മാധ്യമങ്ങളുടെ തൊഴിലാളി ദ്രോഹം: സർക്കാർ നടപടി വേണം-കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം : അന്യായമായ കൂട്ട പിരിച്ചുവിടലും തൊഴിലാളിദ്രോഹ നടപടികളുമായി നിയമങ്ങളെ പോലും വെല്ലുവിളിച്ചു നീങ്ങുന്ന മാധ്യമ മാനേജ്മെന്റുകളെ കർക്കശമായി നേരിടാൻ സർക്കാർ തയാറാവണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമ മേഖലയിലെ അങ്ങേയറ്റം അപലപനീയമായ നീതി നിഷേധങ്ങൾക്കും തൊഴിലാളി ചൂഷണങ്ങൾക്കും നേരെ സർക്കാർ നിസംഗ സമീപനം തുടരുന്നതു അത്യന്തം ഖേദകരമാണ്.
സീ മലയാളം ചാനലിൽ 12 മാധ്യമപ്രവർത്തകരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുകയാണ്. ശമ്പള കുടിശ്ശിക ആറു മാസവും പിന്നിട്ട് ആകെ അരക്ഷിതാവസ്ഥയിലായ മാധ്യമപ്രവർത്തകർ അടക്കം തൊഴിലാളികളെ എങ്ങനെയും പുകച്ചു പുറത്തുചാടിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് വിദേശ എഡിഷനുകളടക്കം മുൻനിരയിൽ നിൽക്കുന്ന ‘മാധ്യമം’ മാനേജ്മെന്റ്.
വിവിധ വിഭാഗങ്ങളിലായി വർഷങ്ങളായി പണിയെടുത്തുവരുന്ന 12 പേരെയാണ് സീ മലയാളം ചാനൽ ഒരു മുന്നറിയിപ്പുമില്ലാതെ ഒറ്റയടിക്കു പിരിച്ചുവിട്ടിരിക്കുന്നത്. ചാനൽ മികച്ച നിലയിൽ മുന്നോട്ടുപോകുന്നതിനിടയിലാണ് ചെലവ് ചുരുക്കൽ എന്ന പേരിലുള്ള കൂട്ട പിരിച്ചുവിടൽ. അന്യായ നടപടി തിരുത്താൻ മാനേജ്മെന്റ് തയാറായില്ലെങ്കിൽ ഭരണകൂടം അതിനു നടപടി സ്വീകരിക്കണം.
തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് നടന്ന മന്ത്രി തല ചർച്ചയിലെ ഉറപ്പുകൾ പോലും ലംഘിച്ചാണു മാധ്യമം മാനേജ്മെന്റ് മുന്നോട്ടുപോകുന്നത്. പ്രശ്ന പരിഹാരത്തിന് തൊഴിൽ മന്ത്രി നിയോഗിച്ച ന്യൂസ്പേപ്പർ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കാൻ മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ തയാറായിട്ടില്ല. ശമ്പള കുടിശ്ശിക വർധിപ്പിച്ചു കൊണ്ടുവരുന്നതിനൊപ്പം ജീവനക്കാരെ പുകച്ചു പുറത്തുചാടിക്കാൻ മാനേജ്മെന്റ് പുതിയ നീക്കം തുടങ്ങിയിരിക്കുന്നു എന്നറിയുന്നതും ആശങ്കാജനകമാണ്. മുഖ്യമന്ത്രിയും തൊഴിൽ മന്ത്രിയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് യൂണിയൻ പ്രസിഡന്‍റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments