*ലഹരിക്കെതിരെ ‘തൂഫാൻ’ തീർത്ത് കാസർകോട്; മുൻസിപ്പൽ സ്റ്റേഡിയത്തിൽ 2000 വിദ്യാർത്ഥികളുടെ ഹ്യൂമൻ ഫോർമേഷൻ.*
കാസർകോട് : ലഹരിയെന്ന വിപത്തിനെതിരെ യുവതലമുറയിൽ ശക്തമായ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലാ പോലീസും നശാമുക്തി ഭാരത് അഭിയാൻ (NMBA) സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച 'തൂഫാൻ - ഐ ഹേറ്റ് ഡ്രഗ്സ്' കാമ്പയിൻ ശ്രദ്ധേയമായി. കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അണിനിരന്ന ഹ്യൂമൻ ഫോർമേഷൻ (മനുഷ്യരൂപം) കാസർകോടിന് പുതിയൊരു കാഴ്ചാനുഭവമായി മാറി.
മൈതാനത്ത് ‘നശാമുക്ത് ഭാരത് അഭിയാൻ’, ‘തൂഫാൻ ഐ ഹേറ്റ് ഡ്രഗ്സ്’ എന്ന് എഴുതിയ വരികൾക്കിടയിലാണ് കുട്ടികൾ അണിനിരന്നത്. ഇതിന് ഇരുവശങ്ങളിലുമായി ലഹരിക്കെതിരെ പ്രതിരോധം തീർത്ത് കൈയുയർത്തി നിൽക്കുന്ന മനുഷ്യരൂപങ്ങളും വിദ്യാർത്ഥികൾ മൈതാനത്ത് പുനഃസൃഷ്ടിച്ചു. ലഹരിക്കെതിരെയുള്ള വിദ്യാർത്ഥികളുടെ ശക്തമായ നിലപാട് പ്രഖ്യാപിക്കുന്നതായിരുന്നു ഈ ഹ്യൂമൻ ഫോർമേഷൻ.
തുടർന്ന് നടന്ന റിയാലിറ്റി സെഷനിൽ ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും കുട്ടികളോട് സംവദിച്ചു. "നിങ്ങളുടെ കുടുംബത്തെ തകർക്കുന്ന ലഹരി നിങ്ങൾക്ക് വേണോ?" എന്ന ചോദ്യത്തിന് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് "വേണ്ട" എന്ന് രണ്ടായിരത്തോളം കുട്ടികൾ ഒരേ സ്വരത്തിൽ മറുപടി നൽകി. കളക്ടറും ജില്ലാ പോലീസ് മേധാവിയും ചോദിച്ച ഓരോ ചോദ്യങ്ങൾക്കും കുട്ടികളിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.
തുടർന്ന് ജില്ലാ പോലീസ് മേധാവി കൊളുത്തി നൽകിയ ‘തൂഫാൻ ടോർച്ച്’ അത്‌ലറ്റുകൾക്ക് കൈമാറി. സ്റ്റേഡിയം വലംവെച്ച അത്‌ലറ്റുകൾ മൈതാനത്തെ വിവിധ രൂപങ്ങളിലുണ്ടായിരുന്ന കുട്ടികൾക്ക് പ്രതീകാത്മകമായി ടോർച്ച് കൈമാറി. ഒടുവിൽ ജില്ലാ കളക്ടർ ഈ ടോർച്ച് ഏറ്റുവാങ്ങി മൈതാന മധ്യത്തിൽ സ്ഥാപിച്ചു. തുടർന്ന് ഡ്രോൺ ഷൂട്ട് നടക്കുന്ന സമയത്ത് ഒരേ സ്വരത്തിൽ കൈകളുയർത്തി *"ഐ ആം തൂഫാൻ വാരിയർ"* എന്ന് കുട്ടികളും പ്രമുഖ വ്യക്തികളും ചേർന്ന് പ്രഖ്യാപിച്ചത് ചടങ്ങിലെ സസ്പെൻസ് നിറഞ്ഞ നിമിഷമായി.
അതിഥികളുടെ തൂഫാൻ സന്ദേശത്തിന് ശേഷം, ലഹരി ജീവിതത്തിൽ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ നേർചിത്രം വരച്ചുകാട്ടുന്ന വികാരതീവ്രമായ സന്ദേശം കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക തുഷാര നൽകി. നിശബ്ദമായ നിമിഷങ്ങളിൽ കുട്ടികളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ആ വാക്കുകൾ.
യോഗ അഭ്യാസത്തിൽ ഗിന്നസ് ബുക്കിൽ ഇടംനേടിയ അഭിജ്ഞയുടെ യോഗാഭ്യാസ പ്രകടനങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി. ഒക്ടവ് മ്യൂസിക് ക്ലബ്ബ് കാസർകോടും, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കാസർഗോട്ടെ കുട്ടികളും ചേർന്ന് അവതരിപ്പിച്ച ലഹരിവിരുദ്ധ ഗാനവും നൃത്താവിഷ്കാരവും കാണികളിൽ വലിയ സ്വാധീനം ചെലുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ വിദ്യാലയങ്ങൾക്കുമുള്ള ഉപഹാരങ്ങൾ എ.എസ്.പി കൈമാറി. ദേശീയഗാനത്തോടെയാണ് പരിപാടികൾ സമാപിച്ചത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ കാസർകോട് ജില്ല ഇതുവരെ സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും വ്യത്യസ്തവും ജനപങ്കാളിത്തമുള്ളതുമായ ഒരു പരിപാടിയായി ഇത് മാറി.
പ്രമുഖരുടെ സാന്നിധ്യം
രാഷ്‌ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുടെ വലിയൊരു നിര തന്നെ പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കല്ലട്ര മാഹിൻ ഹാജി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, കാസർകോട് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐഎഎസ്, ജില്ലാ പോലീസ് മേധാവി നിധിൻ രാജ് ഐപിഎസ്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സി.എം. ദേവദാസൻ, എ.എസ്.പി അച്യുത് അശോക്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷൈല ടി, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ ആര്യ പി. രാജ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments