ജില്ലയിലെ വ്യാപാരി സമൂഹം സമര പാതയിൽ:കുമ്പളയിൽ 6നും കാഞ്ഞങ്ങാട് 7നും കടകൾ അടച്ചിടും.
കാഞ്ഞങ്ങാട്/ കുമ്പള.വ്യാപാര രംഗത്തെ പ്രശ്നങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ ജില്ലയിലെ വ്യാപാരികൾ സമര രംഗത്തേക്ക്.
കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന ജനങ്ങൾക്കും, വ്യാപാരികൾക്കും ഉണ്ടാകുന്ന അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത നഗരസഭയെ രേഖാമൂലം അറിയിച്ചിട്ടും നടപടി സ്വീകരിക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയാണ് ജൂലൈ 7ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കടകൾ അടച്ചിട്ട് വ്യാപാരികൾ നഗരസഭ ഓഫീസിലേക്ക് മാർച്ചും,ധർണ്ണയും നടത്തുന്നത്.
കാഞ്ഞങ്ങാട് നഗരത്തിലെ അശാ സ്ത്രിയമായ ട്രാഫിക് സംവിധാനം,പെരുകി വരുന്ന വഴിയോരക്കച്ചവടം, അനധികൃത സ്റ്റാളുകൾ, നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയ ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ പ്രക്ഷോഭത്തിന് ഇറങ്ങുന്നത്. കാഞ്ഞങ്ങാട് നഗരസൂത്രണം കുത്തഴിഞ്ഞ അവസ്ഥയിൽ ഈ അടുത്തകാലത്ത് 40 ഓളം വ്യാപാരസ്ഥാപനങ്ങൾ കാഞ്ഞങ്ങാട് മാത്രമായി പൂട്ടേണ്ടി വന്നതായി വ്യാപാരി നേതാക്കൾ പറയുന്നുണ്ട്.
കാഞ്ഞങ്ങാട് ട്രാഫിക് പരിഷ്കരണം കുത്തഴിഞ്ഞ നിലയിലായതിനാൽ തന്നെ സൗകര്യമില്ലാത്തതിന്റെ പേരിൽ കുടുംബസമേതം നഗരത്തിൽ ഷോപ്പിങ്ങിന് എത്തുന്നവരുടെ എണ്ണം ദിവസം കഴിയുന്തോറും കുറഞ്ഞു വരികയാണെന്നും വ്യാപാരികൾ പറയുന്നു. ഇതുമൂലമാണ് നഗരത്തിൽ ആറ് മാസത്തിനിടെ നാൽപതിലേറെ കച്ചവട സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വന്നത്.
12ലധികം ലൈസൻസുകൾ ലഭിച്ചതിനുശേഷമാണ് വലിയ വാടകയും, ഡെപ്പോസിറ്റും തുകയും നൽകി കടകൾ ആരംഭിക്കുന്നത്. എന്നാൽ ഒരു ലൈസൻസും ഇല്ലാതെയാണ് നഗരത്തിൽ തട്ടുകടകളും, സ്റ്റാളുകളും വ്യാപകമായി പ്രവർത്തിക്കുന്നത്. എന്നിട്ടും അധികൃതരുടെ പരിശോധനയും, ദ്രോഹനടപടികളും നിയമപരമായി കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് നേരെയാണ്.ഇത് ഇനിയും അനുവദിച്ചു കൊടുക്കാനാവില്ലെന്ന് വ്യാപാരി നേതാക്കൾ പറയുന്നു.
സമാനമായ പ്രശ്നങ്ങൾ തന്നെയാണ് കുമ്പളയിലെ വ്യാപാരികളും നേരിടുന്നത്.ട്രാഫിക് പരിഷ്കരണത്തിൽ സഹകരിക്കാതെ മുഖം തിരിച്ചു നിൽക്കുകയാണ് കുമ്പളയിലെ സ്വകാര്യ ബസ്സുകൾ.അവർക്ക് തോന്നുന്നിടത്താണ് ബസ് സ്റ്റോപ്പുകൾ. ട്രാഫിക് നിയമം ലംഘിക്കുന്ന ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് ഭരണസമിതി തയ്യാറാവുന്നില്ല.പുതിയ ബസ്റ്റാൻഡും,ഷോപ്പിംഗ് കോംപ്ലക്സും ഒന്നര പതിറ്റാണ്ടുകാലമായി വാഗ്ദാനത്തിൽ ഓതുങ്ങുന്നു,ടൗണിൽ നിർമ്മിച്ച മത്സ്യ മാർക്കറ്റും,വിശ്രമ കേന്ദ്രവും നോക്കുകുത്തിയായി നിൽക്കുന്നു, ടൗണിലെത്തുന്നവർക്ക് ശൗചാലയവും, കുടിവെള്ള സംവിധാനവുമില്ല, ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച "അഴിമതി''യുടെ ബസ് ഷെൾട്ടറുകളിൽ വെള്ളം കയറിയും ചോർന്നും നശിക്കുന്നു.ഈ വിഷയങ്ങളൊക്കെ ഉയർത്തിയാണ് കുമ്പള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും, മർച്ചന്റ് യൂത്ത് വിം ങിന്റെയും നേതൃത്വത്തിൽ നഗരത്തിലെ 500- ഓളം വരുന്ന വ്യാപാരികൾ ജൂലൈ 6ന് രാവിലെ മുതൽ കടകൾ അടച്ചിട്ട് 10 മണിയോടെ പഞ്ചായത്ത് ഓഫീസ് മാർച്ചും, ധർണയും നടത്തുന്നത്.
നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഓട്ടോ സ്റ്റാൻഡുകളും,സ്വകാര്യ വാഹന പാർക്കിംങ്ങും കുമ്പള നഗരത്തിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് വ്യാപാരികൾക്ക് ദുരിതമാവുന്നതായി വ്യാപാരി നേതാക്കൾ പറയുന്നുണ്ട്.ഇത് സൂചനാ സമരം മാത്രമാണെന്നും, തുടർന്ന് ശക്തമായ സമരപരിപാടികൾക്ക് വ്യാപാരികൾ ആലോചിക്കുമെന്നും വ്യാപാരി നേതാക്കൾ പറയുന്നു.
ഫോട്ടോ:കുമ്പള നഗരം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments