Breaking News

*"5 ദിവസത്തിനകം സിലിണ്ടർ എത്തിയില്ലെങ്കിൽ ബുക്കിങ് റദ്ദാകും; ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ നിയന്ത്രണം കടുപ്പിച്ചു; ഏജൻസികളുടെ വിതരണ വൈകൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയാവുന്നു..!"*

ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി പാചകവാതക സിലിണ്ടറുകളുടെ വിതരണത്തിൽ എണ്ണക്കമ്പനികൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതായി സൂചന. പുതിയ പരിഷ്കാരമനുസരിച്ച് ഉപഭോക്താവ് സിലിണ്ടർ ബുക്ക് ചെയ്ത് 5 ദിവസത്തിനകം വിതരണം നടന്നില്ലെങ്കിൽ ബുക്കിങ് സ്വയം റദ്ദാകും.

ബുക്കിങ് റദ്ദായാൽ ഉപഭോക്താവ് വീണ്ടും പുതിയതായി ബുക്ക് ചെയ്യേണ്ടി വരും. നേരത്തെ ഇതിനായി അനുവദിച്ചിരുന്ന സമയം ഒരാഴ്ചയായിരുന്നു.

ഏജൻസികളിലെ ജീവനക്കാരുടെ കുറവോ അസുഖമോ കാരണം ഏതെങ്കിലും പ്രദേശങ്ങളിൽ വിതരണം വൈകിയാൽ, സാധാരണക്കാരായ ഉപഭോക്താക്കൾക്ക് സിലിണ്ടർ യഥാസമയം ലഭിക്കാതെ ബുക്കിങ് റദ്ദാകുന്ന അവസ്ഥയാണിപ്പോഴുള്ളത്. കൂടാതെ, ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യുന്നതിനിടയിലെ നിശ്ചിത ദിവസങ്ങളുടെ ഇടവേള നിയന്ത്രണവും കമ്പനികൾ കർശനമായി തുടരുകയാണ്.

അതേസമയം, ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ എണ്ണക്കമ്പനികൾ പൂർണ്ണമായി നീക്കിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകൾ നിശ്ചിത ശതമാനം മാത്രമേ നൽകാവൂ എന്ന നിബന്ധനയും ഒടിപി കടുംപിടിത്തവും മാറിയതോടെ ആവശ്യക്കാർക്കെല്ലാം സിലിണ്ടറുകൾ ലഭ്യമായിത്തുടങ്ങി.

മുൻപ് കടുത്ത സിലിണ്ടർ ക്ഷാമം കാരണം മലപ്പുറം ജില്ലയിലെ 30 ശതമാനത്തോളം ഹോട്ടലുകൾ പൂട്ടിപ്പോയിരുന്നു. വിതരണം സാധാരണ നിലയിലായതോടെയും വോട്ട് ചെയ്യാൻ നാട്ടിൽ പോയ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയെത്തിയതോടെയും ഈ സ്ഥാപനങ്ങളെല്ലാം വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ കമ്പനികളുടെ സിലിണ്ടറുകൾക്ക് 4000 മുതൽ 6000 രൂപ വരെ ബ്ലാക്ക് മാർക്കറ്റിൽ നൽകേണ്ടി വന്നിരുന്ന അവസ്ഥയ്ക്കും ഇതോടെ മാറ്റമായി. എങ്കിലും, വാണിജ്യ സിലിണ്ടറുകളുടെ ഉയർന്ന വില കുറയാത്തത് ഭക്ഷണ വിതരണ മേഖലയ്ക്ക് ഇപ്പോഴും കനത്ത തിരിച്ചടിയാണ്.

പശ്ചിമേഷ്യൻ സംഘർഷം ആരംഭിക്കുന്നതിന് മുൻപുണ്ടായിരുന്ന നിരക്കിനേക്കാൾ 75 ശതമാനത്തോളം ഉയർന്ന വിലയാണ് നിലവിൽ ഹോട്ടലുടമകൾ സിലിണ്ടറിനായി നൽകേണ്ടി വരുന്നത്. സിലിണ്ടർ ലഭ്യത കൂടിയെങ്കിലും വില കുറയാത്തതിനാൽ ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കാൻ സാധിക്കില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇത് പൊതു ഉപഭോക്താക്കൾക്കും ഭാരമാകുന്നുണ്ട്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വാണിജ്യ സിലിണ്ടറുകളുടെ വില പഴയ നിരക്കിലേക്ക് കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറാകണമെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് ഭാരവാഹികളുടെ പ്രധാന ആവശ്യം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments