായയില്‍ നടന്നുവരുന്ന കേരളപ്പെരുമ; മൈത്രീ മഹോത്സവത്തിന്റെ ആറാംനാള്‍ (മെയ് 20 ബുധനാഴ്ച) ''ഭരണകൂട പ്രത്യയശാസ്ത്രവും അപരവല്‍ക്കരണവും'', ''കഥയുടെ ലോകം:  സമകാലിക അനുഭവങ്ങള്‍''  എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.

വര്‍ത്തമാന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വേണം കേരളത്തില്‍ അടക്കമുള്ള അപരവല്‍ക്കരണത്തെ സംബന്ധിച്ച ആലോചനകള്‍ ആരംഭിക്കാന്‍ എന്ന് പ്രൊഫ. പി.കെ.പോക്കര്‍ ''ഭരണകൂട പ്രത്യയശാസ്ത്രവും അപരവല്‍ക്കരണവും'' എന്ന വിഷയത്തെ അധികരിച്ചുകൊണ്ടുള്ള സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ഇസ്രയേലും സയണിസവും ആഗോളമായി സൃഷ്ടിക്കുന്ന അപരവല്‍ണത്തിന്റെ പശ്ചാത്തലം കൂടി ഇതിന്റെ ഘടകങ്ങളാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വംശീയ ശുദ്ധിവാദ കേന്ദ്രിതമായ മനുവാദ പ്രത്യയശാസ്ത്രമാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയില്‍ ദ്വിരാഷ്ട്ര വാദം ആദ്യമായി ഉന്നയിക്കുന്നത് സവര്‍ക്കര്‍ ആണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കുകയും മുസ്ലീം രാഷ്ട്രീയ നേതൃത്വത്തിനെതിരായി വര്‍ത്തമാനകാലത്ത് അത് ഉപയോഗിക്കപ്പെടുത്തുന്നതും തന്നെയാണ് അപരവല്‍ക്കരണത്തിന്റെ വര്‍ത്തമാന ദൃഷ്ടാന്തങ്ങള്‍.

ആര്‍എസ്സ്എസ്സ് സൈദ്ധാന്തികനായ പി.പരമേശ്വരന്‍ 'സര്‍ഗ്ഗാത്മക ന്യൂനപക്ഷം' എന്ന് വിശേഷിപ്പിച്ച മനുവാദ ബ്രാഹ്‌മണ്യത്തെ അധികാരത്തിലേറ്റാനുള്ള വഴിയെന്ന നിലയിലാണ് ഇന്ത്യയില്‍ മുസ്ലീം അപരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളില്‍ അപരവല്‍ക്കരണ പ്രക്രിയ വളരെ സൂക്ഷ്മമായി നേരത്തെതന്നെ ആരംഭിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. സാമ്പത്തിക വിദഗ്ദ്ധനായ പ്രൊഫ. കുഞ്ഞാമന് പ്രവേശനമില്ലാത്ത കേരളത്തിലെ പ്ലാനിംഗ് ബോര്‍ഡില്‍ സന്തോഷ് കുളങ്ങരയെപ്പോലുള്ളവര്‍ക്ക് പ്രവേശനം ലഭിക്കുന്നത് സമൂഹത്തില്‍ സൂക്ഷ്മമായി പ്രവര്‍ത്തിക്കുന്ന അപരവല്‍ക്കരണം മൂലമാണെന്ന് പ്രൊഫ. പി.കെ.പോക്കര്‍ ചൂണ്ടിക്കാട്ടി.

ഏതുതരത്തിലുള്ള അപരവല്‍ക്കരണത്തെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന കാര്യത്തില്‍ ബുദ്ധിജീവികള്‍ക്കിടയില്‍ത്തന്നെ വലിയ സന്ദേഹം നിലനില്‍ക്കുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്.

ലോകമെമ്പാടും ഭരണകൂട താല്പര്യവും അപരവൽക്കരണവും പരസ്പര പൂരകമായി  പ്രവർത്തിക്കുന്നുണ്ട് എന്ന് തുടര്‍ന്ന് സംസാരിച്ച പ്രമുഖ എഴുത്തുകാരന്‍ ഐസക് ഈപ്പന്‍ അഭിപ്രായപ്പെട്ടു. നമ്മുടെ മതം ജാതി സംസ്‌കാരം എന്നിവ അപകടത്തിലാകുന്നു എന്നും , അതുകൊണ്ട് നമ്മൾ ഒന്നിക്കണം എന്നും   ഭരണകൂടങ്ങൾ  പറയുകയും, അപരരെ അവർ തന്നെ നിർവചിക്കുകയും ചെയ്യുന്നു . 
നമ്മുടെ രാഷ്ട്രീയം വൈകാരികത കൈയൊഴിഞ്ഞതാണ് ഈ വിധം മനുഷ്യനെ പെട്ടെന്ന് ഇത്തരം ഭീതികളുടെ പേരിൽ ഒന്നിപ്പിക്കാൻ ഭരണകൂടത്തിന് സാധിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി സെഷന്‍ മോഡറേറ്ററായിരുന്നു.

''കഥയുടെ ലോകം:  സമകാലിക അനുഭവങ്ങള്‍'' എന്ന സെമിനാറില്‍ ഡോ.ഖദീജാ മുംതാസ്, എഴുത്തുകാരായ സഫീറാ തങ്ങള്‍, സലിം കുരിക്കളത്ത്, യാസര്‍ അറാഫത്ത് എന്നിവര്‍  സംസാരിച്ചു.

എഴുത്തുകാരന്റെ നീതിബോധത്തില്‍ നിന്നാണ് ശക്തമായ കഥകളുണ്ടാകുന്നത് എന്ന് പ്രശസ്ത കഥാകാരി ഡോ.ഖദീജാ മുംതാസ് അഭിപ്രായപ്പെട്ടു. സത്യം വ്യാജ പരിവേഷങ്ങളോടെ കടന്നുവരുന്ന കാലത്ത് സത്യത്തോട് കൂടുതല്‍ അടുത്ത്‌നില്‍ക്കുന്നത് കഥകളാണ് എന്ന് തോന്നിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്തിന് വേണ്ടി എഴുതുന്നു എന്നതും എന്താണ് എഴുതുന്നത് എന്നതും പ്രധാനമാണ്.

പുതിയ കാലത്ത് എഴുതുമ്പോള്‍ സമുദായം എങ്ങിനെയാണ് എഴുത്തില്‍ ഇടപെടുന്നത്?, ഏകദേശീയത അടിച്ചേല്‍പ്പിക്കുവാനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്ന ഒരു കാലത്ത് ബഹുദേശീയതകളെക്കുറിച്ചുള്ള ചിന്തകള്‍ എഴുത്തുകാരെ സ്വാധീനിക്കാറുണ്ടോ? സമൂഹം ഉണ്ടാക്കിയെടുത്ത പൊതുബോധത്തില്‍ നിന്ന് എഴുത്തുകള്‍ ഉണ്ടാകാറുണ്ടോ?, ഫാസിസത്തിന്റെ കാലത്ത് സ്വയം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ടോ? എന്ന് തുടങ്ങിയ ചോദ്യങ്ങള്‍ വര്‍ത്തമാനകാല എഴുത്തിനെ സംബന്ധിച്ച് ഉയരുന്നുണ്ടെന്ന് ഡോ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടി.

എഴുത്തിനെ കാലത്തിന്റെ അളവ് കോല്‍ വെച്ച് അളക്കാന്‍ സാധ്യമല്ല. ആര് എപ്പോള്‍ എഴുതുന്നു എന്നതിനപ്പുറം അതിന്റെ കാലിക പ്രസക്തിയാണ് പ്രധാനമാകുന്നത്. ഭാഷാരീതികളിലെ മാറ്റങ്ങള്‍ക്കപ്പുറത്ത് കഥകളുടെ പ്രാധാന്യം നഷ്ടമാകുന്നില്ലെന്നും. കാലത്തെ സംബന്ധിച്ച താരതമ്യത്തിന് പ്രസക്തിയില്ലെന്നും കവിയും കഥാകാരിയുമായ സഫീറാ തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവരായിരിക്കുമ്പോഴും കടുത്ത പീഢനാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ ഇപ്പോഴും കേരളത്തിലുണ്ടെന്നും സ്വന്തം വ്യക്തിത്വം കണ്ടെത്തുക എന്നത് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് പ്രധാനമായി മാറുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പുതിയ കാലത്തിന്റെ വേഗതയ്ക്കനുസരിച്ച് എഴുത്തുകാരന് തന്നെത്തന്നെ പുതുക്കേണ്ടതുണ്ടെന്ന് കഥാകാരന്‍ സലിം കുരിക്കളത്തും, സമൂഹത്തില്‍ നിലനില്‍ക്കുന്ന വ്യാജ പൊതുബോധം എഴുത്തുകളുടെ സ്വീകാര്യതകളെ ബാധിക്കുന്നുണ്ടെന്ന് യാസര്‍ അറാഫത്തും അഭിപ്രായപ്പെട്ടു.

സഫിയ തീരുനാവായ, ഗഫൂർ കൊടിഞ്ഞി, ലത്തീഫ് കുറ്റിപ്പുറം എന്നിവര്‍ ചര്‍ച്ചയിൽ പങ്കെടുത്തു.

ഡോ. സ്മിത പി കുമാര്‍ സ്വാഗതവും ഉസ്മാന്‍ അമരിയില്‍ നന്ദിയും  പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments