Breaking News

*തിരഞ്ഞെടുപ്പുഫലങ്ങൾ സൃഷ്ടിച്ചെടുക്കുന്നു’; കോടതിയുടെ നിശ്ശബ്ദത ‌രാജ്യം തകരുന്നതിന്റെ സൂചന: പ്രതിപക്ഷം*

ന്യൂഡൽഹി : പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്താനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനും മാത്രമല്ല, തിരഞ്ഞെടുപ്പുഫലത്തിൽ വെള്ളം ചേർക്കാനും രാജ്യത്തെ അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് അയച്ച കത്തിൽ പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി. ജനാഭിലാഷമല്ല രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. മറ്റെല്ലാം പരാജയപ്പെടുമ്പോൾ ജനം കോടതിയിൽ വിശ്വാസം അർപ്പിക്കുകയാണ്. പരമാധികാര രാജ്യം തകരുന്നതിന്റെ ലക്ഷണമാണ് കോടതിയുടെ നിശ്ശബ്ദത. ഇ.ഡി, സിബിഐ, എൻഐഎ എന്നീ ഏജൻസികൾ കേന്ദ്ര സർക്കാരിന്റെ കയ്യിലെ ഉപകരണങ്ങളായി മാറി. പ്രതിപക്ഷ പാർട്ടികളെ കൈകാര്യം ചെയ്യാനും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാനുമാണ് ഇത്തരം ഏജൻസികൾ. അന്വേഷണ ഏജൻസികൾ പ്രതിപക്ഷത്തെ മാത്രം നോട്ടമിട്ടു നീങ്ങുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ജൂൺ 28നു ചീഫ് ജസ്റ്റിസിനു നൽകിയ കത്ത് കോൺഗ്രസ് ഇന്നലെ പരസ്യമാക്കി.

2027ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്കു മുൻപ് ശേഷിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന എസ്ഐആർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നതായും കത്തിൽ പറയുന്നു. വോട്ടിങ് യന്ത്രം വഴിയുള്ള തിരഞ്ഞെടുപ്പിലെ ആശങ്ക പങ്കിടുന്ന പ്രതിപക്ഷനേതാക്കൾ, ബാലറ്റ് വഴിയുള്ള വോട്ടിങ് സമ്പ്രദായത്തിലേക്കു മടങ്ങണമെന്ന ആവശ്യവും ഉന്നയിച്ചു.

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ തിരഞ്ഞെടുപ്പു കമ്മിഷണർ നിയമനം സംശയാസ്പദമാണ്. ബിജെപി ബന്ധമുള്ളവരെയും സർക്കാരിനു വേണ്ടി ഇടപെടുന്നവരെയുമാണ് കമ്മിഷനിലേക്കു നിയമിക്കുന്നത്. സുപ്രീം കോടതി വിധികളുടെ ലംഘനവും കമ്മിഷണർമാരുടെ നിയമനത്തിനു സുപ്രീം കോടതി രൂപീകരിച്ച ഘടന മറികടന്നുള്ള നിയമനിർമാണവും കത്തിൽ ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ ബിജെപി സർക്കാരിനു നൽകുന്ന പിന്തുണ, സർക്കാരിന്റെ ഭാഗത്തുണ്ടാകുന്ന പെരുമാറ്റച്ചട്ടലംഘനങ്ങളിലെ നിശ്ശബ്ദത, പെരുമാറ്റ ചട്ടം നിലനിൽക്കെ ബിജെപി നേതാക്കൾ നടത്തിയ വർഗീയ പരാമർശങ്ങളിലെ മൗനം തുടങ്ങിയവയും കത്തിൽ ഉന്നയിക്കുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ബിഹാർ, ബംഗാൾ‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) അനാവശ്യമായിരുന്നു.

ഡൽഹി, ഹരിയാന, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുഫലങ്ങൾ സൃഷ്ടിച്ചെടുത്തതാണ്. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാർ വോട്ടർപട്ടികയുടെ ഭാഗമായതിനാൽ നടത്തുന്ന ശുചീകരണ പ്രവർത്തനം എന്ന വിശദീകരണമാണ് എസ്ഐആറിന്റെ കാര്യത്തിൽ കമ്മിഷൻ നടത്തിയത്. അത്തരം നുഴഞ്ഞുകയറ്റം നടന്നതായി കാണിക്കുന്ന ഡേറ്റയില്ലെന്നും കത്തിൽ പറയുന്നു. ചീഫ് ജസ്റ്റിസ് മുഖേന മുഴുവൻ സുപ്രീം കോടതി ജഡ്‌ജിമാർക്കുമായാണ് കത്ത്.

ബിജെപിയുടെ നിലപാടുകളെ എതിർക്കുന്ന സമാനമനസ്കരായ പാർട്ടിക്കാർ എന്ന ശീർഷകത്തിൽ തയാറാക്കിയ കത്ത് ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ എന്നിവർ സംയുക്തമായാണ് അയച്ചിരിക്കുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാസഖ്യം യോഗത്തിലെ തീരുമാനപ്രകാരമാണ് കത്തെങ്കിലും ഡിഎംകെ, ആംആദ്മി പാർട്ടികളും കത്തിൽ ഒപ്പിട്ടുണ്ട്.

അഖിലേഷ് യാദവ് (എസ്‌പി), മമത ബാനർജി (തൃണമൂൽ), തേജസ്വി യാദവ് (ആർജെഡി), സുപ്രിയ സുളെ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന), ഫാറൂഖ് അബ്ദുല്ല (ജെകെഎൻസി), ഡി.രാജ (സിപിഐ), ജോൺ ബ്രിട്ടാസ് (സിപിഎം), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്‌പി), ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ്), ജി.ദേവരാജൻ (ഫോർവേഡ് ബ്ലോക്ക്), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) തുടങ്ങിയവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments