Breaking News

*കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഹൈക്കോടതി ജാമ്യം നൽകി*

ന്യൂഡൽഹി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) പ്രാദേശിക നേതാവിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം. പി.എഫ്.ഐയുടെ ഫിസിക്കൽ ട്രെയ്നർ എന്ന് ആരോപിക്കപ്പെടുന്ന വാഹിദൂർ റഹ്‌മാൻ സൈനുൽ ആബിദീനാണ് കോടതി ജാമ്യം നൽകിയത്.

കേസിൽ സൈനുൽ ആബിദീന്റെ പങ്ക് അത്ര പ്രാധാന്യമുള്ളതായി കാണുന്നില്ലെന്ന് ജസ്റ്റിസ് അനൂപ് ജെ. ഭംഭാനി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം മേയിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ED) സമർപ്പിച്ച ഏഴാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് ഇയാളെ ആദ്യമായി പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയത്.

കൂടാതെ, സൈനുൽ ആബിദീനും കുറ്റകൃത്യത്തിൽ പരാമർശിക്കുന്ന പണവും തമ്മിലുള്ള സാമ്പത്തിക ബന്ധം 3.15 ലക്ഷം രൂപ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പി.എം.എൽ.എ (PMLA) നിയമപ്രകാരം കർശനമായ ജാമ്യവ്യവസ്ഥകൾ ബാധകമാകുന്നതിനുള്ള പരിധിയായ 1 കോടി രൂപയേക്കാൾ വളരെ കുറവാണിത്.

കേസിൽ വാദം കേൾക്കൽ പ്രാരംഭഘട്ടത്തിലാണെന്നും വിചാരണ പൂർത്തിയാകാൻ ദീർഘകാലം എടുത്തേക്കാമെന്നും കോടതി വിലയിരുത്തി. അതിനാൽ, അനിശ്ചിതകാലത്തേക്ക് പ്രതിയെ വിചാരണത്തടവുകാരനായി ജയിലിൽ പാർപ്പിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.

‘പ്രതി 2025 മാർച്ച് 20 മുതൽ, അതായത് ഒരു വർഷവും രണ്ട് മാസത്തിലേറെയുമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസ് ഇപ്പോഴും കുറ്റപത്രം ചുമത്തുന്നതുമായി ബന്ധപ്പെട്ട വാദങ്ങളുടെ ഘട്ടത്തിലാണ്. 250 സാക്ഷികളെയും 600-ലധികം രേഖകളും ഹാജരാക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്. അതിനാൽ വിചാരണ പൂർത്തിയാകാൻ വലിയ സമയമെടുക്കും. ഈ സാഹചര്യത്തിൽ പ്രതിയെ അനിശ്ചിതകാലത്തേക്ക് തടവിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾക്ക് നിരക്കുന്നതല്ല,' മെയ് 29-ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments