Breaking News

*പശ്ചിമ ബംഗാളില്‍ വ്യാപക അക്രമം അഴിച്ചുവിട്ട് സംഘ പരിവാർ പ്രവർത്തകർ; നിര്‍മാണത്തിലിരുന്ന ക്രൈസ്തവ ദേവാലയം തകര്‍ത്തു; പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദനം*

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ വ്യാപക അക്രമം.

ദക്ഷിണ 24 പർഗാനാസ്, പൂർബ ബർധമാൻ, മുർഷിദാബാദ് തുടങ്ങിയ വിവിധ ജില്ലകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വർധിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ദേവാലയം അടിച്ചുതകർത്തു; കുരിശ് പൊളിച്ചുമാറ്റി
ജൂലൈ അഞ്ചിന് സൗത്ത് 24 പർഗാനാസിലെ സുഭാഷ്ഗ്രാമില്‍ നിർമാണത്തിലിരുന്ന ക്രിസ്ത്യൻ പള്ളി ഒരു സംഘം ആളുകള്‍ അതിക്രമിച്ച്‌ കയറി അടിച്ചുതകർത്തു. 'ജയ് ശ്രീറാം', 'ഹിന്ദു ഹിന്ദു ഭായ് ഭായ്' തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴക്കിയെത്തിയ അക്രമിസംഘം, കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചുമാറ്റുകയും ജനാലകള്‍ തല്ലിത്തകർക്കുകയും ചെയ്തു. കൂടാതെ അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന സംഗീതോപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകളും ഇവർ നശിപ്പിച്ചിട്ടുണ്ട്.

പ്രാർത്ഥനയ്ക്കിടെ പാസ്റ്റർക്കും വിശ്വാസികള്‍ക്കും നേരെ അതിക്രമം
പൂർബ ബർധമാൻ ജില്ലയിലെ ഫരീദ്പൂരിന് സമീപമുള്ള 'ഗ്രേസ് പള്ളി'ക്ക് നേരെയും ഞായറാഴ്ച സമാനമായ രീതിയില്‍ ആക്രമണമുണ്ടായി. രാവിലെ പത്ത് മണിയോടെ ദേവാലയത്തില്‍ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ ഇരച്ചുകയറിയ അക്രമിസംഘം പാസ്റ്ററെയും അവിടെയുണ്ടായിരുന്ന വിശ്വാസികളെയും ക്രൂരമായി മർദിക്കുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍, മുർഷിദാബാദില്‍ പ്രായമായ ബർണാലി ചാറ്റർജി എന്ന വിധവയ്ക്ക് നേരെയും ആക്രമണമുണ്ടായി. പ്രദേശത്ത് ക്ഷേത്രം നിർമിക്കുന്നതിനായി ഇവരുടെ സ്വത്ത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. തുടർന്ന് നാട്ടുകാർ സംഘടിച്ച്‌ ഇടപെട്ടതോടെയാണ് അക്രമികള്‍ സംഭവസ്ഥലത്തുനിന്ന് ഒളിവില്‍ പോയത്.

സർക്കാരിനെതിരെ വ്യാപക പ്രതിഷേധം
2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുകയാണെന്ന് ആക്ഷേപമുണ്ട്. ക്രമസമാധാന നില തകിടം മറിഞ്ഞിട്ടും അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാൻ സുവേന്ദു അധികാരി സർക്കാർ തയ്യാറാകുന്നില്ലെന്നും, ഇത്തരം അക്രമങ്ങള്‍ക്ക് സർക്കാർ പരോക്ഷ പിന്തുണ നല്‍കുകയാണെന്നും പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും ആരോപിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments