*'ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രക്കിടെ ചിക്കൻ കഴിക്കുന്നത് ഒരു കുറ്റമാണോ!'; മുസ്ലീം വിദ്യാർഥികളുടെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ജഡ്‌ജി*
ഉത്തർപ്രദേശിൽ ഗംഗാ നദിയിലൂടെ ബോട്ട് യാത്ര ചെയ്യുന്നതിനിടെ ഇഫ്‌താർ വിരുന്നിന്റെ ഭാഗമായി ചിക്കൻ ബിരിയാണി കഴിച്ചതിന് മുസ്ലീം യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഗംഗാ നദിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ ചിക്കൻ കഴിക്കുന്നത് തടയുന്ന യാതൊരു നിയമവും നിലവിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന ജസ്റ്റിസ് ജി.പി. സിങ് സ്‌മാരക പ്രഭാഷണത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ഒരു കുറ്റകൃത്യവും ചെയ്യാത്ത യുവാക്കൾക്ക് മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരു കുറ്റമല്ലെന്നും, എന്നാൽ ആ പേരിൽ യുവാക്കളെ അറസ്റ്റ് ചെയ്യുകയും മാസങ്ങളോളം തടവിൽ പാർപ്പിക്കുകയും ചെയ്‌തത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസത്തിലാണ് വാരണാസിയിൽ വെച്ച് 14 മുസ്ലീം യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, സാമുദായിക സൗഹാർദ്ദം തകർത്തു, ജലമലിനീകരണ നിയന്ത്രണ നിയമം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. പുണ്യനദിയായ ഗംഗയിലേക്ക് മാംസാവശിഷ്ടങ്ങളും എല്ലുകളും എറിഞ്ഞുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.
രാജ്യത്തെ നിലവിലെ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും ജസ്റ്റിസ് ഭുയാൻ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സമാധാനപരമായി വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്നും ജനാധിപത്യത്തിൻ്റെ ജീവവായുവാണ് സംവാദങ്ങളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ നിർഭാഗ്യവശാൽ സാധാരണ പ്രവർത്തനങ്ങൾ പോലും ഇന്ന് കുറ്റകൃത്യങ്ങളായി ചിത്രീകരിക്കപ്പെടുകയാണ്. പരിസ്ഥിതി നാശത്തിനെതിരെ ശബ്ദമുയർത്തുന്നവരെ കുറ്റവാളികളെപ്പോലെ ഓടിക്കുന്നു. ക്യാമ്പസുകളിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങളോളം ജാമ്യം ലഭിക്കാതെ കഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോടതികൾ ജാമ്യം അനുവദിക്കുമ്പോൾ വെയ്ക്കുന്ന കർശനമായ നിബന്ധനകളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. ജാമ്യം നൽകുമ്പോൾ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്നും വിലക്കുന്നത് പൗരന്മാരുടെ സ്വതന്ത്രമായ വിയോജിപ്പുകളെ തടയുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments