Breaking News

*അജ്മാനിലെ കുടുസ്സുമുറിയിൽ നിലവിളിച്ച് മലയാളി യുവതി*ഭർത്താവ് ഉപേക്ഷിച്ചു, ട്രെയിൻ അപകടം വേട്ടയാടി; സ്നേഹത്തണലിൽ നാട്ടിലേക്ക്

             
അജ്‌മാൻ : അതിഥിയായെത്തുന്നവർക്ക് സ്വപ്നക്കൂടൊരുക്കുന്ന പ്രവാസ മണ്ണിൽ, വീസാ മാഫിയയുടെ ചതിക്കുഴികളിൽ വീണ് അരയ്ക്ക് താഴെ തളർന്നുപോയ കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദ (40)യുടെ കണ്ണീരൊപ്പാൻ ഒടുവിൽ പ്രവാസലോകം ഒരേ മനസ്സോടെ കൈകോർത്തു. അജ്‌മാനിലെ ഒരു കുടുസ്സുമുറിയിൽ വിധിക്ക് കീഴടങ്ങി കഴിഞ്ഞിരുന്ന ഈ പ്രവാസി സഹോദരിയുടെ ദുരവസ്ഥ‌ കഴിഞ്ഞ റമസാൻ കാലത്ത് ഓൺലൈൻ റിപ്പോർട്ട് ചെയ്തതോടെയാണ് കാരുണ്യത്തിന്റെ ഉറവകൾ തുറക്കപ്പെട്ടത്.

വാർത്തയറിഞ്ഞ് സുമനസ്സുകളും സാമൂഹിക പ്രവർത്തകരും ഇന്ത്യൻ കോൺസുലേറ്റും ഒത്തൊരുമിച്ച് നീങ്ങിയതോടെ വാഹിദയ്ക്ക് ഇനി പള്ളുരുത്തിയിലെ മക്കളുടെ അടുത്തേക്ക് മടങ്ങാം.

കടുത്ത മാനസികാഘാതത്തെ തുടർന്ന് ശരീരം തളർന്ന് ദുരിതത്തിലായ എത്രയും വേഗം വാഹിദയെ നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പൂർത്തിയായി. വീസ കാലാവധി കഴിഞ്ഞ് ഒരു വർഷത്തിലേറെ ആയതിനാൽ വലിയൊരു തുക പിഴയായി ഒടുക്കേണ്ടി വരുമായിരുന്നു. എന്നാൽ ഔട്ട്പാസിലൂടെ മടങ്ങുന്നതുകൊണ്ട് ഇമിഗ്രേഷൻ അധികൃതർ ഈ പിഴ പൂർണമായും ഒഴിവാക്കി നൽകി. കോൺസുലേറ്റ് വാഹിദയ്ക്കും ഇവരെ അനുഗമിക്കുന്ന അബൂക്കറിനുമുള്ള വിമാന ടിക്കറ്റും നൽകും.

സാമൂഹിക പ്രവർത്തകരായ അഡ്വ. പ്രീത ശ്രീറാം മാധവ്, പ്രവീൺകുമാർ, നൗഫൽ, മനോജ് എന്നിവരുടെ സഹായത്തോടെ ഇന്ന് ദുബായ് അവീറിലെ ഇമിഗ്രേഷൻ കേന്ദ്രത്തിൽ എത്തിച്ചാണ് വാഹിദയുടെ വീസ വിജയകരമായി റദ്ദാക്കിയത്. തളർന്ന ശരീരവുമായി വിമാനയാത്ര ചെയ്യാനുള്ള ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ, ഇന്നോ നാളെയോ വീൽചെയർ സൗകര്യത്തോടെ വാഹിദയ്ക്ക് നാട്ടിലേക്ക് തിരിക്കാനാകും.

കൈത്താങ്ങായി ആശുപത്രിയും സുമനസ്സുകളും

രോഗബാധയെ തുടർന്ന് ഭക്ഷണം പോലും കഴിക്കാനാവാതെ ആരോഗ്യം പൂർണമായി ശോഷിച്ച അവസ്ഥയിലായിരുന്ന വാഹിദയെക്കുറിച്ച് സാമൂഹിക പ്രവർത്തകരായ അഡ്വ. ഷാജഹാനും ഹേമയുമാണ് മനോരമ ഓൺലൈനിനെ അറിയിച്ചത്. പിന്നീട്, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഭാരവാഹി രാജേന്ദ്രന്റെ സഹായത്തോടെ അജ്‌മാൻ മെട്രോ ആശുപത്രിയിൽ വാഹിദയ്ക്ക് അടിയന്തര വിദഗ്ധ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. തുടർന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ. ഫരീദിന്റെ ശ്രമത്തിൽ ഇന്നലെയും വാഹിദയെ താമസമെട്രോ ആശുപത്രിയിൽ വാഹിദയ്ക്ക് അടിയന്തര വിദഗ്ധ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കി. തുടർന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ. ഫരീദിന്റെ ശ്രമത്തിൽ ഇന്നലെയും വാഹിദയെ താമസ സ്ഥലത്തെത്തി ഡോക്‌ടർ പരിശോധിച്ചു.

ചതിയുടെ ഇരുൾ പരത്തിയ വീസാ മാഫിയ; പ്രവാസ ലോകത്ത് തളർന്നുവീണു, ഒടുവിൽ...

എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വാഹിദ, ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് മൂന്ന് ആൺമക്കളെ വളർത്താനും കുടുംബം പുലർത്താനുമായി നാട്ടിൽ വീട്ടുജോലി ചെയ്തുവരികയായിരുന്നു.

ഒരിക്കൽ എറണാകുളം കണ്ണങ്ങാട്ട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഗുഡ്‌സ് ട്രെയിനിടിച്ച് തലയ്ക്ക് സാരമായി പരുക്കേറ്റിട്ടും അവർ ജീവിതത്തിലേക്ക് നടന്നു കയറി.

ഒടുവിൽ കടബാധ്യതകൾ ഏറിയപ്പോഴാണ് ഏഴു വർഷം മുൻപ് സന്ദർശക വീസയിൽ അവർ യുഎഇയിലെത്തിയത്.

മറ്റുള്ളവർക്ക് ഭക്ഷണമുണ്ടാക്കിയും വീട്ടുജോലി ചെയ്തും കഠിനാധ്വാനം ചെയ്ത‌്‌ സ്വരൂപിച്ച പണം ഉപയോഗിച്ചാണ്, ഒരു വ്ലോഗറുടെ പരസ്യം കണ്ട് വാഹിദ 7,500 ദിർഹം നൽകി പാർട്ണർ വീസയെടുത്തത്. എന്നാൽ എട്ടു മാസം മുൻപ് വീസ പുതുക്കാൻ ചെന്നപ്പോഴാണ് ആ സ്ഥാപനം അവിടെയില്ലെന്നും താൻ വഞ്ചിക്കപ്പെട്ടുവെന്നും അവർ അറിഞ്ഞത്. പിന്നീട് വീസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് മറ്റൊരു മലയാളിയും 4,000 ദിർഹം തട്ടിയെടുത്തു. ഈ വൻ വഞ്ചനയുടെ ആഘാതത്തിലാണ് വാഹിദയുടെ കൈകാലുകളുടെ ബലം നഷ്ടപ്പെട്ട് ശരീരം തളർന്നുപോയത്. ഇവർ നേരത്തെ താമസിച്ചിരുന്ന കെട്ടിടത്തിലെ കാവൽക്കാരൻ തൃശൂർ സ്വദേശി അബൂബക്കറാണ് വാഹിദയെ തുടർന്ന് സംരക്ഷിച്ചത്.

ഫ്രീലാൻസ്, പാർട്ണർ വീസകളുടെ പേരിൽ മലയാളികളടക്കമുള്ള ഏജന്റുമാർ നടത്തുന്ന തട്ടിപ്പുകളുടെ ഒടുവിലത്തെ ഇരയാണ് വാഹിദ. ചതിച്ചവർ കൈയൊഴിഞ്ഞെങ്കിലും പ്രവാസലോകത്തിന്റെ കനിവിൽ ഈ സഹോദരി വൈകാതെ മക്കളുടെ അരികിലേക്ക് പറക്കും. വാഹിദയെ സഹായിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി സന്നദ്ധ പ്രവർത്തകൻ അബൂബക്കറിനെ ബന്ധപ്പെടാം: 0528993386.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments