*നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; തട്ടിപ്പിന് പിന്നിൽ അന്തസ്സംസ്ഥാന സംഘം, ആറുപേർ അറസ്റ്റിൽ*
ന്യൂഡൽഹി : നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തുടർച്ചയായ ക്രമക്കേടുകൾ മെഡിക്കൽ പഠനം സ്വപ്നംകണ്ട ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് ആശങ്കയിലാക്കിയത്. 2024-ലെ നീറ്റ് പരീക്ഷാ ക്രമക്കേടും സുപ്രീംകോടതിയുടെ ഇടപെടലുകളും നിലനിൽക്കേ, പുതിയ സംഭവം വിദ്യാഭ്യാസമന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കി. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ അന്തസ്സംസ്ഥാന സംഘമുണ്ടെന്നാണ് കണ്ടെത്തൽ. രാജസ്ഥാൻ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി.) നടത്തിയ അന്വേഷണത്തിലാണ് ചോദ്യപ്പേപ്പർ ചോർച്ചയുടെ ചുരുളഴിഞ്ഞത്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാണ് പ്രചരിച്ച ചോദ്യപ്പേപ്പർ അച്ചടിച്ചത്. പിന്നീട് രാജസ്ഥാനിലെ സിക്കാറിലേക്കും രാജ്യത്തെ മറ്റിടങ്ങളിലേക്കും ചോദ്യപ്പേപ്പറെത്തി.
പരീക്ഷയ്ക്ക് വരാൻസാധ്യതയുള്ള ചോദ്യങ്ങളെന്നപേരിൽ 410 ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യപ്പേപ്പറാണ് പ്രതികൾ പ്രചരിപ്പിച്ചത്. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാനിലെ ചുരു സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയാണ് പരീക്ഷയ്ക്ക് കുറച്ചുദിവസം മുൻപ് വിവാദ ചോദ്യപ്പേപ്പർ ആദ്യമായി അയച്ചത്.
ഇയാളിൽനിന്ന് ചോദ്യപ്പേപ്പർ ലഭിച്ച സിക്കാറിൽ എം.ബി.ബി.എസ്. അഡ്മിഷൻ കൗൺസലിങ് ഏജൻസി നടത്തുന്ന രാകേഷ് കുമാർ അഞ്ചുലക്ഷം രൂപവരെ ഈടാക്കി വിദ്യാർഥികൾക്ക് വിറ്റു. രാകേഷ് കുമാറിന് വിവിധ സംസ്ഥാനങ്ങളിലുള്ളവരുമായി ബന്ധങ്ങളുണ്ടെന്നാണ് കരുതുന്നത്.
ഏതെങ്കിലും അച്ചടികേന്ദ്രത്തിൽനിന്ന് ചോദ്യപ്പേപ്പർ ചോർന്നുകിട്ടിയതു വെച്ച് പ്രതികൾ സാധ്യതാ ചോദ്യപ്പേപ്പർ തയ്യാറാക്കി പ്രചരിപ്പിച്ചതാകുമെന്നാണ് സംശയം. പരീക്ഷയ്ക്ക് 15 ദിവസം മുൻപേ ഇത് പലരുടെയും കൈകളിലെത്തിയിരുന്നു. ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, കേരളം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പർ എത്തിയതായാണ് വിവരം.
30,000 രൂപമുതൽ ലക്ഷങ്ങൾവരെ പലരും ഇതിനായി ഈടാക്കിയിരുന്നെന്ന് പറയുന്നു. ചോർച്ചയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ പോലീസ് കേരളത്തിലും അന്വേഷണം നടത്തിയിരുന്നു.
No comments